- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസിഡന്റിന് അനന്തശയനം സമ്മാനിച്ച ഗവർണ്ണർ സർക്കാരുമായി പോരിൽ തന്നെ; ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകൾ പുതുക്കിയിറക്കാൻ ഒപ്പിടാതെ പിണറായിയെ പ്രകോപിപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ; ഇടയാൻ കാരണം സർവ്വകലാശാലയിലെ പറഞ്ഞു പറ്റിക്കൽ; രാജ്ഭവനിൽ സർമ്മദ്ദം തുടർന്ന് സർക്കാർ; വീണ്ടും ഗവർണ്ണർ ഇടയുമ്പോൾ
തിരുവനന്തപുരം: വീണ്ടും സർക്കാരുമായി പോരിന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ . സർവ്വകലാശാലകളിലെ അധികാരങ്ങൾ വെട്ടികുറയ്ക്കാനുള്ള സർക്കാർ നീക്കമാണ് പ്രശ്‌നത്തിന് കാരണം. അധികാരങ്ങളിൽ ഇടപെടില്ലെന്ന ഉറപ്പ് നൽകിയത് മുഖ്യമന്ത്രിയാണ്. അതിന് ശേഷം സർവ്വകലാശാല ചാൻസലർ പദവിയിൽ പ്രവർത്തനം തുടങ്ങിയ തന്നെ വീണ്ടും അപമാനിക്കുകയാണ് സർക്കാരെന്നാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് എടുക്കുന്നത്. ഇതിന്റെ ഭാഗമായി ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകൾ പുതുക്കിയിറക്കാൻ ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിസ്സഹകരണത്തിലാണ്.
രാഷ്ട്രപതിയായും ഉപരാഷ്ട്രപതിയുമായെല്ലാം ഗവർണ്ണർ ഉയർത്തപ്പെടുമെന്ന് സർക്കാർ കരുതിയിരുന്നു. എന്നാൽ അതു സംഭവിച്ചില്ല. ഇതിന് പിന്നാലെയാണ് സർക്കാർ സർവ്വകലാശാലയിലെ അധികാരം കവരാൻ നീക്കം തുടങ്ങിയത്. തിങ്കളാഴ്ച കാലാവധികഴിയുന്ന ഓർഡിനൻസുകൾ പുതുക്കാനായില്ലെങ്കിൽ ഈ നിയമങ്ങൾ അസാധുവാകും. കേസുകളെയടക്കം ബാധിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാകുമെന്നതിനാൽ ഗവർണറുടെ നിലപാട് സർക്കാരിനെ മുൾമുനയിലാക്കി. അംഗീകാരം നേടിയെടുക്കുന്നതിന് ഗവർണറിൽ കടുത്തസമ്മർദം ചെലുത്തിവരുകയാണ് സർക്കാർ. എന്നാൽ, ഗവർണർ വഴങ്ങിയിട്ടില്ല.
വെള്ളിയാഴ്ച ഡൽഹിക്കുപോയ ഗവർണർ 11-നേ മടങ്ങിയെത്തൂ. സംസ്ഥാനസർക്കാർ രാജ്ഭവനുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഓർഡിനൻസുകൾ അംഗീകരിച്ചു നൽകാനോ, തിരിച്ചയക്കാനോ ഗവർണർ പറഞ്ഞിട്ടില്ലെന്നാണ് രാജ്ഭവൻ സർക്കാർപ്രതിനിധികളെ അറിയിച്ചത്. ഡൽഹിയിൽ പ്രസിഡന്റ് ദ്രുപതി മുർമുവിനേയും ഗവർണ്ണർ കണ്ടു. ശ്രീപത്മനാഭ സ്വാമീ ക്ഷേത്രത്തിലെ അനന്തശയന മാതൃകയാണ് രാഷ്ട്രപതിക്ക് സമ്മാനമായി നൽകിയത്.
