തിരുവനന്തപുരം: ഇന്ത്യാ-ദക്ഷിണാഫ്രിക്ക വനിത ക്രിക്കറ്റ് പരമ്പര കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടത്താൻ സമ്മതം അറിയിച്ച മുഖ്യമന്ത്രിയെ വെട്ടിലാക്കി ചീഫ് സെക്രട്ടറിയുടെ ഇടപെടൽ. സൈനിക റിക്രൂട്ട്‌മെന്റിന് സ്റ്റേഡിയം വിട്ടുനൽകാൻ അധികൃതർക്ക് അനുമതി നൽകിയ ചീഫ് സെക്രട്ടറിയുടെ നടപടിയാണ് പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്.

മാർച്ച് രണ്ടാം വാരം തുടങ്ങേണ്ട വനിത ക്രിക്കറ്റ് പരമ്പരക്കാണ് സൈനിക റിക്രൂട്ട്‌മെന്റ് തടസ്സമായത്. മത്സരസമയത്ത് സൈനിക റിക്രൂട്ട്‌മെന്റ് റാലിക്ക് സ്പോർട്‌സ് ഹബിൽ നടക്കുന്നതിനാൽ പരമ്പര നടത്താനാകില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ബി സി സി ഐയെ അറിയിച്ചു. മൽസരത്തിനുള്ള എൻ ഒ സിക്കായി കെ സി എ അധികൃതർ കളക്ടറെ സമീപിച്ചപ്പോഴാണ് ചീഫ് സെക്രട്ടറി സൈനിക റിക്രൂട്ട്‌മെന്റിന് അനുമതി നൽകിയ വിവരം അറിഞ്ഞത്. 

മംഗലപുരം അടക്കം ജില്ലയിലെ മറ്റ് സറ്റേഡിയങ്ങൾ റിക്രൂട്ട്‌മെന്റിന് ഉപയോഗിക്കാമെന്നിരിക്കെയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം തെരഞ്ഞെടുത്തത്. അതേ സമയം സ്റ്റേഡിയം നടത്തിപ്പുകാരായ ഐ ആൻഡ് എൽ എഫ് എസ് സൈനിക റിക്രൂട്ട്‌മെന്റിന് മൈതാനം വിട്ടുകൊടുത്ത കാര്യം കെ സി എ യെ അറിയിച്ചില്ല എന്ന പരാതിയും ഉയർന്നിട്ടുണ്ട്. മൽസരം നഷ്ടമാകാൻ ഐ ആൻഡ് എൽ എഫ് എസിന്റെ നിലപാടും കാരണയെന്ന് പരിശീലകൻ ബിജു ജോർജ് പറഞ്ഞു.

2029 വരെയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം കെ സി എ ഏറ്റെടുത്തിരുന്നത്. എന്നാൽ വനിതാ പരമ്പര നടത്താൻ ഒരു മൽസരത്തിന് 10 ലക്ഷം നൽകണമെന്ന് സ്റ്റേഡിയം നടത്തിപ്പുകാർ ആവശ്യപ്പെട്ടതായി കെ സി എ വ്യക്തമാക്കി. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായിരുന്ന സ്പോർട്സ് ഹബിൽ വലിയ കേടുപാടാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ സംഭവിച്ചത്. ഇത് മാറ്റാൻ ലക്ഷങ്ങൾ കണ്ടെത്തേണ്ട അവസ്ഥയിലാണ് കെ സി എ.

കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം പരിപാലനത്തിൽനിന്ന് കെസിഎ പിന്മാറാനാണ് തീരുമാനം.. ക്രിക്കറ്റ് ഇതരപരിപാടികൾ നടത്തുന്നതു മൈതാനം നശിപ്പിക്കുകയാണെന്ന വിലയിരുത്തലിലാണു തീരുമാനം എടുത്തത്. 2016 മുതൽ കാര്യവട്ടം ഗ്രൗണ്ട് കേരള ക്രിക്കറ്റ് അസോസിയേഷനാണ് പരിപാലിക്കുന്നത്. തിങ്കളാഴ്ച ചേർന്ന ഭാരവാഹിയോഗമാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഇതോടെ കേരളത്തിന് ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് വേദി നഷ്ടമായേക്കും. കൂടാതെ ഒട്ടേറെ അന്താരാഷ്ട മൽസരങ്ങളും ഐ പി എല്ലും അടക്കമുള്ളവ തിരുവനന്തപുരത്തിന് നഷ്ടമാകും.

