- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നംഗ സേർച് കമ്മിറ്റിയുമായി മുന്നോട്ടുപോയാൽ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും ആളുകൾ വിസിമാരാകുമെന്ന് മുഖ്യമന്ത്രി; ചാൻസലർ പദവി വേണ്ടെന്ന് പറഞ്ഞപ്പോൾ അനുനയത്തിനായി പിണറായി മുമ്പോട്ട് വച്ചതെല്ലാം വിഴുങ്ങുന്ന ഭേദഗതി; പറഞ്ഞു പറ്റിച്ചവരെ വെള്ളം കുടിപ്പിക്കാൻ ഗവർണ്ണർ; എല്ലാം വൈകിപ്പിക്കാൻ ഗവർണ്ണർ; ഇനി രാജ് ഭവൻ-സെക്രട്ടറിയേറ്റ് പോര്
തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം അരിയുന്ന വിവാദ ബില്ലിനു മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും അത് നിയമം ആകാൻ സമയം എടുക്കും. സർക്കാരിന് എന്തും തീരുമാനിക്കാമെന്നും നിയമമാകണമെങ്കിൽ താൻ ഒപ്പിടണമെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ തിരിച്ചടിച്ചു. ചാൻസലറായ തന്നെ ഇരുട്ടിൽ നിർത്തുകയാണെന്നും അധികാരം ഉള്ളിടത്തോളം കാലം ചട്ടലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതായത് സർവ്വകലാശാല ബില്ലിൽ ഗവർണ്ണർ ഉടനൊന്നും ഒപ്പടില്ല. ലോകായുക്താ ബില്ലിലും ഗവർണ്ണർ നിയമോപദേശം തേടും. ഫലത്തിൽ മുഖ്യമന്ത്രിയെ എല്ലാ അർത്ഥത്തിലും സർവ്വശക്തമാക്കുന്ന ബില്ലുകൾ നിയമസഭയിലെ ഭൂരിപക്ഷം പാസാക്കിയാലും ആറു മാസം വരെ അത് ഗവർണ്ണർ പിടിച്ചു വയ്ക്കും. അതിന് ശേഷം തിരിച്ചയയ്ക്കുകയും ചെയ്യും. വീണ്ടും എത്തിയാൽ ഗവർണ്ണർ അത് അംഗീകരിക്കും. ഈ സമയത്തിനുള്ളിൽ ദുരിതാശ്വാസന നിധിയിലെ ലോകായുക്താ വിധിയും വരും.
സർവ്വകലാശാലാ നിയമ ഭേദഗതിയിൽ ഗവർണ്ണർ അരിശത്തിലാണ്. ചാൻസലർ പദവി സ്വയം ഒഴിയാൻ ഗവർണ്ണർ സന്നദ്ധനായിരുന്നു. അന്ന് എല്ലാ അധികാരവും ഉണ്ടാകുമെന്നും സർക്കാർ ഇടപെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു ഉറപ്പ് നൽകി. അതിന് ശേഷമാണ് അധികാരം വെട്ടികുറയ്ക്കാനുള്ള നീക്കം. ഇത് അപമാനിക്കലും വാക്കിന് വില കൊടുക്കാത്ത പ്രവർത്തിയാണെന്നും ഗവർണ്ണർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് എതിർപ്പ് കടുപ്പിക്കുന്നത്. കാലടി വിസിയേയും കണ്ണൂർ വിസിയേയും അടക്കം സർക്കാർ നിർദ്ദേശങ്ങൾ ഗവർണ്ണർ അംഗീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെകെ രാഗേഷിന്റെ ഭാര്യയുടെ കണ്ണൂരിലെ നിയമനത്തിലും ഗവർണ്ണർ പ്രശ്‌നങ്ങൾ ഉന്നയിക്കും. ചാനൻസലർ എന്ന പദവി എല്ലാ അർത്ഥത്തിലും വിനിയോഗിക്കാൻ തന്നെയാണ് ്ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം.
