- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുമായുള്ള ആത്മബന്ധവും കൂടിക്കാഴ്ച്ചയും ഫലം കണ്ടു; ലോകായുക്ത ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണ്ണർ; പുതിയ നിയമഭേദഗതി നിലവിൽ വന്നു; ഇനി സർക്കാറിന് കുറ്റാരോപിതരെ കേട്ട് ലോകായുക്തയെ തള്ളുകയോ കൊള്ളുകയോ ചെയ്യാം; നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷവും
തിരുവനന്തപുരം: ലോകായുക്തയിൽ സർക്കാറിനും ആശ്വാസം.ലോകയുക്ത നിയമഭേദഗതിയിൽ ഒപ്പിട്ട് ഗവർണ്ണർ.ഇതോടെ പുതിയ നിയമഭേദഗതി നിലവിൽ വന്നു.ഇനി സർക്കാറിന് കുറ്റാരോപിതനെക്കേട്ട് ലോകായുക്തയെ തള്ളുകയോ കൊള്ളുകയോ ചെയ്യാം.മുഖ്യമന്ത്രി പിണറായി വിജയനും ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാനും തമ്മിലുള്ള കൂടിക്കാഴ്‌ച്ച വീണ്ടും സർക്കാറിന്റെ രക്ഷക്കെത്തുകയാണ് ഇവിടെ.നേരത്തെ സർവ്വകലാശാല വിഷയത്തിലും ഗവർണ്ണർ മയപ്പെട്ടത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിനെത്തുടർന്നാണ്.
പുതിയ നിയമഭേദഗതി പ്രകാരം അഴിമതിക്കേസിൽ ലോകായുക്ത തീർപ്പു പ്രഖ്യാപിച്ചാൽ അതു കൈമാറേണ്ടതു ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്കാണ്. 1999 ലെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പു പ്രകാരം ലോകായുക്തയുടെ പ്രഖ്യാപനം അധികാരികൾ അതേപടി അംഗീകരിച്ച് കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണം. ബന്ധപ്പെട്ട അധികാരി 3 മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കും.
ഓർഡിനൻസ് പ്രാബല്യത്തിലാകുന്നതോടെ ലോകായുക്തയുടെ ഈ അധികാരം ഇല്ലാതാകും. സർക്കാരിനു കുറ്റാരോപിതരുടെ ഹിയറിങ് നടത്തി 3 മാസത്തിനകം ലോകായുക്ത തീരുമാനം തള്ളുകയോ കൊള്ളുകയോ ചെയ്യാം.വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയോ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസിനെയോ ആണ് നിലവിൽ ലോകായുക്തയായി നിയമിക്കേണ്ടത്. ഹൈക്കോടതി മുൻ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥയും ഓർഡിനൻസിലുണ്ട്.
വിദേശയാത്രയ്ക്കു ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു.ഓർഡിനൻസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നൽകേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വിശദീകരിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ ലോകായുക്തയ്ക്ക് ഈ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി. തന്റെ പരിശോധനയിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നു ഗവർണർ മറുപടി നൽകിയെന്നാണ് വിവരം.
ലോകായുക്ത ഓർഡിനൻസുമായി മന്ത്രി പി.രാജീവ് ജനുവരി 24നു നേരിട്ടു രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ ഒപ്പിടാൻ തയാറായിരുന്നില്ല. സർക്കാർ വിശദീകരണം നൽകിയശേഷവും ഗവർണർ വഴങ്ങിയില്ല. അഡീഷനൽ അഡ്വക്കറ്റ് ജനറൽ പദവി വഹിച്ചിരുന്നയാളുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. ഗവർണറെ അതിവേഗം അനുനയിപ്പിക്കാൻ ഇതും സർക്കാരിനെ പ്രേരിപ്പിച്ചു.
ഗവർണറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ഹരി എസ്.കർത്തായെ നിയമിക്കണമെന്നു നിർദ്ദേശിച്ചു രാജ്ഭവനിൽനിന്നെത്തിയ ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതിനൊപ്പം ഈ നിയമനം മുഖ്യമന്ത്രിയും അംഗീകരിക്കാനാണു സാധ്യത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ക്രമക്കേട് നടന്നുവെന്ന കേസിൽ പരാതിക്കാർ ലോകായുക്തയിൽ ഇന്നു രേഖകൾ സമർപിക്കുകയും ചെയ്യും.
നിയമസഭാ സമ്മേളനം സംബന്ധിച്ചു മറ്റന്നാൾ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കാനും സാധിക്കും. സഭ ചേരാൻ നിശ്ചയിച്ചുകഴിഞ്ഞാൽ ഓർഡിനൻസിൽ ഒപ്പിടരുതെന്നാണു ചട്ടം. അതിനാലാണു സഭാ സമ്മേളന തീയതി തീരുമാനിക്കാനും വൈകുന്നത്.
അതേസമയം ഓർഡിനൻസിൽ ഒപ്പിട്ടാൽ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.ഗവർണർ ഓർഡിൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നേരത്ത കത്തു നൽകിയിരുന്നു. ലോകായുക്ത ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകിയാൽ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം
മറുനാടന് മലയാളി ബ്യൂറോ