തിരുവനന്തപുരം: ദേശീയ തലത്തിൽ കടുത്ത ക്ഷീണത്തിലാണ് കോൺഗ്രസ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവി കോൺഗ്രസിനെ തീർത്തും ദുർബലമാക്കി കഴിഞ്ഞു. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തിനെതിരെ വാളെടുത്തു രംഗത്തു വരികയും ചെയ്തിരുന്നു. ഇത്തരം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോൾ തന്നെയാണ് കോൺഗ്രസിന് ദേശീയ തലത്തിൽ ആസ്ഥാനം ഉൾപ്പടെയുള്ള കെട്ടിടങ്ങൾ നഷ്ടമാകുന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നത്. ഡൽഹിയിലെ സി-കക/109 ചാണക്യപുരിയിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവുകളിൽ ഒന്ന് ഒഴിയാൻ കോൺഗ്രസ് പാർട്ടിക്ക് ഒഴിപ്പിക്കൽ നോട്ടീസ് അയച്ച് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സ്.

ഹൗസിങ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയത്തിന്റെ രേഖകൾ പ്രകാരം, രാജ്യതലസ്ഥാനത്തെ ഈ കെട്ടിടം കോൺഗ്രസ് പാർട്ടിക്ക് നൽകിയിരുന്നു. ഇത് ഒഴിയണം എന്നാണ് ഉയർന്നിരിക്കുന്ന ആവശ്യം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി വിൻസന്റ് ജോർജ് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഗവണ്മെന്റ് ഫ്‌ളാറ്റ് ഒഴിയണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന്റെ നോട്ടീസ്. കോൺഗ്രസ് പാർട്ടിക്ക് ചാണക്യപുരിയിൽ അനുവദിച്ച വീടാണ് ഒഴിയാനാവശ്യപ്പെട്ടിരിക്കുന്നത്.

ഡിപ്പാർട്ട്‌മെന്റ് ഓഫ് എസ്റ്റേറ്റാണ് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. പാർട്ടിക്ക് അനുവദിച്ച ഫ്‌ളാറ്റിലിപ്പോൾ ജോർജിന് പകരം മറ്റൊരാളാണ് താമസിക്കുന്നത്. പന്തളം കുളനട സ്വദേശിയായ വിൻസന്റ് ജോർജ് വർഷങ്ങളായി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജോർജിന് ചാണക്യ പുരിയിൽ ഇ 2 ടൈപ്പ് ഫ്‌ളാറ്റ് അനുവദിച്ചത്. ഈ ഫ്‌ളാറ്റിപ്പോൾ കോൺഗ്രസ് അനധികൃതമായി കൈവശം വെച്ചിരിക്ക യാണെന്നാണ് ഹൗസിങ് ആൻഡ് അർബൻ മന്ത്രാലയത്തിന്റെ നോട്ടീസിൽ പറയുന്നത്. ഈ മന്ത്രാലയത്തിന്റെ കീഴിലാണ് എസ്റ്റേറ്റ് വകുപ്പ്.

കോൺഗ്രസിന് അനുവദിച്ച ഈ ഫ്‌ളാറ്റ് റദ്ദുചെയ്യുകയും ഒഴിഞ്ഞു കൊടുക്കാൻ നോട്ടീസ് നൽകുകയും ചെയ്‌തെങ്കിലും ഒഴിയാതെ പാർട്ടി കൈവശം വെച്ചിരിക്ക യാണെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. പാർട്ടിക്കനുവദിച്ച മൂന്ന് കെട്ടിടങ്ങളുടെ വാടകയിനത്തിൽ 31 കോടി രൂപ സർക്കാരിന് നൽകാനുണ്ടെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന് അനുവദിച്ച 24 അക്‌ബർ റോഡിലെ എ ഐ സി സി ആസ്ഥാനം, സേവാദൾ ഓഫീസ്, ജോർജ് താമസിച്ച ഫ്‌ളാറ്റ് എന്നിവയുടെ വാടകക്കുടിശികയാണ് നൽകാനുള്ളത്.

2010 ൽ കോൺഗ്രസിന് ആസ്ഥാനമന്ദിരം പണിയാൻ സ്ഥലം ദീൻ ദയാൽ മാർഗിൽ അനുവദിച്ചപ്പോൾ തന്നെ മൂന്ന് വർഷത്തിനുള്ളിൽ പാർട്ടിക്കനുവദിച്ച സർക്കാർ കെട്ടിടങ്ങൾ ഒഴിയണമെന്നാവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അവഗണിച്ച പാർട്ടിയോട് 2013ലാണ് കെട്ടിടങ്ങൾ ഒഴിയാൻ കേന്ദ്രം ആവശ്യപ്പെട്ടത്. 2015ൽ കോൺഗ്രസ് അനധികൃതമായി കെട്ടിടങ്ങൾ കൈവശം വെച്ചിരിക്കയാണെന്ന് കാട്ടി വീണ്ടും നോട്ടീസ് നൽകിയിരുന്നു. ഇതൊന്നും കോൺഗ്രസ് വകവെച്ചില്ലെന്നാണ് വിവരാവകാശ മറുപടി വ്യക്തമാക്കുന്നത്.

ജോർജ് താമസിച്ചിരുന്ന ഫ്‌ളാറ്റിന് മാത്രം മൂന്ന് കോടി രൂപ വാടക കുടിശികയുണ്ടെന്നാണ് നോട്ടീസിൽ അറിയിച്ചിട്ടുള്ളത്. സർക്കാർ മന്ദിരങ്ങളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കുന്ന തീവ്ര ശ്രമത്തിലാണ് കേന്ദ്ര ഭവന വകുപ്പ്. അക്‌ബർ റോഡിലെ ആസ്ഥാനമൊഴിയാൻ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പലതവണയായി സമയം നീട്ടി ചോദിക്കുകയായിരുന്നു. സ്വന്തമായി ഓഫീസ് നിർമ്മിക്കാൻ റോസ് അവന്യൂവിൽ കോൺഗ്രസിനു സ്ഥലംനൽകിയിട്ടുണ്ടെങ്കിലും അതു ചെയ്തിട്ടില്ല.