- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശശീന്ദ്രനെ കുടുക്കിയത് മംഗളത്തിന്റെ തന്നെ മാധ്യമ പ്രവർത്തകയോ? 'അഗതിയായ അജ്ഞാത പരാതിക്കാരി'യെ കുറിച്ച് സൂചനയുള്ളതുകൊണ്ട് തന്നെയാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്ന് സൂചന; അഴിമതി ഇല്ലാത്ത ഹണി ട്രാപ്പിൽ ജനരോഷം ഉയരാത്തതു കൊണ്ട് കെണിയിൽ പെട്ട മറ്റു രണ്ട് മന്ത്രിമാരെ കുറിച്ചുള്ള വാർത്ത സംപ്രേഷണം ചെയ്യുന്ന കാര്യത്തിൽ പുനരാലോചനയുമായി മംഗളം
തിരുവനന്തപുരം: കേരളരാഷ്ട്രീയത്തിൽ ലൈംഗിക വിവാദത്തിന്റെ ബോബിടുകയും ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രന് അതിൽപ്പെട്ട് മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ മാധ്യമലോകത്ത് പുതിയ തരംഗമായി മാറുന്ന ഹണി ട്രാപ്പാണെന്ന സംശയം ബലപ്പെടുന്നു. മംഗളം ചാനലാണ് അവരുടെ ഉദ്ഘാടന വാർത്തയായി ഇന്നലെ മന്ത്രി എകെ ശശീന്ദ്രന്റെ ഫോൺ സംഭാഷണമെന്ന് വ്യക്തമാക്കി ശബ്ദശകലം പുറത്തുവിട്ടത്. ഇതേത്തുടർന്നായിരുന്നു മന്ത്രിയുടെ രാജി. എന്നാൽ ഇത്തരം ഒരു ആരോപണം ഉയർന്നതിന്റെ പേരിൽ ധാർമികമായി രാജിവയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച മന്ത്രി തന്നെ ഇക്കാര്യത്തിൽ കുടുക്കുകയായിരുന്നുവെന്ന സൂചന അടുപ്പക്കാരുമായും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുമായി പങ്കുവച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരമൊരു സൂചന ലഭിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ പ്രഖ്യാപിച്ചതെന്നാണ് സൂചന. മംഗളം ശശീന്ദ്രനെ കുടുക്കിയത് ഒരു പരാതിക്കാരിയെ സ്വാധീനിച്ച് ശശീന്ദ്രൻ വശപ്പെടുത്തിയെന്ന
തിരുവനന്തപുരം: കേരളരാഷ്ട്രീയത്തിൽ ലൈംഗിക വിവാദത്തിന്റെ ബോബിടുകയും ഗതാഗത വകുപ്പുമന്ത്രി എകെ ശശീന്ദ്രന് അതിൽപ്പെട്ട് മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ മാധ്യമലോകത്ത് പുതിയ തരംഗമായി മാറുന്ന ഹണി ട്രാപ്പാണെന്ന സംശയം ബലപ്പെടുന്നു. മംഗളം ചാനലാണ് അവരുടെ ഉദ്ഘാടന വാർത്തയായി ഇന്നലെ മന്ത്രി എകെ ശശീന്ദ്രന്റെ ഫോൺ സംഭാഷണമെന്ന് വ്യക്തമാക്കി ശബ്ദശകലം പുറത്തുവിട്ടത്.
ഇതേത്തുടർന്നായിരുന്നു മന്ത്രിയുടെ രാജി. എന്നാൽ ഇത്തരം ഒരു ആരോപണം ഉയർന്നതിന്റെ പേരിൽ ധാർമികമായി രാജിവയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ച മന്ത്രി തന്നെ ഇക്കാര്യത്തിൽ കുടുക്കുകയായിരുന്നുവെന്ന സൂചന അടുപ്പക്കാരുമായും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുമായി പങ്കുവച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
ഇത്തരമൊരു സൂചന ലഭിച്ചതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ പ്രഖ്യാപിച്ചതെന്നാണ് സൂചന. മംഗളം ശശീന്ദ്രനെ കുടുക്കിയത് ഒരു പരാതിക്കാരിയെ സ്വാധീനിച്ച് ശശീന്ദ്രൻ വശപ്പെടുത്തിയെന്ന പ്രഖ്യാപനത്തോടെയാണ്.
പക്ഷേ, ഈ 'അഗതിയായ അജ്ഞാത പരാതിക്കാരി' ഒരു ജേർണലിസ്റ്റ് ആണെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇപ്പോൾ അവധിയിൽ പ്രവേശിച്ച വനിതാ ജേർണലിസ്റ്റ് എന്ത് പരാതിയുമായാണ് മന്ത്രിയെ സമീപിച്ചതെന്ന അന്വേഷണം പുരോഗമിക്കുകയാണ്.
