- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതര വിഷയങ്ങളിലെ അദ്ധ്യാപകരെ കായികാധ്യാപകരായി നിയമിക്കില്ലെന്ന് സർക്കാർ; കായിക മേളകളുമായി സഹകരിക്കാൻ അദ്ധ്യാപകരുടെ തീരുമാനം; സംസ്ഥാന മീറ്റ് 20ന് തന്നെ തുടങ്ങും
തിരുവനന്തപുരം: ഇതര വിഷയങ്ങളിലെ അദ്ധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്ന ഉത്തരവു സംസ്ഥാന സർക്കാർ മരവിപ്പിച്ചു. കായിക അദ്ധ്യാപകരുടെ പ്രതിഷേധത്തെ തുടർന്നു കഴിഞ്ഞദിവസം പല ജില്ലകളിലും കായികമേള തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് മരവിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദ്ദ
തിരുവനന്തപുരം: ഇതര വിഷയങ്ങളിലെ അദ്ധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്ന ഉത്തരവു സംസ്ഥാന സർക്കാർ മരവിപ്പിച്ചു. കായിക അദ്ധ്യാപകരുടെ പ്രതിഷേധത്തെ തുടർന്നു കഴിഞ്ഞദിവസം പല ജില്ലകളിലും കായികമേള തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് മരവിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദ്ദേശം നൽകിയത്. വിവാദ ഉത്തരവു പിൻവലിച്ചതോടെ ഇന്നു മേളകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
20നു തുടങ്ങുന്ന സംസ്ഥാന കായികമേളയിലും പ്രതിഷേധം ഉയർത്തുമെന്ന് കായികാധ്യാപകർ വ്യക്തമാക്കിയിരുന്നു. മഹാരാജാസ് കോളജിൽ ആരംഭിച്ച എറണാകുളം റവന്യു ജില്ലാ കായികമേളയുടെ ആദ്യദിനം പ്രതിഷേധത്തെ തുടർന്നു തടസ്സപ്പെട്ടു. സീനിയർ വിഭാഗം പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും 5000 മീറ്റർ മത്സരം ആദ്യം പൂർത്തിയായിരുന്നു. തുടർന്നു കുട്ടികളുടെ മാർച്ച് പാസ്റ്റിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അദ്ധ്യാപകർ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധത്തെ തുടർന്ന് ഉദ്ഘാടനത്തിനെത്തിയവർ മടങ്ങി. കോഴിക്കോട്ടും ഇതുതന്നെ നടന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പിന്നോട്ട് പോക്ക്.
അദ്ധ്യാപക ബാങ്കിലുള്ള മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കായികാധ്യാപകരായി നിയമിച്ചതാണ് വിവാദമായത്. തിരുവനന്തപുരത്ത് 20 മുതൽ 23 വരെയാണ് സംസ്ഥാന സ്‌കൂൾ കായികമേള നടത്താൻ നിശ്ചയിച്ചിരുന്നത്. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ഈ മേളയുമായി സഹകരിക്കില്ലെന്ന് കായിക അദ്ധ്യാപകർ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചത്.
ഇതിനായി 15നകം ജില്ലാമേളകൾ പൂർത്തിയാകുന്ന വിധത്തിലായിരുന്നു ക്രമീകരണങ്ങൾ. സർക്കാർ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങളുണ്ടായതോടെ ഇപ്പോൾ 17നകം ജില്ലാമേളകൾ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. 20നുതന്നെ സംസ്ഥാന മേള തുടങ്ങാനായില്ലെങ്കിൽപ്പിന്നെ ദേശീയ ജൂനിയർ മീറ്റിന് ശേഷമേ, അടുത്ത തീയതി കിട്ടൂ.
26 മുതൽ 30 വരെ വിജയവാഡയിലാണ് ദേശീയ ജൂനിയർ മീറ്റ് നടക്കുന്നത്. മീറ്റ് കഴിഞ്ഞ് ഡിസംബർ രണ്ടിനോ മൂന്നിനോ കായികതാരങ്ങൾ തിരിച്ചെത്തിയാൽ അതിന് തൊട്ടുപിന്നാലെ സംസ്ഥാനമേള സംഘടിപ്പിക്കുന്ന കാര്യവും ആലോചിച്ചിരുന്നു.