തിരുവനന്തപുരം: ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദ സ്വാമിയുടെ മരണം കൊലപാതകമാണെന്ന വെളിപ്പെടുത്തൽ പുറത്തുവന്നതിന്റെയും അന്വേഷണം ആവശ്യപ്പെട്ട് ശിവഗിരി മഠം രംഗത്തു വരികയും ചെയ്ത സാഹചര്യത്തിൽ മരണത്തിൽ പുനരന്വേഷണ സാധ്യതകൾ നേടാൻ സംസ്ഥാന സർക്കാർ നിയമോപദേശം തേടും. നിലവിലെ സാഹചര്യത്തിൽ കേസ് പുനരന്വേഷിക്കുന്നതിന് പര്യാപ്തമായ തെളിവുകൾ പുറത്തുവന്നിട്ടില്ലെന്നാണ് പൊതുവിലയിരുത്തൽ. അതുകൊണ്ടാണ് ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്.

ശിവഗിരിമഠം ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ശാശ്വതീകാനന്ദയുടേത് സ്വാഭാവികമരണമല്ലെന്ന് ഇന്നലെ പരസ്യമായി പഞ്ഞതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ യോഗനേതൃത്വത്തിൽനിന്നു മാറ്റാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നെന്ന െവെളിപ്പെടുത്തലുമായി സ്വാമിയുടെ സഹോദരിയും രംഗത്തെത്തിയിരുന്നു.

പുതിയ തെളിവുകളുടെ നിജസ്ഥിതി അറിയണമെങ്കിൽ പുനരന്വേഷണം വേണമെന്ന് ഇടതുമുന്നണിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെയും പൊതു അഭിപ്രായം ഇതാണ്. അതുകൊണ്ട് തന്നെ അന്വേഷണം നടക്കട്ടെ എന്ന നിലപാടിലേക്ക് പൊതുവിൽ രാഷ്ട്രീയ കക്ഷികൾ എത്തിയിട്ടുണ്ട്. അതേസമമയം വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം വേണോയെന്ന കാര്യത്തിൽ ബിജെപി.യിൽ അഭിപ്രായ ഐക്യമില്ലെന്നതാണ് ശ്രദ്ധേയം. കേന്ദ്ര നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ബിജെപി സംസ്ഥാന നേതൃത്വം വെള്ളാപ്പള്ളിയുമായി അടുക്കാൻ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയെ സംരക്ഷിക്കേണ്ട ധാർമിക ഉത്തരവാദിത്തം ബിജെപിക്കുണ്ട്. എന്നാൽ അതിന് തയ്യാറല്ലെന്ന് സംസ്ഥാന നേതാക്കൾ തന്നെ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ, വെള്ളാപ്പള്ളിയെ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കാൻ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നുവെന്ന പുതിയ വെളിപ്പെടുത്തലുമായി ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഡോ. വിജയൻ രംഗത്തുവന്നു. ഇന്ത്യൻ ശിക്ഷാനിയമം 173(8) പ്രകാരം ആരോപണം പുതുതാണെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണോദ്യോഗസ്ഥന് തുടരന്വേഷണം ആവശ്യപ്പെടാം. വി എം.സുധീരനുൾപ്പെടെയുള്ളവർ തുടരന്വേഷണമാവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, പിന്നാക്കം പോകാൻ സർക്കാറിനു ബുദ്ധിമുട്ടാണ്.

പൊലീസിന്റെ അന്വേഷണത്തിൽ കൊലപാതകത്തിന് തെളിവു ലഭിച്ചിരുന്നില്ല. മരണത്തിൽ അസ്വാഭാവികതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 2002 ജൂലായ് ഒന്നിനാണ് ശാശ്വതീകാനന്ദയെ ആലുവാപ്പുഴയിൽ മുങ്ങിമരിച്ചനിലയിൽ കണ്ടത്. സ്വാമിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ബിജു രമേശ് വെളിപ്പെടുത്തിയതോടെയാണ് മരണം സംബന്ധിച്ച ചർച്ച ഒരു പതിറ്റാണ്ടിനുശേഷം വീണ്ടും ചൂടുപിടിച്ചത്. വെള്ളാപ്പള്ളിയും മകൻ തുഷാറുമാണ് മരണത്തിനുത്തരവാദികൾ എന്നാണ് ബിജുവിന്റെ ആരോപണം.