അതെ സമയം തന്നെ മന്ത്രി നിർബന്ധപൂർവ്വം വശത്താക്കിയതായും അധികാര ദുർവിനിയോഗം നടത്തിയതായും ആരുംതന്നെ പൊലീസിൽ പരാതി ഉന്നയിച്ചിട്ടില്ല. അതിനാൽ തന്നെ മന്ത്രിക്കെതിരെ കേസെടുക്കാനും ഒരു വകുപ്പുമില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ശശീന്ദ്രനുമായി കൂട്ടുകൂടിയതെന്ന് ഈ ഫോൺ സംഭാഷണത്തിൽ പരാമർശിക്കപ്പെടുന്ന 'സുന്ദരിക്കുട്ടി' വെളിപ്പെടുത്തിയാലും അതിൽ കേസുണ്ടാവില്ല. ആവശ്യപ്പെട്ട കാര്യം നടത്തിക്കൊടുക്കാൻ ശശീന്ദ്രൻ പ്രലോഭിപ്പിച്ച് വലയിൽ വീഴ്‌ത്തിയെന്ന് ഇതുവരെ ആരും പരാതിയുമായി എത്തിയിട്ടുമില്ല.
ഇത്രയും കാര്യങ്ങളിൽ നിന്ന് അത്തരമൊരു പരാതിക്കാരിയെ സൃഷ്ടിച്ച് മന്ത്രിയെ വീഴ്‌ത്താൻ അയക്കുകയായിരുന്നു എന്ന നിഗമനങ്ങളിലേക്കാണ് സർക്കാരും ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരും എത്തിയിട്ടുള്ളതാണെന്നാണ് സൂചന. അതിനാൽ ഇതൊരു ഹണിട്രാപ്പ് തന്നെയാണെന്ന അനുമാനത്തിലാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണത്തിന്റെ പ്രധാന അജണ്ട ഈ ഹണി ട്രാപ്പിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവരികയാകും. വാർത്തയ്ക്കു വേണ്ടി വാർത്ത സൃഷ്ടിക്കുന്ന 'ഹണി ട്രാപ്പ്' ആണ് പുതിയ വാർത്താ ചാനൽ ചെയ്തതെന്ന് ഇതിനോടകം മാധ്യമലോകത്ത് തന്നെ ആരോപണം ഉയർന്നു കഴിഞ്ഞു.
ഇടതു മന്ത്രിസഭയിലെ മൂന്നു മന്ത്രിമാരെ ഒരേ സമയം കുടുക്കിയെന്ന വാർത്തകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ഇതിൽ ആദ്യത്തെ ഇരയായി ചാനൽ കണ്ടെത്തിയതായിരുന്നു ശശീന്ദ്രനെന്നും മറ്റു രണ്ടുപേർ കൂടി സമാന രീതിയിൽ ഇതേ 'സുന്ദരിക്കുട്ടി'യുടെ വലയിൽ വീണെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു ആരോപണം ഉദ്ഘാടന വാർത്തയായി ഉന്നയിക്കുകയും ഇതിൽ പെൺസംഭാഷണങ്ങൾ ഉണ്ടെന്നോ, ആരാണ് മന്ത്രിയുടെ 'കാമുകി' എന്നോ വെളിപ്പെടുത്തുകയോ ചെയ്യാതെ വന്നതോടെ മന്ത്രിക്കെതിരെയല്ല മറിച്ച് ചാനലിനെതിരെ വൻ ജനരോഷമാണ് ഉയരുന്നത്.
ഒരാളെ വീഴ്‌ത്തിയെന്നും മറ്റു രണ്ടു പേരുകൾ കൂടി ഉടൻ പുറത്തുവിടുമെന്നും ചാനൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ വൻ ജനരോഷം ഉയർന്നതോടെ ഇത് വലിയ തിരിച്ചടിയായി മാറുമെന്ന് മനസ്സിലായി ചാനൽ ഇതിൽ നിന്ന് പിന്നോട്ടുപോകുകയാണ് ചെയ്തതെന്ന് സംസാരം ഉയർന്നുകഴിഞ്ഞു.
സർക്കാരും കരുതലോടെയാണ് നീങ്ങുന്നത്. ഇടതുപക്ഷത്തെ മുൻനിര നേതാക്കളെ ആരെയെങ്കിലും ഇത്തരത്തിൽ ഹണി ട്രാപ്പിൽ കുടുക്കിയിട്ടുണ്ടെങ്കിൽ അത് ചാനൽ പുറത്തുവിട്ടാൽ വലിയ ക്ഷീണമാകും ഉണ്ടാക്കുക. അതിനാലാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ചാനൽ ഇത്തരത്തിൽ തെറ്റായ നീക്കമാണ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ കടുത്ത നടപടി ചാനലിനും അതിന്റെ ഉടമകൾക്കുമെതിരെ സ്വീകരിക്കാനുമാകും. ഈ സാധ്യതയാണ് സർക്കാർ ആരായുന്നതെന്നാണ് സൂചന. ചാനലിന്റെ പത്രപ്രവർത്തന രീതിയോട് വൻതോതിൽ എതിർപ്പ് ഉയർന്നിട്ടുണ്ട് എന്നതുതന്നെ സർക്കാർ വലിയ ആശ്വാസമായി കാണുകയാണ്. ഇന്നലെ വിഷയവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാക്കൾപോലും ശശീന്ദ്രനെ മനപ്പൂർവം കെണിയിൽ കുടുക്കുകയായിരുന്നു എന്ന തിരിച്ചറിവോടെയാണ് പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ്്.
