തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്ക് സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും വീട്ടിലെത്തിച്ചു നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുവത്സരദിന പ്രഖ്യാപനം നടപ്പാക്കാൻ വൈകും. ഈ മാസം 10നു വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും 15 മുതൽ നടപ്പാക്കുമെന്നുമായിരുന്നു പ്രഖ്യാപനം. പക്ഷേ ചർച്ചകൾ പ്രാഥമിക ഘട്ടത്തിലെത്തിയതേയുള്ളു. പദ്ധതിയുടെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

65 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് സർക്കാർ ആനുകൂല്യങ്ങളും സേവനങ്ങളും വീട്ടിൽ എത്തിച്ചു നൽകുന്നതാണ് പദ്ധതി. മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം, ജീവൻ രക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘട്ട സേവനങ്ങൾ. എല്ലാ സേവനങ്ങളും വീട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

മസ്റ്ററിങ്, ലൈഫ് സർട്ടിഫിക്കറ്റ് തുടങ്ങിയവ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ നടപ്പാക്കും. അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർ മുതിർന്ന പൗരന്മാരുടെ വീടുകളിലെത്തിയാണ് സേവനം നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സഹായം സാമൂഹിക നീതി വകുപ്പ് വഴി എത്തിക്കുമെന്നും ഓഫിസ് അറിയിച്ചു.

ഈ മാസം 28 നു മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നാണ് സാമൂഹിക നീതി വകുപ്പ് ഡയറക്ടറേറ്റ് അറിയിച്ചത്. സാമൂഹിക നീതി , ഐടി മിഷൻ തുടങ്ങിയ വകുപ്പുകളുടെ മേധാവികൾ യോഗത്തിൽ പങ്കെടുക്കും.