അതിനിടെ മാദ്ധ്യമങ്ങളിലൂടെ വന്ന വെളിപ്പെടുത്തലുകൾ പുറത്തുവരുമ്പോഴും രണ്ട് പ്രധാന വ്യക്തികളുടെ തിരോധാനം ഏറെ ചർച്ചയാകുകയാണ്. സ്വാമിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മാദ്ധ്യമ വാർത്തകൾക്ക് പിന്നാലെ പ്രിയനും സാബുവുമാണ് മാദ്ധ്യമങ്ങലിൽ നിന്നും ഒളിച്ചുകളിക്കുന്നത്. ശാശ്വതികാനന്ദയെ കൊന്നത് പ്രിയൻ എന്നയാളാണെന്ന് ശ്രീനാരായണ ധർമ്മവേദി നേതാവ് ബിജു രമേശ് വെളിപ്പെടുത്തിയത്. സ്വാമിയുടെ മരണത്തിൽ സന്തത സഹചാരിയായിരുന്ന സാബുവിന് കാര്യങ്ങൽ അറിയാമെന്ന ആരോപണവും പിന്നാലെ ഉയർന്നു. ഇതോടെയാണ് ഇരുവരും മാദ്ധ്യമങ്ങൾക്ക് പടികൊടുക്കാതെ മുങ്ങി നടക്കുന്നത്. ഇത് കാര്യങ്ങൾ കൂടുതൽ സംശയത്തിന് ഇട നൽകുന്നുണ്ട്.

വാർത്ത പുറത്തു വന്നത് മുതൽ പ്രിയന്റെ പള്ളുരുത്തിയിലെ വീട് പൂട്ടിക്കിടക്കുകയാണ്. വെള്ളാപ്പള്ളി ഒരുക്കിയ രഹസ്യ താവളത്തിൽ പ്രിയനുണ്ടെന്ന വാർത്തകളും സജീവമാണ്. മാദ്ധ്യമങ്ങൾക്ക് പിടി നൽകാതെ ശാശ്വതീകാനന്ദയുടെ സന്തത സഹചാരിയായിരുന്ന സാബുവും മുങ്ങി. സ്വാമിയുടെ മരണം കൊലപാതകമാമെന്ന ആരോപണത്തെ തുടർന്ന് സാബുവിനെ ബന്ധപ്പെടാൻ മാദ്ധ്യമപ്രവർത്തകർ ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല. വർക്കല ബീച്ചിലെ ഒരു ഹോട്ടലിൽ മാനേജരായി ജോലി നോക്കുകയാണ് സാബു.

13 വർഷങ്ങൾക്ക് മുമ്പ് സ്വാമി മരിക്കും മുൻപു വരെ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് സാബു. സ്വാമിയുടെ മരണശേഷം സാബുവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ ഹൈക്കോടതി അനുവാദം നൽകി. എന്നാൽ ലക്ഷങ്ങൾ പ്രതിഫലം പറ്റുന്ന അഭിഭാഷകരെ ഏർപ്പെടുത്തി നുണപരിശോധനയിൽ നിന്ന് സാബു ഒഴിവായി. സാമ്പത്തിക പരാധീനതയുള്ള സാബുവിന് ഇത്രയും പണം എവിടുന്ന് കിട്ടി എന്നത് അക്കാലത്ത് ചർച്ചയായിരുന്നു. ശാശ്വതീകാനന്ദ സ്വാമിയുടെ മരണ ശേഷം സാബുവിനെ സ്ഥലത്ത് കാണാതായതും ദുരൂഹത ഉയർത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ നിന്നും സാബു വിട്ടുനിന്നു. സാബുവിന്റെ പല നിലപാടുകളും ശാശ്വതികാനന്ദ സ്വാമിയുടെ മരണത്തിന്മേലുള്ള ദുരൂഹത വർദ്ധിപ്പിക്കുന്നു.

ശാശ്വതീകാനന്ദ സ്വാമിയുടേത് ജലസമാധിയല്ലെന്ന് ശിവഗിരി യുവജനവേദിയുടെ സെക്രട്ടറിയായിരുന്ന ബിജു പപ്പനും ആവശ്യപ്പെട്ടിട്ടുണ്ട്. ശാശ്വതികാനന്ദ സ്വാമിയുടെ സന്തതസഹചാരിയായിരുന്ന സാബുവിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും ബിജു പപ്പൻ ആവശ്യപ്പെട്ടു. വിശ്വാസ്യ യോഗ്യമായ ഏജൻസി അന്വേഷിച്ച് സ്വാമിയുടെ മരണത്തെ സംബന്ധിച്ച ദുരൂഹത നീക്കണം. സ്വാമിയുടെ മരണദിവസം സാബു അദ്വൈതാശ്രമത്തിൽ ഉണ്ടായിരുന്നുവെന്നു ബിജു പപ്പൻ പറഞ്ഞു.