- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താൽ ആയത് ഒഴിച്ചാൽ രാജ്യത്ത് ഒന്നും സംഭവിച്ചില്ല; പണിമുടക്കിയ സർക്കാർ ജീവനക്കാർക്ക് രണ്ടു ദിവസത്തെ ശമ്പളം പോകും; ഡയസ്നോൺ അവധിയാക്കാൻ നിയമതടസ്സം കൂടി നിലനിൽക്കുന്നതോടെ ശമ്പള ഇനത്തിൽ സർക്കാറിന് ലാഭം 220 കോടി
തിരുവനന്തപുരം: രാജ്യത്തെ ഭൂരിപക്ഷത്തിനും എന്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ പണിമുടക്ക് നടന്നത് എന്നും പോലും അറിയാതെയാണ് കടന്നു പോയത്. ദേശീയ പണിമുടക്ക് എന്നാണ് പേരിട്ടതെങ്കിലും കേരളത്തിൽ മാത്രമൊതുങ്ങുന്ന ഹർത്താലായാണ് ഇത് കടന്നുപോയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര രീതിക്കെതിരെ രോഷം അണപെട്ടി എന്നതൊഴിച്ചാൽ യാതൊരു നേട്ടവും ഈ പണിമുടക്ക് കൊണ്ട് ഉണ്ടായില്ലെന്നതാണ് വാസ്തവം. സിപിഎമ്മിന്റെ ഇഷ്ടക്കാർക്ക് പ്രവർത്തിക്കാൻ അനുവദിച്ചുള്ള ഇരട്ടത്താപ്പും പിടികൂടിയതോടെ സമരം തീർത്തും പൊളിഞ്ഞുവെന്നും പറയേണ്ടി വരും.
സ്വന്തം പോക്കറ്റ് ചോരാതെ സമരം നടത്തിവന്ന ഉദ്യോഗസ്ഥർക്കും ഇക്കുറി പണിമുടക്ക് തിരിച്ചടിയാണ് ഉണ്ടാക്കിയത്. പണിമുടക്കിയ സർക്കാർ ജീവനക്കാർക്ക് രണ്ടുദിവസത്തെ ശമ്പളം നഷ്ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പണിമുടക്ക് ദിവസങ്ങളിൽ ബാധകമാക്കിയ ഡയസ്നോണിനുപകരം അവധി അനുവദിക്കാൻ സർക്കാരിന് നിയമതടസ്സമുള്ളതാണ് കാരണം.
ഡയസ്നോൺ പ്രഖ്യാപിച്ചാൽ ആ ദിവസങ്ങളിലെ ശമ്പളം പിടിക്കണം. എന്നാൽ, പലപ്പോഴും പണിമുടക്കിയ ദിവസങ്ങൾ അവധിയാക്കി മാറ്റാൻ ജീവനക്കാരെ അനുവദിക്കുകയാണ് സർക്കാർ ചെയ്യുന്നത്. എന്നാൽ, ഇങ്ങനെ ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി 2021 ഫെബ്രുവരിയിൽ വിധിച്ചു. ഇതിനെതിരേ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. എന്നാൽ, വിധി സ്റ്റേ ചെയ്തിട്ടില്ല. കേസ് ഇപ്പോഴും സുപ്രീംകോടതിയിലാണ്. ഈ മാസത്തെ ശമ്പളബില്ലുകൾ തയ്യാറായതിനാൽ മെയ് മാസത്തിൽ കിട്ടുന്ന ഏപ്രിലിലെ ശമ്പളത്തിൽനിന്നാവും രണ്ടുദിവസത്തെ ശമ്പളം കുറയ്ക്കുക.
അക്കൗണ്ടന്റ് ജനറലിന്റെ താത്കാലിക കണക്കനുസരിച്ച് മാസം ഏകദേശം 3300 കോടിയാണ് സംസ്ഥാനസർക്കാരിന്റെ ശമ്പളച്ചെലവ്. ദിവസം ശരാശരി 110 കോടിരൂപ. ഇതനുസരിച്ച് രണ്ടുദിവസത്തെ ശമ്പളത്തുക 220 കോടിവരും. ഡയസ് നോൺ പ്രഖ്യാപിച്ചതോടെ നിയമപ്രകാരം അവധിക്ക് അർഹതയുള്ളവർക്കും സമരം ചെയ്യാത്തവർക്കും ശമ്പളം നൽകണം. ബാക്കി തുക സർക്കാരിന് ലഭിക്കും.
പണിമുടക്ക് ദിവസങ്ങളിൽ നിയമപ്രകാരം അവധിക്ക് അർഹമായ കാര്യങ്ങൾ ഇവയാണ്: ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യപരമായ കാരണങ്ങൾ, പരീക്ഷ, പ്രസവകാലം, ഒഴിവാക്കാനാകാത്ത മറ്റുകാരണങ്ങൾ. ഇതുപ്രകാരം അവധി അനുവദിക്കപ്പെടുന്നവർക്കും ജോലിക്കുഹാജരായവർക്കും ശമ്പളം നൽകണം.
ഡയസ് നോൺ പ്രഖ്യാപിച്ചിട്ടും ഇന്നലെയും സർക്കാർ ജീവനക്കാർ കാര്യമായി ജോലിക്ക് എത്തിയിരുന്നില്ല. സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് തിങ്കളാഴ്ച രാത്രിയോടെ സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ചത്. പക്ഷേ, കളക്ടറേറ്റുകളിൽ പോലും ഹാജർ 10 ശതമാനത്തിൽ താഴെയായിരുന്നു. സെക്രട്ടേറിയറ്റിലെ 4824 ജീവനക്കാരിൽ 212പേരാണ് ജോലിക്കെത്തിയത്. ഹാജർനില 5 ശതമാനം. കളക്ടറേറ്റുകളിൽ 12 മുതൽ 19 വരെയാണ് ഹാജർ നില. വില്ലേജ് ഓഫീസുകളും വിവിധ വകുപ്പ് ഓഫീസുകളും തുറന്നില്ല. കെ.എസ്.ആർ.ടി.സി സർവീസുകളും കാര്യമായി നടന്നില്ല.
ബസുകൾക്കുനേരെ സമരാനുകൂലികളുടെ കടുത്ത ആക്രമണവും ഉണ്ടായി. കെ.എസ്.ഇ.ബി.യിൽ ഓഫീസർമാരിൽ 22ശതമാനവും ജീവനക്കാരിൽ 7.5 ശതമാനവുമാണ് ജോലിക്കെത്തിയത്. ആകെ 33,000 ജീവനക്കാരാണുള്ളത്. സംസ്ഥാത്ത് 5.6 ലക്ഷം സർക്കാർ ജീവനക്കാരാണുള്ളത്. അതേസമയം സംസ്ഥാനത്തെ ഹോട്ടൽ റസ്‌റ്റോറന്റ് വ്യവസായത്തിന് സമരം കൊണ്ട് 250 കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
മറുനാടന് മലയാളി ബ്യൂറോ