കൊച്ചി: നിലമ്പൂർ നഞ്ചൻകോട് റയിൽവേപാതയുടെ സർവേയിൽ നിന്നും സർക്കാർ പറഞ്ഞ പണം നൽകാതെ ഇ. ശ്രീധരനെ ഒഴിവാക്കി. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ അഞ്ചു കോടി രൂപ കൊടുക്കാതെ സർവേ നടപടികൾ മുടക്കിയത് സർക്കാരിന്റെ സങ്കുചിത രാഷ്ട്രീയ നയത്തിന്റെ ഭാഗമായി. ബജറ്റിൽ പ്രഖ്യാപിച്ച പണം നൽകാതെയാണ് ഒഴിവാക്കിയത്.

നിലമ്പൂർ നഞ്ചൻകോഡ് പാതയുടെ സർവേക്ക് നേതൃത്വം നൽകാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടി ഏറെ നിർബന്ധിച്ചാണ് ഇ. ശ്രീധരനെ ചുമതലപ്പെടുത്തിയത്. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും ലാഭകരമായ പദ്ധതിയാണ് നിലമ്പൂർ-നഞ്ചൻകോഡ് എന്ന് ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി നടത്തിയ വിശദമായ സർവേയിൽ കണ്ടെത്തിയിരുന്നു. നിലമ്പൂർ- ബത്തേരി-നഞ്ചൻകോട് വരെ 156 കിലോമീറ്റർ ദൂരമാണുള്ളത്. കൽപറ്റ വഴിയാണെങ്കിൽ 20 കിലോമീറ്റർ അധികമുണ്ട്.

കേരള, കർണാടക വനത്തിലെ 20 കിലോമീറ്റർ വരുന്ന വനഭൂമിയിലൂടെ തുരങ്കം നിർമ്മിച്ച് കൊണ്ടു പോകാമെന്നും പ്രാഥമിക ധാരണയുണ്ടായിരുന്നു. ഡി.പി.ആർ തയാറാക്കുന്നതിന് ഡി.എം.ആർ.സി എട്ടു കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ബജറ്റിൽ വകയിരുത്തിയത് അഞ്ചു കോടിയായിരുന്നു. എന്നാൽ ബജറ്റിൽ അനുവദിച്ച തുകയുടെ അഞ്ചു ശതമാനം പോലും സർവേക്ക് നൽകാതെ ഇ. ശ്രീധരനേയും ഡി.എം.ആർ.സിയേയും ഒഴിവാക്കാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം.

സർക്കാരിന് രാഷ്ട്രീയ താൽപര്യമുള്ള മറ്റൊരു പദ്ധതിക്ക് വേണ്ടി നിലമ്പൂർ. നഞ്ചൻകോഡിനെ ഒഴിവാക്കാനാണ് ഇ. ശ്രീധരന് ഫണ്ടനുവദിക്കാതെ സ്വയം ഒഴിഞ്ഞു പോവാനുള്ള സാഹചര്യം ഒരുക്കിയത്. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും ലാഭകരമായ പദ്ധതിയാണ് നിലമ്പൂർ-നഞ്ചൻകോഡ് എന്ന് ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡിഎംആർസി നടത്തിയ വിശദമായ സർവേയിൽ കണ്ടെത്തിയിരുന്നു.

2017 ഡിസംബർ 21നാണ് സർക്കാർ ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്. ഡിസംബർ 30 ന് കൊങ്കൺ റയിൽവെ റിപ്പോർട്ട് നൽകി. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള പ്രദേശങ്ങളിൽ നിന്ന് ബംഗളൂരുവിലേക്ക് ആറ് മണിക്കൂർ ലാഭിക്കാൻ കഴിയുന്നതും കേരളത്തിന് മുഴുവൻ ഗുണം ലഭിക്കുന്നതുമായ നഞ്ചൻകോഡ്-നിലമ്പൂർ റയിൽ പാതയെ ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമത്തിന്റെ ഭാഗമാണ് ഇ ശ്രീധരനെയും ഡിഎംആർസിയെയും ഒഴിവാക്കിയത്.