വിസി സേർച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം അഞ്ചാക്കി വർധിപ്പിച്ചുള്ള സർവകലാശാലാ നിയമ ഭേദഗതി ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണു സർക്കാരിന്റെ തീരുമാനം. ചാൻസലറുടെയും യുജിസിയുടെയും സർവകലാശാലയുടെയും പ്രതിനിധികൾക്കു പുറമേ സർക്കാരിന്റെ പ്രതിനിധിയെയും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. ഇതോടെ നിയന്ത്രണം സർക്കാരിനാകും. ഗവർണ്ണറുടെ പ്രതിനിധി ഇല്ലാതെയുമാകും. ഇതോടെ വിസിമാർക്ക് ഗവർണ്ണറോട് താൽപ്പര്യം കുറയും. അവർ രാഷ്ട്രീയ നിയമനത്തിന്റെ ബാക്കി പത്രവുമാകും. ഇതാണ് ഓർഡിനൻസിലൂടെ സർക്കാർ ആഗ്രഹിക്കുന്നത്.
ഭൂരിപക്ഷം അംഗങ്ങൾ ശുപാർശ ചെയ്യുന്ന പാനൽ മാത്രമേ ഗവർണറുടെ പരിഗണനയ്ക്ക് വരൂ. ഇതിൽ ഒരാളെ വിസിയായി നിയമിക്കണം. ഇപ്പോൾ സേർച് കമ്മിറ്റിക്ക് ഏകകണ്ഠമായോ അംഗങ്ങൾക്കു പ്രത്യേകമായോ പാനൽ സമർപ്പിക്കാം. ഇതിലൊരാളെ ഗവർണർക്കു നിയമിക്കാം. ഈ അധികാരമാകും ഇല്ലാതാകുക. ബിൽ നിയമസഭ പാസാക്കിയാലും ഗവർണർ അംഗീകരിക്കുമോയെന്നു സംശയമാണ്. വിശദീകരണം തേടിയും കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് അയച്ചും നിയമത്തിന് അംഗീകാരം വൈകിക്കാൻ ഗവർണർക്കു സാധിക്കും.
മൂന്നംഗ സേർച് കമ്മിറ്റിയുമായി മുന്നോട്ടുപോയാൽ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും ആളുകൾ വിസിമാരാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭയിൽ വിശദീകരിച്ചു. ഈ കടന്നുകയറ്റം തടയുകയെന്ന സദുദ്ദേശ്യത്തോടെയാണ് നിയമഭേദഗതിയെന്നും പറഞ്ഞു. കേരള സർവകലാശാലാ വിസി നിയമനത്തിനു ചാൻസലറുടെയും യുജിസിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഗവർണർ സേർച് കമ്മിറ്റി രൂപീകരിച്ചതിനു പിന്നാലെയാണു സർക്കാരിന്റെ പുതിയ നീക്കം. സർവകലാശാല ആദ്യം നിർദ്ദേശിച്ച പ്രതിനിധി പിൻവാങ്ങി; പുതിയ ആളെ നിർദ്ദേശിച്ചിട്ടില്ല.
കണ്ണൂർ സർവകലാശാലയിൽ ക്രമക്കേടിന്റെയും സ്വജനപക്ഷപാതത്തിന്റെയും മര്യാദാലംഘനത്തിന്റെയും പരമ്പരയാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു കഴിഞ്ഞു. പ്രഥമദൃഷ്ട്യാ തന്നെ ഗൗരവ സ്വഭാവമുള്ള നിയമലംഘനങ്ങൾ കണ്ടെത്തി. സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി പ്രിയ വർഗീസിനെ നിയമിച്ചതു സംബന്ധിച്ച ചോദ്യത്തിന് 'ക്ഷമയോടെ കാത്തിരിക്കൂ' എന്നായിരുന്നു മറുപടി. ഇതിൽ എല്ലാം ഉണ്ടെന്നതാണ് വസ്തുത.
മറുനാടന് മലയാളി ബ്യൂറോ