തിരുവനന്തപുരം: സംസ്ഥാന സർക്കാറുമായി ഏറ്റുമുട്ടൽ പാത തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ നിയമനരീതിയെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ഗവർണർ രംഗത്തുവന്നത്. മന്ത്രിമാർക്ക് ഇരുപതിലധികം പേഴ്സണൽ സ്റ്റാഫുകളുണ്ട്. രണ്ട് വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റുകയാണ്. പെൻഷനും ശമ്പളവും അടക്കം വൻ സാമ്പത്തിക ബാദ്ധ്യതയാണ് സംസ്ഥാനത്തിനുണ്ടാക്കുന്നത്. നടക്കുന്നത് പാർട്ടി റിക്രൂട്ട്‌മെന്റാണ്.സ്റ്റാഫ് നിയമനത്തിന്റെ പേരിൽ പാർട്ടി കേഡർ വളർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.രാജ്ഭവനെ ആരും നിയന്ത്രിക്കേണ്ടെന്നും സർക്കാരിന് അതിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഉത്തരം പറയേണ്ടത് രാഷ്ട്രപതിയോട് മാത്രമാണ്, ജ്യോതിലാലിനെ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കഴിഞ്ഞ ദിവസം ഗവർണറെ വിമർശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുന്മന്ത്രി എ കെ ബാലനെയും അദ്ദേഹം രൂക്ഷമായി തന്നെ വിമർശിച്ചു. ബാലൻ ബാലിശമായി സംസാരിക്കരുതെന്നും പേരിലെ ബാലൻ വളരാൻ അനുവദിക്കുന്നില്ലെന്നും മലയാളവും ചേർത്താണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവർത്തിക്കണമെന്ന് ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും കണ്ടു പഠിക്കണമെന്ന് പറഞ്ഞാണ് വിഡി സതീശനെ വിമർശിച്ചത്.

നേരത്തെ മുഖ്യമന്ത്രിയുടെ പെഴ്സനൽ സ്റ്റാഫിന്റെ ശമ്പള ഇനത്തിൽ ചെലവഴിക്കുന്ന തുകയിൽ ആറു വർഷത്തിനിടെ ഉണ്ടായ വർധന ഇരുന്നൂറു ശതമാനത്തോളം ആണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. 2013-14 മുതൽ 2019-20 വരെയുള്ള കാലയളവിലെ കണക്കാണിത്. പെൻഷനിൽ ഇരട്ടിയോളം വർധന ഉണ്ടായിട്ടുണ്ട്.

2013-14ൽ മുഖ്യമന്ത്രിയുടെ പെഴ്സനൽ സ്റ്റാഫിന്റെ ശമ്പള ഇനത്തിൽ 94.15 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2019-20ൽ ഇത് 2.73 കോടിയായി. മറ്റു മന്ത്രിമാരുടെ സ്റ്റാഫിന്റെ ശമ്പളം ഈ കാലയളവിൽ 26.82 കോടിയിൽനിന്ന് 32.06 കോടിയായാണ് ഉയർന്നത്. വർധന-25.3 ശതമാനം. പെഴ്സനൽ സ്റ്റാഫിലെ രാഷ്ട്രീയ നിയമനത്തെച്ചൊല്ലി ഗവർണറും സർക്കാരും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. രാഷ്ട്രീയ നിയമനങ്ങൾ പുനപ്പരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

പുതിയ സർക്കാർ വരുമ്പോൾ പെഴ്സനൽ സ്റ്റാഫിൽ ഉയർന്ന ശമ്പളത്തിൽ നിയമനങ്ങൾ നടത്തുകയാണ് തുടർന്നുവരുന്ന രീതി. രണ്ടര വർഷം സർവീസ് പൂർത്തിയാക്കിയാൽ ഇവർക്കു പെൻഷന് അർഹതയുണ്ട്. അതുകൊണ്ടുതന്നെ രണ്ടര വർഷത്തിനു ശേഷം പുതിയ ആളുകളെ നിയമിക്കുന്നതും പതിവാണ്. 2019-20ൽ 34.79 കോടിയാണ് പെഴ്സനൽ സ്റ്റാഫിന്റെ ശമ്പളവും യാത്രാ ബത്തയുമായി സർക്കാർ ചെലവാക്കിയത്. പെൻഷൻ ഇനത്തിൽ 7.13 കോടിയും ഗ്രാറ്റുവിറ്റിയായി 1.79 ലക്ഷവും ചെലവാക്കി.