വാരണാസി: ഭാരത് രത്‌ന ഉസ്താദ് ബിസ്മില്ല ഖാന്റെ 14ാം ചരമവാർഷികം വ്യാഴാഴ്ച ആചരിക്കാനിരിക്കെ, ഷെഹനായി മാന്ത്രികന്റെ സ്വദേശത്ത് നിന്ന് ദുഃഖകരമായ വാർത്തയാണ് കേൾക്കുന്നത്. യുപിയിൽ ഹദ്ദസെരായിലെ ബിസ്മില്ലാ ഖാന്റെ വീട് ഇടിച്ച് പൊളിച്ച് കൊണ്ടിരിക്കുകയാണ്. അദ്ദേഹം താമസിച്ചിരുന്നതും സംഗീത പരിശീലനം നടത്തിയിരുന്നതുമായ മുറി ഇതിനകം പൊളിച്ചുകളഞ്ഞു. ഒരിക്കലും വീട് വിട്ടുപോകാൻ ഇഷ്ടപ്പെടാത്ത ആളായിരുന്നു ബിസ്മില്ലാ ഖാൻ. അമേരിക്കയിൽ സ്ഥിരതാമസക്കാരനാക്കാനുള്ള വാഗ്ദാനം നിരസിച്ച ആളാണ് ഈ സംഗീത വിദ്വാൻ.

2006 ൽ ബിസ്മില്ലാഖാൻ അന്തരിച്ച ശേഷം അദ്ദേഹത്തിന്റെ ശിഷ്യരും ആരാധകരും വീട് ഒരുമ്യൂസിയം ആക്കി അദ്ദേഹത്തിന്റെ പൈതൃകം കാക്കാൻ മോഹിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് അതിൽ താൽപര്യമുണ്ടായിരുന്നില്ല. വീട് ഇടിച്ച് പൊളിച്ച് വാണിജ്യ സമുച്ചയം പണിയുകയാണ് ലക്ഷ്യം. ഉസ്താദിന്റെ വളർത്തുമകളും ഗായികയുമായ സോമ ഘോഷ് അദ്ദേഹത്തിന്റെ മുറിയും വസ്തുവകകളും സംരക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

വീടിന്റെ മുകൾ നിലയിലായിരുന്നു ഉസ്താദിന്റെ സംഗീത പരിശീലനവും മറ്റും. 1936 ൽ ഹദ്ദ സരായിയിലെ ബിക്കംഷാ ലെയ്‌നിലാണ് ഉസ്താദ് വീട് വാങ്ങിയത്. എന്നാൽ, അദ്ദേഹത്തിന് പ്രിയപ്പെട്ട ആ മുറി ഓഗസ്റ്റ് 12 ന് പൊളിച്ചിട്ടു. ഉസ്താദിന്റെ ചെറുമക്കളാണ് ഇപ്പോൾ വീടിന്റെ ഉടമസ്ഥർ. ഉസ്താദിന്റെ അഞ്ചുമക്കളിൽ ഒരാളായ മെഹ്ദബ് ഹുസൈന്റെ മക്കളാണ് ഇവർ.

ബാബയുടെ വസതി പൊളിക്കുന്നുവെന്ന് അറിഞ്ഞ് ഞാൻ ഞെട്ടിപ്പോയി-വളർത്തുമകളായ സംഗീതജ്ഞ സോമ ഘോഷ് പറഞ്ഞു. അദ്ദേഹത്തിന്റെ വസ്തുവകകൾ അവർ എവിടെയോ എറിഞ്ഞുകളഞ്ഞു. അത് വെറുമൊരു മുറി ആയിരുന്നില്ല. സംഗീതാരാധകരുടെ ഒരു ആരാധനാ സ്ഥലമായിരുന്നു. അതൊരുപൈതൃകമാണ്. അത് സംരക്ഷിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അദ്ദേഹം സംഗീതാരാധന നടത്തിയിരുന്ന മുറിയും അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളും സംരക്ഷിക്കപ്പെടേണ്ടതാണ്.