വർഷം 75 ലക്ഷത്തോളം രൂപ മുടക്കിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ കാര്യവട്ടം സ്പോർട്സ് ഹബ് പുൽമൈതാനം പരിപാലിച്ചു വന്നിരുന്നത്. രാജ്യാന്തര മത്സരങ്ങളും, രഞ്ജി ട്രോഫി പോലെയുള്ള ബിസിസിഐ ഫസ്റ്റ് ക്ലാസ്സ് മൽസരങ്ങളും, ആഭ്യന്തര മത്സരങ്ങളും നടത്താൻ വേണ്ടിയാണ് കാര്യവട്ടം ഗ്രൗണ്ട് കെസിഎ പരിപാലിക്കുന്നത്.

സ്റ്റേജ് ഷോ മുതലായ ക്രിക്കറ്റ് ഇതര പരിപാടികൾ നടക്കുന്നതിനാൽ ഗ്രൗണ്ടിന് നാശനഷ്ടങ്ങൾ ഉണ്ടാവുന്നതും കേരള ക്രിക്കറ്റ് അസോസിയേഷന് പരിഹരിക്കേണ്ടിവരുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി കോവിഡ് കാരണം ക്രിക്കറ്റ് മത്സരങ്ങൾ കാര്യവട്ടം ഗ്രൗണ്ടിൽ നടന്നിരുന്നില്ല. എന്നാൽ കോവിഡ് സമയത്തും ലോകകപ്പ് മുന്നിൽകണ്ട് പരിപാലനം തുടർന്നിരുന്നു.

അതിനിടെയാണ് മാർച്ച് രണ്ടാം വാരം നടക്കേണ്ട ഇന്ത്യ ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് പരമ്പരയ്ക്ക് വേദിയായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ പരിഗണിച്ചത്. മത്സരം നേരിട്ടുകാണാൻ അവസരം ഇല്ലെങ്കിലും കേരളത്തിന്റെ മണ്ണിൽ വീണ്ടും രാജ്യാന്തര മത്സരം വിരുന്നെത്തുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു ക്രിക്കറ്റ് ആരാധകർ.



ക്വാറന്റൈൻ ഒഴിവാക്കുന്നതിനായി എല്ലാ മൽസരവും ഒറ്റ വേദിയിലാക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സാധ്യത പരിഗണിച്ചത്. ബയോ ബബിൾ അടക്കമുള്ള സംവിധാനങ്ങളോടെയാകും മൽസരം നടത്തുക. എന്നാൽ കേരളത്തിലെ കോവിഡ് വ്യാപനമാണ് മൽസരത്തിനുള്ള പ്രതിസന്ധിയെന്നും നേരത്തെ ആശങ്ക ഉണ്ടായിരുന്നു.

ഇതോടെ ക്രിക്കറ്റ് പ്രേമികളായി ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്റ്റേഡിയത്തിൽ ആർമി റിക്രൂട്ട്മെന്റ് റാലി നടത്താനുള്ള തീരുമാനത്തിനെതിരെ ദേവസ്വം മന്ത്രിയും സ്ഥലം എം എൽ എയുമായ കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. അന്താരാഷ്ട്ര പ്രശംസയടക്കം നേടിയ കാര്യവട്ടം സ്റ്റേഡിയം കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്പോർട്‌സ് ഹബുകളിൽ ഒന്നാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി ഒരുപാട് തുക മുടക്കിയാണ് ക്രിക്കറ്റ് പിച്ചുകൾ പരിപാലനം ചെയ്യുന്നതെന്നും, ആർമി റിക്രൂട്ട്മെന്റ് റാലി നടത്തിയാൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സാരമായ ഡാമേജുണ്ടാവുമെന്നുമുള്ള ആശങ്കയും പങ്കുവയ്ക്കുന്നു.

കേരളത്തിലേക്ക് അന്താരാഷ്ട്ര മത്സരങ്ങൾ കൂടുതലായി കൊണ്ട് വരുവാൻ ശ്രമിക്കുന്നതിന് പകരം വരുന്ന മത്സരങ്ങൾ പോലും നടത്താനുള്ള നീക്കങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നതായും ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. സർക്കാർ തലത്തിൽ ഈ വിഷയത്തിൽ ഇടപെടാൻ മുഖ്യമന്ത്രി അടക്കമുള്ളവരോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരത്തിനായി കാര്യവട്ടം ഗ്രീൻഫീൽ സ്റ്റേഡിയം വിട്ടുനൽകാൻ സാധിക്കില്ല എന്ന ബന്ധപ്പെട്ട നടത്തിപ്പ് ഏജൻസിയുടെ നിലപാട് അംഗീകരിക്കുവാൻ സാധിക്കുന്നതല്ല. അന്താരാഷ്ട്ര പ്രശംസയടക്കം നേടിയ കാര്യവട്ടം സ്റ്റേഡിയം കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്പോർട്സ് ഹബുകളിൽ ഒന്നാണ്. കേരളത്തിലേക്ക് അന്താരാഷ്ട്ര മത്സരങ്ങൾ കൂടുതലായി കൊണ്ട് വരുവാൻ ശ്രമിക്കുന്നതിന് പകരം വരുന്ന മത്സരങ്ങൾ പോലും തിരസ്‌കരിക്കുവാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും വകവച്ചുകൊടുക്കില്ല.

