- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വർഷം കൈവശം വച്ചാൽ ഏത് വലിയ കാടും നിങ്ങൾക്ക് സ്വന്തമാകും; പുറത്തു വരുന്നത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഏറ്റവും വലിയ തട്ടിപ്പ്; നിയമത്തിലൂടെ കോടികൾ നേടുന്നത് റിസോർട്ട് ഉടമകളും റിയൽ എസ്റ്റേറ്റ് മാഫിയയും വനം കൊള്ളക്കാരും; ഒന്നും മിണ്ടാതെ ഇടതു പക്ഷം
തിരുവനന്തപുരം: മലയോര മേഖലയിൽ സർക്കാർ ഭൂമിയിലെ 2005 ജൂൺ ഒന്ന് വരെയുള്ള കൈയേറ്റങ്ങൾക്ക് സർക്കാർ അംഗീകാരം നൽകാനുള്ള നീക്കം ഫലത്തിൽ എല്ലാ കൈയേറ്റക്കാർക്കും തുണയാകും. നിയമസഭ ഈ ചട്ടം അംഗീകരിക്കുന്നതു വരെയുള്ള എല്ലാ കൈയേറ്റങ്ങൾക്കും നിയമസാധുത നൽകുന്ന തരത്തിലാണ് കള്ളക്കളികൾ പുരോഗമിക്കുന്നതെന്നാണ് സൂചന. അത് റിസോർട്ട് മാഫിയകൾക്കും റിയി
തിരുവനന്തപുരം: മലയോര മേഖലയിൽ സർക്കാർ ഭൂമിയിലെ 2005 ജൂൺ ഒന്ന് വരെയുള്ള കൈയേറ്റങ്ങൾക്ക് സർക്കാർ അംഗീകാരം നൽകാനുള്ള നീക്കം ഫലത്തിൽ എല്ലാ കൈയേറ്റക്കാർക്കും തുണയാകും. നിയമസഭ ഈ ചട്ടം അംഗീകരിക്കുന്നതു വരെയുള്ള എല്ലാ കൈയേറ്റങ്ങൾക്കും നിയമസാധുത നൽകുന്ന തരത്തിലാണ് കള്ളക്കളികൾ പുരോഗമിക്കുന്നതെന്നാണ് സൂചന. അത് റിസോർട്ട് മാഫിയകൾക്കും റിയിൽ എസ്റ്റേറ്റ് മാഫിയയ്ക്കും വലിയ നേട്ടമാകും. ഇവരുടെ കൈയേറ്റങ്ങൾ തന്നെയാകും പ്രധാനമായും നിയമ വിധേയമാവുക. സർക്കാർ പതിച്ചുനൽകുന്ന ഭൂമി 25 വർഷം കഴിഞ്ഞേ കൈമാറാവൂ എന്ന വ്യവസ്ഥയും മാറ്റി. 1964ലെ കേരള ഭൂ പതിവ് നിയമത്തിലും ചട്ടത്തിലുമാണ് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന ഭേദഗതി സർക്കാർ വരുത്തിയിരിക്കുന്നത്. റിസോർട്ട് മുതലാളിമാർ കൈയേറിയ ഭൂമിയ്‌ക്കെല്ലാം പട്ടയം കിട്ടും. മലയോര പ്രദേശങ്ങളിൽ വനം കൈയേറ്റത്തിന് കൂടി നിയമസാധുത ലഭിക്കുന്നതാണ് പുതിയ ഉത്തരവിന്റെ മറ്റൊരു പ്രത്യാഘാതം.
ഇപ്പോൾ പുറത്തിരിക്കുന്ന ചട്ടം നിയമസഭ ചർച്ച ചെയ്യും. ഇനി മാസങ്ങൾ കഴിഞ്ഞു മാത്രമേ സഭ ചേരൂ. അതുകൊണ്ട് വിജ്ഞാപനത്തിലെ തീയതി ജൂൺ 2005 ആണെങ്കിലും നിയമസഭ അംഗീകരാം നൽകുമ്പോൾ അത് അടുത്ത വർഷമാകും. 2005വരെയുള്ള കാലവാധി എന്നത് തെളിയിക്കാൻ പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ല. അതുകൊണ്ട് തന്നെ ഇനി ഭൂമി കൈയേറിയാലും പത്ത് വർഷത്തിന് മുമ്പ് സ്വന്തമാക്കിയാതണെന്ന് മാഫിയാക്കാർ പറഞ്ഞാൽ അതും അംഗീകരിക്കേണ്ടി വരും. ഫലത്തിൽ 2016 വരെയുള്ള കൈയേറ്റങ്ങൾക്ക് അംഗീകാരം ലഭിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. എത്ര പ്രതിഷേധമുണ്ടെങ്കിലും അത് കാര്യമാക്കാതെ മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും റവന്യൂമന്ത്രി അടൂർ പ്രകാശിന്റേയും നീക്കം. ഈ കള്ളക്കളിക്ക് കോൺഗ്രസിലെ എ-ഐ ഗ്രൂപ്പുകൾ ഒരുമിച്ചെന്നതും ശ്രദ്ധേയമാണ്. കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഇക്കാര്യം അറിഞ്ഞതുമില്ല.