ഹദ്ദ സരായി ഒരു വാണിജ്യ മേഖലയായതുകൊണ്ടാണ് കൊമേഴ്‌സ്യൽ കോംപ്ലക്‌സ് പണിയുന്നതെന്ന് ചെറുമക്കൾ പറയുന്നു. സാമ്പത്തിക പ്രശ്നം കാരണമാണ് വീട് പൊളിച്ചുമാറ്റാൻ തീരുമാനിച്ചതെന്നു പേരക്കുട്ടികളിൽ ഒരാളായ സൂഫി പറഞ്ഞു. വീട് പൊളിച്ച സ്ഥലത്ത് മൂൂന്ന് നിലകളുള്ള വാണിജ്യ അപ്പാർട്ട്മെന്റ് നിർമ്മിക്കും. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ബിസ്മില്ലാ ഖാന്റെ മ്യൂസിയം ഉണ്ടാവും. അദ്ദേഹത്തിന്റെ സ്വകാര്യ വസ്തുക്കളും പുരസ്‌കാരങ്ങളുമെല്ലാം ഈ മ്യൂസിയത്തിൽ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉസ്താദിന്റെ ഏറ്റവും ഇളയ മകൻ നാസിം ഹുസൈൻ സംഭവം നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്നു. താൻ ഓഗസ്റ്റ് 24 ന് മടങ്ങി എത്തുമെന്നും വേണ്ടത് ചെയ്യുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

1947 ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ ഷെഹ്നായി വായിച്ച സംഗീതജ്ഞനാണ് ഉസ്താദ് ബിസ്മില്ലാ ഖാൻ. ഇപ്പോഴും ആരാധകർ അതോർത്ത് സംഗീതാരാധകർ രോമാഞ്ചം കൊള്ളാറുണ്ട്. എന്നാൽ, കാലത്തിന്റെ കുത്തൊഴുക്കിൽ അദ്ദേഹത്തിന്റെ തന്നെ പിൻതലമുറക്കാർക്ക് അതൊന്നും വലിയ കാര്യമല്ലാതെ ആയി മാറിയിരിക്കുന്നു. അമൂല്യമായ അദ്ദേഹത്തിന്റെ വസതിയും പൈതൃകവും കാത്തുസൂക്ഷിക്കേണ്ടവർ തന്നെ അത് തകർത്തുകളഞ്ഞിരിക്കുന്നു.

2017 ൽ ഉസ്താദിന്റെ ചെറുമകൻ നാല് ഷെഹനായികൾ മോഷ്ടിച്ച് (അതിൽ മൂന്നെണ്ണം വെള്ളിയായിരുന്നു) പ്രാദേശിക ജൂവലറിക്കാർക്ക് 17,000 രൂപയ്ക്ക് വിറ്റു. യുപി പൊലീസ് ചെറുമകനെയും ഷെഹനായി വാങ്ങിയ ജൂവലറിക്കാരെയും പിടികൂടിയിരുന്നു. അവ അപ്പോഴേക്കും വെള്ളിയായി ഉരുക്കിയിരുന്നു. മൂന്നു വെള്ളി ഷെഹനായികളും മുൻ പ്രധാനമന്ത്രി നരസിംഹറാവു, ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവ്, കോൺഗ്രസ് നേതാവ് കപിൽ സിബൽ എന്നിവർ ഉസ്താദിന് സമ്മാനിച്ചതാണ്.

ഉസ്്താദിന്റെ ചെറുമക്കൾക്ക് നല്ല ബുദ്ധി തോന്നണേയെന്നാണ് ഉസ്ദാദിന്റെ സ്മരണയ്ക്കായി പതിവായി പരിപാടികൾ സംഘടിപ്പിക്കാറുള്ള സ്ഥലത്തെ മുഹമ്മദ് ഷക്കീലിന്റെ പ്രാർത്ഥന.