ആർമി റിക്രൂട്ട്‌മെന്റ്‌റാലിക്ക് വേണ്ടി പതിനഞ്ച് ദിവസത്തോളം സ്റ്റേഡിയം വിട്ടുനൽകിയതിനാലാണ് ക്രിക്കറ്റ് മത്സരങ്ങൾ നടത്തുവാൻ സാധിക്കാത്തത് എന്നാണ് സ്റ്റേഡിയം നടത്തിപ്പ് ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ മനസിലാക്കാൻ കഴിഞ്ഞത്. കേട്ടുകേൾവിയില്ലാത്ത ഇത്തരമൊരു തീരുമാനം എന്ത് അടിസ്ഥാനത്തിൽ എടുത്തു എന്ന് മനസിലാകുന്നില്ല. ഒരുപാട് തുക മുടക്കിയും വളരെയേറെ ശ്രദ്ധയോടെയുമാണ് ക്രിക്കറ്റ് പിച്ചുകൾ പരിപാലനം ചെയ്യുന്നത്.

റിക്രൂട്ട്‌മെന്റ് റാലി പോലെയുള്ള ഫിസിക്കൽ ആക്റ്റിവിറ്റികൾക്ക് പ്രാധാന്യമുള്ള പരിപാടികൾക്ക് സ്റ്റേഡിയം വിട്ടുനൽകുന്നതോടെ സാരമായ ഡാമേജ് ഗ്രൗണ്ടിലുണ്ടാകും എന്നത് സാമാന്യബോധമുള്ള ആർക്കും മനസിലാക്കാവുന്നതാണ്. പാങ്ങോട് മിലിട്ടറി ഗ്രൗണ്ടിലാണ് സാധാരണയായി ഇത്തരം റിക്രൂട്ട്‌മെന്റ് റാലികൾ നടക്കാറുള്ളത്. അവിടെയോ അല്ലെങ്കിൽ സൗകര്യമുള്ള മറ്റേതെങ്കിലും സ്ഥലത്തോ റിക്രൂട്ട്‌മെന്റ് റാലി മാറ്റി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങൾക്കായി തയ്യാറാക്കണം.

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരം നമ്മുടെ നിഷേധാത്മ സമീപനത്താൽ നഷ്ടപ്പെടുകയാണെങ്കിൽ ഭാവിയിൽ കാര്യവട്ടത്തെ പരിഗണിക്കാനിടയുള്ള ഐ പി എൽ,അന്താരാഷ്ട മത്സരങ്ങൾ കൂടി നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകും.ഠ20 ലോകകപ്പ് ഈ വർഷം ഇന്ത്യയിലാണ് നടക്കുന്നത് എന്നതിനാൽ ലോകകപ്പ് മത്സരത്തിനു ആതിഥേയത്വം വഹിക്കുവാനുള്ള അവസരം കൂടി നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന കാര്യം കൂടി നാം ഓർക്കേണ്ടതുണ്ട്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ഈ വിഷയം സംസാരിച്ചിട്ടുണ്ടെന്നും ക്രിക്കറ്റ് മത്സരങ്ങൾ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥ ഒരു കാരണവശാലും ഉണ്ടാകരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമാണ് ഞാൻ മനസിലാക്കുന്നത് . ഈ വിഷയം കായികവകുപ്പ് സെക്രട്ടറിയോടും, കേരള ക്രിക്കറ്റ് അസോസിയേഷനുമായും ഞാനും സംസാരിക്കുകയുണ്ടായി.

അബദ്ധജഡിലമായ ഈ തീരുമാനം തിരുത്തുവാനുള്ള നടപടികൾ ഉണ്ടാകണമെന്നും ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുവാൻ തയ്യാറാണെന്ന് ബി.സി.സി ഐ യെ അറിയിക്കണമെന്നും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.