'ഹണി ട്രാപ്പ്' ധാർമികമായും സാങ്കേതികമായും നിയമാനുസൃതം അല്ല. ബ്‌ളാക്ക് മെയിൽ എന്ന ഗണത്തിൽ പെടാവുന്ന കുറ്റകൃത്യം ആണത്. അതെ സമയം 'ഹണി ട്രാപ്പ്' വഴി ഏതെങ്കിലും അഴിമതി പുറത്തു കൊണ്ട് വന്നാൽ ആ അഴിമതി നിയമത്തിനു മുന്നിൽ എത്തിക്കാൻ വേണ്ടി, സാമൂഹ്യക്ഷേമം മുൻനിർത്തി നടത്തിയ നടപടിയായി ന്യായീകരിച്ച് കുറ്റത്തിൽ നിന്ന് രക്ഷപ്പെടാനുമാകും. പക്ഷേ, ഇവിടെ എന്ത് അഴിമതിയാണ് നടന്നതെന്ന ചോദ്യം ഉയർന്നതോടെ ചാനലിന് ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തേണ്ടിവരും. ഇല്ലെങ്കിൽ ജുഡീഷ്യൽ കമ്മീഷന് ശക്തമായ നടപടി നിർദ്ദേശിക്കാനുമാകും. ഇതിനുള്ള സാധ്യതയാണ് സർക്കാർ തേടുന്നതെന്ന് ചുരുക്കം.
എ കെ ശശീന്ദ്രന്റെ കാര്യത്തിൽ എന്തെങ്കിലും അഴിമതി നടന്നതായി ഇതുവരെ വെളിപ്പെടുത്തിയില്ല. എന്നാൽ ലൈംഗിക അരാജകത്വമെന്ന വാദം ഉയർത്തി വാർത്ത നൽകിയതോടെ അദ്ദേഹം ധാർമ്മികമായി രാജിവയ്ക്കുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പൊലീസ് ഇക്കാര്യം ഗൗരവമായി അന്വേഷിക്കുകയാണ്. ആദ്യ ഘട്ടം മുതൽ തന്നെ ഇതിൽ ഉൾപ്പെട്ട വനിതാ ജേർണലിസ്റ്റിലേക്കാണ് അന്വേഷണം നീളുന്നത്. ആ ജേർണലിസ്റ്റ് ഇതേ ചാനലിലെ തന്നെ ജീവനക്കാരി ആണെന്നാണ് സൂചന. മലയാള മാധ്യമലോകത്ത് കഴിഞ്ഞ സർക്കാരിന്റെ കാലത്തും ചില മന്ത്രിമാരെ ഹണി ട്രാപ്പിൽ കുടുക്കിയതായ വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ ആർക്കെതിരെയും ആരോപണം ഉയർന്നില്ല. അതിനാൽ അക്കാര്യത്തിൽ നടപടികളും ഉണ്ടായിരുന്നില്ല.
ഇതോടൊപ്പംതന്നെ അശ്ലീല ഓഡിയോ സംപ്രേഷണം ചെയ്തതിന് ചാനലിനെതിരെ നടപടിക്കും സാധ്യതകൾ ആരായുന്നുണ്ടെന്നാണ് സൂചന. മന്ത്രിയുടേതെന്ന പേരിൽ ഓഡിയോ പുറത്തുവിട്ടതോടെ ന്യൂസ് റൂമിൽ ചർച്ചയ്ക്ക് വിളിച്ചിരുത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചെവിപൊത്തുന്ന കാഴ്ചയാണ് കേരളം കണ്ടത്. ഇവരിൽ ഓരാൾ തന്നെ ഇത്തരത്തിൽ ഓഡിയോ പുറത്തുവിടുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വനിതാ സംഘടനകളും മംഗളം ചാനലിനെതിരെ പരാതിയുമായി എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ ഉള്ള വിഷയങ്ങളുടെ സംപ്രേഷണം രാത്രി 11 മണിക്ക് ശേഷമേ പാടൂ എന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം എല്ലാ ചാനലുകൾക്കും നൽകിയിട്ടുണ്ട്. ഇത് മംഗളം ലംഘിച്ചുവെന്നും പകൽസമയത്താണ് സഭ്യതലംഘിച്ച വിവരം ടെലികാസ്റ്റ് ചെയ്തതെന്നുമാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്.