റായ് ബറേലി: ഉത്തർപ്രദേശിലെ വിമത കോൺഗ്രസ് എംഎൽഎ അതിഥി സിം​ഗിനെതിരെ പരാതിയുമായി മുത്തശ്ശി. തന്റെ ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുന്നു എന്നും തന്നെ ഭീഷണിപ്പെടുത്തുന്നു എന്നുമാണ് 85 വയസുള്ള മുത്തശ്ശിയുടെ ആരോപണം. അന്തരിച്ച മുൻ എംഎൽഎ അഖിലേഷ് സിങ്ങിന്റെ അമ്മ കമല സിങ് ഇതുസംബന്ധിച്ച് റായ് ബറേലി ജില്ലാ മജിസ്‌ട്രേട്ടിനാണ് പരാതി അയച്ചത്. പരാതിയെത്തുടർന്ന് ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് റവന്യൂ സംഘവും പൊലീസും അന്വേഷണം തുടങ്ങിയതായി എഎസ്‌പി നിത്യാനന്ദ് റായ് പറഞ്ഞു. അതേസമയം, ഇത് തന്റെ കുടുംബകാര്യമാണെന്നാണ് അതിഥി സിങ് പ്രതികരിച്ചത്.

തന്റെ മരുമകൾ വൈശാലി സിങ്ങും പേരക്കുട്ടി അതിഥി സിങ്ങും ചേർന്ന് തന്റെ ഭൂമിയിൽനിന്ന് ബലമായി ഇറക്കിവിടാൻ ശ്രമിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും മുത്തശ്ശിയുടെ പരാതിയിൽ പറയുന്നു. തനിക്കും തന്റെ ഇളയ മകനും സംരക്ഷണം നൽകണമെന്നും കമല സിങ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിഥി സിങ്ങും അമ്മയുംകൂടി തന്റെ വീട്ടിലെത്തി അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു.

റായ് ബറേലി എംഎൽഎയാണ് അതിഥി സിങ്. അടുത്തിടെ അവർ ബിജെപിയോട് അടുക്കുകയും മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തന്റെ രാഷ്ട്രീയ ഗുരുവെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ബിജെപി സംസ്‌കാരമാണ് അവർ പ്രകടിപ്പിക്കുന്നതെന്ന പ്രതികരണവുമായി യുപിയിലെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. മുതിർന്നവരെ ബഹുമാനിക്കാൻ ബിജെപിക്കാർക്ക് അറിയില്ലെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. എന്നാൽ വനിതാ എംഎൽഎയുടെ കുടുംബ പ്രശ്‌നം രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.

ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള അഖിലേഷ് സിങ്ങിന്റെ മകളാണ് അതിഥി. യു.പി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎമാരിൽ ഒരാളാണ് 31കാരിയായ അതിഥി നെഹ്‌റു കുടുംബത്തോടെ ഏറ്റവും അടുപ്പമുള്ള എംഎൽഎയായിരുന്നു അതിഥി സിങ്. 2017ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 90,000ത്തോളം വോട്ടുകൾക്കാണ് അദിതി ജയിച്ചത്. എന്നാൽ, പ്രിയങ്ക വധേര യുപിയുടെ ചുമതല ഏറ്റെടുത്തതോടെ ഇവർ നേതൃത്വവുമായി ഇടയുകയായിരുന്നു.

കർണാടക തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അതിഥി സിംങിനെ വിവാഹം ചെയ്യും എന്ന രീതിയിലുള്ള വാർത്തകൾ നേരത്തേ പ്രചരിച്ചിരുന്നു. റായ്ബറേലിയിൽ നിന്നുള്ള കോൺഗ്രസിന്റെ വാട് സ് ആപ് ഗ്രൂപ്പിൽ നിന്നാണ് ഈ വാർത്ത പുറത്ത് വന്നത്. ദേശീയ മാധ്യമങ്ങൾ പോലും വിവാഹ വാർത്ത റിപ്പോർട്ട് ചെയ്തതോടെ വിവാഹ വാർത്ത നിഷേധിച്ച് അതിഥി സിംങ് തന്നെ വ്യക്തമാക്കിയിരുന്നു. വാർത്തക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അതിഥി സിങ് അന്ന് പറഞ്ഞത്.രാഹുൽജി എനിക്ക് മൂത്ത സഹോദരനെപ്പോലെയാണ്. ഇത്തരം വാർത്തകൾ എന്നെ സങ്കടപ്പെടുത്തുന്നു. അദ്ദേഹം എന്റെ രാഖി സഹോദരനാണ് എന്നും അതിഥി സിങ് വ്യക്തമാക്കിയിട്ടുണ്ട്.

അതിഥി സിങ്ങും കുറച്ചുനാളായി കോൺഗ്രസിന്റെ ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ല. റായ് ബറേലിയിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പദയാത്രയിൽ അതിഥി സിങ് പങ്കെടുത്തിരുന്നില്ല. അതേസമയം വിട്ടുനിൽക്കാൻ പാർട്ടി തീരുമാനമെടുത്തിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. തന്റെ മനസ്സാക്ഷിക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും പാർട്ടി എന്തു നടപടിയെടുത്താലും പ്രശ്‌നമില്ലെന്നുമാണ്, ഇക്കാര്യം ആരാഞ്ഞവരോട് അതിഥി സിങ് പ്രതികരിച്ചത്. അതേസമയം, വിമത സ്വരം ഉയർത്തി നിൽക്കുമ്പോഴും കഴിഞ്ഞ വർഷം അവസാനം നടന്ന നിയമ സഭാ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ താര പ്രചാരകരുടെ ലിസ്റ്റിലും അതിഥി ഇടംപിടിച്ചിരുന്നു.