- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്ത ഓർഡിനൻസ്: എല്ലാ നിയമവശങ്ങളും പരിശോധിക്കും; 'പരസ്യപ്രതികരണത്തിനില്ല'; ചോദ്യങ്ങൾക്ക് ഓഫിസ് വഴി രേഖാമൂലം മറുപടി നൽകും; ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടെന്ന നിലപാടിൽ ഗവർണർ
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ എല്ലാ നിയമവശങ്ങളും പരിശോധിക്കും. പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവർണർ വ്യക്തമാക്കിക്കഴിഞ്ഞു. ചോദ്യങ്ങൾക്ക് ഓഫിസ് വഴി രേഖാമൂലം മറുപടി നൽകാനാണ് തീരുമാനം.
ലോകായുക്തയുടെ പല്ലും നഖവും കളയുന്ന ഭേദഗതിയാണ് സർക്കാർ കൊണ്ടു വരുന്നതെന്ന പ്രതിപക്ഷ വിമർശനം ഗൗരവത്തോടെയാണ് കാണുന്നത്. ആവശ്യമെങ്കിൽ വിഷയത്തിൽ നിയമോപദേശം അടക്കം ഗവർണർ തേടിയേക്കും. അതിന് ശേഷമേ ഓർഡിനൻസിൽ ഒപ്പുവെക്കുന്ന കാര്യം ഗവർണർ ആലോചിക്കൂ. അതിനാൽ തന്നെ ഇക്കാര്യത്തിൽ ഗവർണറുടെ തീരുമാനം വൈകിയേക്കും.
ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച ഓർഡിനൻസിൽ ഒപ്പു വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷം ഗവർണറെ കണ്ടിരുന്നു. ഒരു നിയമം വരുമ്പോൾ പ്രസിഡന്റിന്റെ അനുമതിക്കായി പോയിട്ടുണ്ടെങ്കിൽ ഭേദഗതി വരുമ്പോഴും പ്രസിഡന്റിന്റെ അനുമതിക്കായി പോകേണ്ടതുണ്ടെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
ഈമാസം 19ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച കേരളാ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഭേദഗതി വിവാദമായതിന് പുറമേ, ഭേദഗതി വരുത്തുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്ത് നിന്ന് അടക്കം നിരവധി പരാതികൾ ഗവർണർക്ക് ലഭിച്ചിരുന്നു. ഇക്കാര്യമെല്ലാം കണക്കിലെടുത്താണ് വിശദമായ പരിശോധനക്ക് ശേഷം നിലപാട് എടുത്താൽ മതിയെന്ന തീരുമാനത്തിലാണ് ഗവർണർ.
വിഷയത്തിൽ നിയമവശങ്ങളടക്കം ഗവർണർ വിശദമായി പരിശോധിക്കും. ഒരുപക്ഷേ നിയമോപദേശം തേടാനും സാധ്യതയുണ്ട്. ഇന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന ഗവർണർ തലസ്ഥാനത്ത് മടങ്ങി എത്തിയശേഷം അടുത്താഴ്ച മാത്രമേ വിഷയം പരിശോധിക്കാൻ സാധ്യയുള്ളൂ. അതുകൊണ്ട് തന്നെ ഗവർണറുടെ തീരുമാനം വൈകാനാണ് സാധ്യത.
ഓർഡിനൻസിൽ ഒപ്പിടരുതെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കൾ ഗവർണറെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് നേതാക്കളാണ് ഗവർണറെ കണ്ടത്. ലോകായുക്തയെ ദുർബലപ്പെടുത്താനുള്ള ഓർഡിനൻസിലെ നിയമപ്രശ്നങ്ങൾ നേതാക്കൾ ഗവർണറെ ധരിപ്പിച്ചു.
ലോകായുക്ത ബിൽ രാഷ്ട്രപതിയുടെ അനുമതിക്ക് സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഓർഡിനൻസ് രാഷ്ട്രപതിയുടെ അനുമതിക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. ഉന്നയിച്ച നിയമപ്രശ്നങ്ങൾ പരിഗണിക്കാമെന്ന് ഗവർണർ അറിയിച്ചതായി വി.ഡി. സതീശൻ പറഞ്ഞു.
വ്യവസ്ഥകളും ഭേദഗതികളും
1. അഴിമതിക്കേസിൽ ലോകായുക്ത വിധി പറഞ്ഞാൽ അതു കൈമാറേണ്ടതു ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്കാണ്. 1999 ലെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പു പ്രകാരം ലോകായുക്തയുടെ പ്രഖ്യാപനം അധികാരികൾ അതേപടി അംഗീകരിച്ച് കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണം. ബന്ധപ്പെട്ട അധികാരി 3 മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കും. ലോകായുക്തയുടെ ഈ അധികാരമാണ് ഇല്ലാതാകുന്നത്. ഭേദഗതിപ്രകാരം, സർക്കാരിനു പ്രതികളുടെ ഹിയറിങ് നടത്തി 3 മാസത്തിനകം ലോകായുക്ത തീരുമാനം തള്ളുകയോ കൊള്ളുകയോ ചെയ്യാം.
2. വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയോ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസിനെയോ ആണ് നിലവിൽ ലോകായുക്തയായി നിയമിക്കേണ്ടത്. ഹൈക്കോടതി മുൻ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥ ഓർഡിനൻസിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