കേരള ഭൂ പതിവ് ചട്ടത്തിലെ 8 (1) വ്യവസ്ഥപ്രകാരം പതിച്ച് കിട്ടിയ ഭൂമി 25 വർഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നുണ്ട്. ഈ നിബന്ധന 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി പ്രകാരം ഭൂമി പതിച്ച് നൽകുന്നവർക്ക് മാത്രമായി ചുരുക്കി. മറ്റുള്ളവർക്ക് ബാധകമല്ല. അതായത് പാവപ്പെട്ടവർക്ക് സർക്കാർ നൽകുന്ന ഭൂമി കൈമാറ്റം ചെയ്യരുത്. എന്നാൽ മാഫിയകൾ കയ്യേറുന്നത് ഉടൻ വിൽക്കുകയും ആവാം. ഇതിൽ തന്നെ കള്ളക്കളി വ്യക്തമാണ്. ഇതിനെതിരെ കോൺഗ്രസിലെത്തന്നെ ഒരു വിഭാഗവും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയതോടെ, നടപടി വിവാദമായി. തുടർന്നു കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ റവന്യു മന്ത്രി അടൂർ പ്രകാശിനെ വിളിച്ചു വിശദീകരണം തേടി. ഇന്നു വൈകിട്ട് ഏഴിനു മന്ത്രിയും ഇടുക്കി ഡിസിസി പ്രസിഡന്റുമായി ഈ വിഷയം ചർച്ച ചെയ്യുമെന്നും സുധീരൻ അറിയിച്ചു. അതേസമയം, ഇതു പെട്ടെന്ന് എടുത്ത തീരുമാനം അല്ലെന്നും സർക്കാർ അധികാരത്തിൽ വന്നപ്പോൾ തന്നെ മുൻഗണന നൽകിയ കാര്യമാണെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിശദീകരിച്ചു.
തലമുറകളായി ഭൂമി കൈവശംവച്ച് അനുഭവിക്കുന്നവർക്കു രേഖ നൽകുന്നുവെന്നു മാത്രമേയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഭൂമാഫിയയെയും റിസോർട്ട് മാഫിയയെയും സഹായിക്കാനാണു ചട്ടത്തിൽ സർക്കാർ മാറ്റം വരുത്തിയതെന്നു പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ ആരോപിച്ചു. ഇത് അടിയന്തരമായി റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ അതിനപ്പുറത്തേക്ക് പ്രതിഷേധത്തിന്റെ സ്വരം ശക്തമായില്ല. മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും അംഗീകാരത്തോടെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഭൂമി പതിച്ചുകൊടുക്കൽ ചട്ടങ്ങൾ (1964) ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കുകയായിരുന്നു. കർഷകരിൽ നിന്ന് ഒട്ടേറെ നിവേദനങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണു സർക്കാർ വിശദീകരണം. ഇത് ഇനി മന്ത്രിസഭയുടെ അംഗീകാരത്തിനു സമർപ്പിക്കും. അതിന് മുമ്പ് ഭേദഗതികളിൽ മാറ്റം വരുത്താനാണ് സുധീരന്റെ ശ്രമം.
നിലവിലെ ചട്ടം പ്രകാരം 1971 വരെ റവന്യു ഭൂമിയും 1977 വരെ വനഭൂമിയും കൈവശമുള്ളവർക്കു മാത്രം പട്ടയം എന്നാതായിരുന്നു. പതിച്ചു നൽകുന്നത് പരമാവധി ഒരേക്കർ മാത്രമായിരുന്നു. അപേക്ഷകരുടെ വാർഷിക വരുമാനപരിധി 30,000 രൂപയും. പതിച്ചുനൽകുന്ന ഭൂമി 25 വർഷത്തേക്കു വിൽക്കരുത് എന്നും വ്യവസ്ഥയുണ്ടായിരുന്നു. പുതിയ ഭേദഗതിയിൽ ഇതെല്ലാം മാറുന്നു. 2005 ജൂൺ ഒന്നുവരെ ഭൂമി കൈവശം ഇരിക്കുന്നവർക്കെല്ലാം പട്ടയം കിട്ടും. നാലേക്കർ വരെ പതിച്ചുനൽകും. അപേക്ഷകരുടെ വാർഷിക വരുമാനപരിധി ഒരു ലക്ഷവും മലയോര മേഖലയിൽ മൂന്നു ലക്ഷവുമാക്കി. ഭൂമി വിൽപ്പന സംബന്ധിച്ച നിബന്ധനയിലും ഇളവ് നൽകി. ഇതോടെയാണ് കേരളത്തെ മാഫിയയ്ക്ക് തീറെഴുതാൻ നീക്കമെന്ന ആരോപണവും വിലയിരുത്തലുകളും ശക്തമാക്കുന്നത്.
