- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിയിൽ നിന്ന് മലയാളികളെ രക്ഷിക്കാൻ നീക്കി വച്ച പണം മുഖ്യമന്ത്രിയുടെ പബ്ലിസിറ്റിക്കും പാർട്ടി പരിപാടിക്കും; കെഎസ്ആർടിസി ബസിൽ മുഖ്യമന്ത്രിയുടെ ചിത്രം നൽകാൻ 'വിമുക്തി' ചെലവിട്ടത് 3.98 കോടി; എസ്എഫ്ഐ കാസർകോട് ജില്ലാ സമ്മേളന സുവനീറിന് 50,000; പണം ചോരുന്ന വഴികൾ ഇങ്ങനെ
തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനത്തിന് മാറ്റിവെച്ച സർക്കാർ പണം ചെലവാക്കുന്നത് മുഖ്യമന്ത്രിയുടെ പബ്ലിസിറ്റിക്കും പാർട്ടി പരിപാടി നടത്തിപ്പിനും. എസ്.എഫ്.ഐയുടെ കാസർകോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിന് 50,000 രൂപയാണ് വിമുക്തി മിഷനിൽ നിന്ന് അനുവദിച്ചിരിക്കുന്നത്. ഈ തുക അടിയന്തരമായി നൽകണമെന്നും എക്സൈസ് മന്ത്രി ഗോവിന്ദൻ മാസ്റ്റർ ഉത്തരവിട്ടിട്ടുണ്ട്.
നികുതി വകുപ്പിൽ നിന്ന് കഴിഞ്ഞ മാസം 27 ന് ഇത് സംബന്ധിച്ച ഉത്തരവിറങ്ങി. ലഹരിക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ചതാണ് 'വിമുക്തി'. കേരളത്തിൽ നിന്ന് എല്ലാത്തരം ലഹരി വസ്തുക്കളേയും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണിത്. എന്നാൽ ഇതിന് മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ പബ്ലിസിറ്റിക്കും പാർട്ടി പരിപാടികൾ വിജയിപ്പിക്കുന്നതിനുമാണ് ചെലവിടുന്നത്. കെ.എസ്.ആർ.ടി.സി ബസിൽ മുഖ്യമന്ത്രിയുടെ ചിത്രം നൽകാൻ വിമുക്തി ചെലവിട്ടത് 3.98 കോടി രൂപയാണ്.
ആസക്തി രഹിത കേരളമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്ക് വേണ്ടി കോടികൾ ചെലവഴിച്ചിട്ടും സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന്, ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം വർദ്ധിക്കുന്നു എന്നാണ് എക്സൈസ് വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. പരസ്യം നൽകൽ മാത്രമാണോ വിമുക്തിയുടെ ഉദ്ദേശമെന്ന ചോദ്യവും ഉയരുകയാണ്.
കേരളത്തിൽ സർക്കാർ കണക്കുകൾ പ്രകാരം തന്നെ ലഹരി വസ്തുക്കളുടെ ഉപയോഗം അതീവ ഗുരുതരാവസ്ഥയിലാണ്. സ്‌കൂൾ, കോളേജ് പരിസരത്തിൽ ലഹരി പദാർത്ഥങ്ങൾ വില്പന നടത്തിയതിന് 2021 ൽ മാത്രം 74604 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2022 ഫെബ്രുവരി മാസത്തിൽ മാത്രം 7984 കേസുകളിലായി 2003 കിലോഗ്രാം നിരോധിത ലഹരി വസ്തുക്കളാണ് പിടികൂടിയത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 29 ബാറുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്.
സംസ്ഥാനത്ത് ഇപ്പോൾ 664 ബാറുകളാണ് പ്രവർത്തിക്കുന്നത്. ബാറുകളേക്കാൾ ഉപരി ലഹരി മരുന്ന് വസ്തുക്കൾ സുലഭമായി ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞ് മാറാനാവില്ല. ആസക്തി രഹിത കേരളം സൃഷ്ടിക്കാനായി തുടങ്ങിയ വിമുക്തി പദ്ധതി പൂർണ പരാജയമാണന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിമുക്തിയുടെ ജില്ലാ ഓഫിസുകളിൽ നടക്കുന്നത് പിൻവാതിൽ നിയമനങ്ങളാണെന്ന ആരോപണവും ഉയരുന്നു.
കെ എസ് ആർ ടി സി ബസിലെ മുഖ്യമന്ത്രിയുടെ പരസ്യം കണ്ട് ആരും ലഹരിമുക്തരാകില്ല എന്ന അടിസ്ഥാന ബോധം പദ്ധതിയുടെ നടത്തിപ്പുകാർക്കില്ലാതെ പോയി. മുഖ്യമന്ത്രിയുടെ വിമുക്തി പരസ്യം വച്ച് ശമ്പളം കിട്ടാതെ ബസ് ഓടിക്കുകയാണ് സംസ്ഥാനത്തെ ഹതഭാഗ്യരായ കെ.എസ്.ആർ.ടി.സി. ജീവനക്കാർ.
ശരിയായ രീതിയിൽ പദ്ധതികൾ നടപ്പിലാക്കാത്ത, ദിശാബോധം ഇല്ലാത്ത ഭരണവർഗങ്ങൾ ജനങ്ങളുടെ നികുതി പണം ഒഴുക്കി കളയുന്നതിന്റെ മകുടോദാഹരണമാണ് വിമുക്തി പദ്ധതി.
പദ്ധതിക്കു വേണ്ടി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ഇപ്രകാരമാണ്. സാമ്പത്തിക വർഷം, തുക എന്ന ക്രമത്തിൽ
2018 - 19 -10 കോടി
2019 -20 - 8.04 കോടി
2020 - 21 - 11.15 കോടി
2021-22 - 4.79 കോടി