വി സി. നിയമനത്തിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നുണ്ട്. ഈ നീക്കമാണ് ഗവർണറെ പ്രകോപിപ്പിച്ചത്. കേരള സർവകലാശാലാ വി സി. നിയമനത്തിന് സർക്കാരിനെ മറികടന്ന് ഗവർണർ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. ജനുവരിയിൽ നയപ്രഖ്യാപനപ്രസംഗം അംഗീകരിക്കാതെ തലേന്ന് രാത്രിവരെ സർക്കാരിനെ മുൾമുനയിൽ നിർത്തിയതിന് സമാനമായ സാഹചര്യമാണുണ്ടാവുന്നത്.
അടിയന്തര സാഹചര്യത്തിലാണ് സർക്കാർ നിയമനിർമ്മാണത്തിനായി ഓർഡിനൻസ് ഇറക്കുക. ഇവ പിന്നീട് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലായി അവതരിപ്പിച്ച് പാസാക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ സഭാസമ്മേളനം തുടങ്ങിയതുമുതൽ 42 ദിവസമേ ഇവയ്ക്ക് ആയുസ്സുണ്ടാകൂ. അവ വീണ്ടും നിലനിൽക്കണമെങ്കിൽ ഓർഡിനൻസായിത്തന്നെ പുതുക്കണം. ഇതിന് കഴിഞ്ഞില്ലെങ്കിൽ റദ്ദാക്കപ്പെടും. കഴിഞ്ഞ സഭാസമ്മേളനം പിരിഞ്ഞശേഷം ബില്ലാക്കാത്ത 11 ഓർഡിനൻസുകൾ പുതുക്കാൻ ജൂലായ് 27-ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. ഈ ശുപാർശ 28-ന് രാജ്ഭവനിലെത്തി. ഇതാണ് ഗവർണ്ണർ ഒപ്പു വയ്ക്കാത്തത്.
ലോകായുക്ത ഓർഡിനൻസും ഇതിലുണ്ട്. നേരത്തേയും ഈ ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പു വയ്ക്കുമോ എന്ന സംശയം ഉണ്ടായിരുന്നു. അഴിമതി തെളിഞ്ഞെന്നു കണ്ടെത്തിയാൽ മന്ത്രിയെ അയോഗ്യനാക്കാൻ ലോകായുക്തയ്ക്കുണ്ടായിരുന്ന അധികാരം എടുത്തുകളയുന്നതാണ് ലോകായുക്ത ഓർഡിനൻസിലെ ഭേദഗതി. അന്തരിച്ച ചില എംഎൽഎ.മാരുടെ ബന്ധുക്കൾക്ക് മുൻസർക്കാർ ജോലിയും സാമ്പത്തികസഹായവും നൽകിയത് അഴിമതിയാണെന്ന കേസ് ലോകായുക്തയിൽ വന്നപ്പോഴായിരുന്നു നിയമഭേദഗതി. ഈ കേസിൽ വാദം പൂർത്തിയായെങ്കിലും വിധി ഇതുവരെയും വന്നിട്ടില്ല.
ഒപ്പിടേണ്ട ഓർഡിനൻസുകളും പുതുക്കിയ തവണയും
1. കേരള ലോകായുക്ത ഭേദഗതി, രണ്ട്
2. കേരള പബ്ലിക് സർവീസ് കമ്മിഷൻ ഭേദഗതി, മൂന്ന്
3. കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചുനൽകലും, ഏഴ്
4. കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി, രണ്ട്
5. കേരള മാരിടൈം ബോർഡ് ഭേദഗതി, രണ്ട്
6. തദ്ദേശസ്വയംഭരണ പൊതുസർവീസ്, ഒന്ന്
7. കേരള പൊതുമേഖലാ നിയമന ബോർഡ്, ഒന്ന്
8. കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ്, അഞ്ച്
9. ലൈവ് സ്റ്റോക്ക് ആൻഡ് പൗൾട്രി ഫീഡ് ആൻഡ് മിനറൽ മിക്‌സചർ, അഞ്ച്
10. കേരള ജൂവലറി വർക്കേഴ്സ് വെൽഫെയർ ഫണ്ട്, ആറ്
11. വ്യവസായ ഏകജാലക ബോർഡും വ്യവസായ ടൗൺഷിപ്പ് വികസനവും, രണ്ട്
മറുനാടന് മലയാളി ബ്യൂറോ