കേരളത്തിൽ 2005 വരെയുള്ള ഭൂമി കയ്യേറ്റങ്ങൾ സാധുവാക്കിയ ഉമ്മൻ ചാണ്ടി സർക്കാരിന്റെ തീരുമാനം മത, സാമുദായിക ശക്തികളെ പ്രീണിപ്പിക്കാനും സംസ്ഥാനത്തെ ഭൂമാഫിയയ്ക്കു തീറെഴുതാനും മാണെന്നാണ് വിമർശനം. സർക്കാർ ഇത്തരത്തിൽ നൽകുന്ന ഭൂമി 25 വർഷത്തേക്കു കൈമാറാൻ പാടില്ലെന്നു മുൻ വിജ്ഞാപനങ്ങളിൽ വ്യക്തമാക്കിയിരുന്ന വ്യവസ്ഥയും ഇക്കുറി ഒഴിവാക്കിയിട്ടുണ്ട്. അതായത് പട്ടയം കിട്ടിയാൽ ഉടൻ തന്നെ വിൽക്കാനാകും. ഫലത്തിൽ നിയമം ലംഘിച്ചു ഭൂമി കയ്യേറുന്നതു പ്രോൽസാഹിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്. ഇതിനെതിരെ പ്രതിഷേധം തീർക്കാൻ ഇടതുപക്ഷവും ശക്തമായി രംഗത്ത് വരുന്നില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം മുന്നിൽ കണ്ടാണ് ഈ നിശബ്ദതയെന്നാണ് ആരോപണം.
നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് പോലും സമർപ്പിക്കാതെയായിരുന്നു ഈ നിർണായക ഭേദഗതി. വിഷയത്തിന്റെ അടിയന്തരസ്വഭാവം കണക്കിലെടുത്താണ് സബ്ജക്ട് കമ്മിറ്റിക്ക് സമർപ്പിക്കണമെന്ന വ്യവസ്ഥ ഇളവ് ചെയ്തതെന്ന് ഉത്തരവിൽ പറയുന്നു. കൈയേറ്റക്കാർക്ക് മലയോര മേഖലയിൽ പട്ടയം നൽകുന്ന ഭൂമിയുടെ അളവ് ഒരേക്കറിൽ നിന്ന് മൂന്നേക്കറാക്കി. പതിറ്റാണ്ടുകളായി സർക്കാർ ഭൂമി കൈവശം വച്ച് കൃഷി ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടിയിൽ ജലവൈദ്യുത പദ്ധതിക്കായി കെ.എസ്.ഇ.ബിക്ക് നൽകിയ ഭൂമി കൈയേറിയവർക്കും കൃഷി ആവശ്യത്തിനെന്ന പേരിൽ പട്ടയം നൽകും. ഒരു കുടുംബത്തിന് നാലേക്കറാണ് കിട്ടുക. 2013 സെപ്റ്റംബർ 25ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കൈക്കൊണ്ട തീരുമാനമാണിതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ 10 വർഷമായി ഭൂമി സ്വന്തമാക്കി വച്ചിരിക്കുന്നവർക്കാണു പട്ടയം നൽകുക. 2015 ജൂൺ ഒന്നിനു 10 വർഷം പൂർത്തിയാക്കിയവർക്ക് ഇതിന് അർഹതയുണ്ടാകും. അതായത്, 2005 ജൂൺ ഒന്നു വരെ കയ്യേറിയവർക്കു പട്ടയം ലഭിക്കും. മലയോര മേഖലയിലെ റവന്യു ഭൂമി, പുറമ്പോക്ക്, പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി എന്നിവ കയ്യേറിയവർക്കും കൈവശം വച്ചു കൊണ്ടിരിക്കുന്നവർക്കും പുതിയ ഭേദഗതിയോടെ പട്ടയം നൽകാനാകും. പതിച്ചുനൽകുന്ന ഭൂമി 25 വർഷത്തേക്കു വിൽക്കരുതെന്ന വ്യവസ്ഥയിൽ ഇളവു വരുത്തിയതു സർക്കാർ ഭൂമി വൻതോതിൽ സ്വകാര്യ ഉടമസ്ഥതയിലേക്കു മാറുന്നതിന് ഇടയാക്കുമെന്ന് ഇതിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ നിയമാനുസൃതം കൈവശംവച്ച ഭൂമിക്കേ പട്ടയം നൽകൂ എന്നും നിയമലംഘകരെ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി അടൂർ പ്രകാശ് പത്തനംതിട്ടയിൽ പറഞ്ഞു. കർഷകരെ സഹായിക്കാനാണു പ്രധാനമായും ഇങ്ങനെയൊരു തീരുമാനം എടുത്തത്. പട്ടയമേള തുടങ്ങാൻപോകുന്നതിനാലാണു വിവാദം. ഈ വിഷയം മുന്നണിയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.