ലണ്ടൻ: യുകെയിൽ നിന്നും നാട്ടിലേക്ക് പോരാൻ കുറഞ്ഞ നിരക്കിൽ എയർ ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ട്രാവൽ ഏജൻസി വഴി കോട്ടയം സ്വദേശി വെട്ടിച്ച തുക അഞ്ച് കോടിയിലേറെ രൂപ വരും. തട്ടിപ്പിന് ഇരയായ മലയാളികൾ ദിവസവും പരാതിയുമായി രംഗത്തെത്തുകയാണ്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി പുറത്തുകൊണ്ടുവന്ന തട്ടിപ്പു വാർത്തയുടെ വ്യാപ്തിയാണ് ദിവസം തോറും വലുതായി വരുന്നത്. ലണ്ടനിൽ ഗ്രീൻലാൻഡ് എന്ന ട്രാവൽ ഏജൻസി വഴി കോട്ടയം സ്വദേശി നോബി നടത്തിയ തട്ടിപ്പിൽ കുടുങ്ങിയത് മറ്റ് സൗത്തിന്ത്യക്കാരും ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനിടെ സ്വയം പാപ്പരായി നിയമപരിരക്ഷ നേടിയിരിക്കയാണ്് തട്ടിപ്പുകാരൻ.

ഒന്നോ രണ്ടോപേർ മാത്രം കബളിപ്പിക്കപ്പെട്ടിരിക്കാം എന്നായിരുന്നു വിമാന ടിക്കറ്റിന്റെ തട്ടിപ്പുവാർത്ത ആദ്യം യുകെയിലെ മലയാളികൾ നോക്കി കണ്ടത്. തട്ടിപ്പ് ഇരയായവർ ചേർന്ന് രൂപംകൊടുത്ത വാട്‌സ് ആപ്പ് ഗ്രൂപ്പിൽ നൂറ് പേരാണ് അംഗങ്ങളായിരിക്കുന്നത്. അഞ്ച് കോടിയിലേറെ രൂപയിലേറെ രൂപയുടെ തട്ടിപ്പ് ഗ്രീൻലാൻഡ് ഉടമകൾ നടത്തിയെന്നാണ് പുറത്തുവരുന്ന വാർത്തയും. അതിനിടെ ഗ്രീൻ ലാൻഡ് ട്രാവൽ ഉടമ കൊടുത്തു തീർക്കാനുള്ള തുക അഭിഭാഷക കമ്പനിയായ യങ്ങ് ആൻഡ് കൂപ്പർ പുറത്തു വിട്ടിട്ടുണ്ട്. ഇതനുസരിച്ച് 5,21,691. 57 പൗണ്ട് ആണ് നോബിക്കുള്ള കടബാധ്യത. മലയാളികൾക്കിടയിൽ മാത്രം ഒതുങ്ങി നിന്ന തട്ടിപ്പ് എന്ന ധാരണയും പപ്പാരകാനുള്ള നോബിയുടെ ശ്രമത്തിൽ പൊളിയുകയാണ്. തമിഴ്‌നാട് , കർണാടക, ആന്ധ്ര സ്വദേശികളായ 244 പേരുടെ കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മിൽടാൻ കേയ്ൻസിൽ ഐ ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒട്ടേറെ തെലുങ്ക് വംശജരുടെ പണം നഷ്ട്ടമായ വിവരവും പുറത്തുവട്ടിട്ടുണ്ട്.

യു കെ മലയാളികൾക്കിടയിൽ ഇതുവരെ നടന്ന ഏറ്റവും വലിയ തട്ടിപ്പ് എന്ന നിലയിലേക്കാണ് ഗ്രീൻ ലാൻഡ് ട്രാവൽ തട്ടിപ്പ് വളരുന്നത്. നാലോളം പേർ ചേർന്ന് നടത്തിയ പോൻസി ഇടപാടും അനേകം ഇടനിലക്കാർ ഉണ്ടായിരുന്ന മാജിക് പാത്ര തട്ടിപ്പിനെയുമൊക്കെ പിന്നിലാക്കുകയാണ് ഗ്രീൻലാൻഡ് തട്ടിപ്പ്. യങ്ങ് ആൻഡ് കൂപർ നല്കുന്ന വിവരം അനുസരിച്ച് വെറും പതിനായിരം രൂപയുടെ മൂല്യം മാത്രമായിരുന്നു നോബിയുടെ സ്ഥാപനത്തിന് ഉണ്ടായിരുന്നത്. കമ്പനിയുടെ ചെയർമാനും ഡയറക്ടറും എല്ലാം ചമഞ്ഞ് വൺമാൻ ആർമി കളിക്കുകയയിരുന്നു നോബി.

നോബി മാത്രം ഉടമയായ കമ്പനിയുടെ അസാധാരണ ജനറൽബോഡി ചേർന്ന് തങ്ങളെ കമ്പനി പാപ്പരാക്കാൻ നിയോഗിച്ചു എന്നാണ് യങ്ങ് ആൻഡ് കൂപർ പണം നഷ്ടമയവർക്കു അയച്ച കത്തിൽ പറയുന്നത്. ഗ്രീൻലാൻഡിലെ പാപ്പരായി പ്രഖ്യാപിക്കുന്നതോടെ യുകെയിൽ നോബിക്ക് നിയമപരിരക്ഷ ലഭിക്കും എന്നാൽ, തട്ടിപ്പിന് ഇരയായി മലയാളികൾ ഇയാളുടെ നാട്ടിലെ സ്വത്തുക്കൾ നോട്ടുമിട്ടു കഴിഞ്ഞു. എന്നാൽ ഇത് എത്ര മാത്രം പ്രായോഗികം ആണെന്ന കാര്യത്തിലും സംശയം അവശേഷിക്കുകയാണ്. ട്രസ്റ്റ് രൂപീകരിച്ചു വസ്തു വില്ക്കാം എന്ന് തീരുമാനിച്ചാൽ തന്നെയും വൻ കടബാധ്യതയും പണം കിട്ടനുള്ളവരുടെ എണ്ണപ്പെരുപ്പവും മൂലം വീതം വച്ച് വരുമ്പോൾ നാമമാത്ര തുക മാത്രമാകും ഓരോരുത്തർക്കും ലഭിക്കുക. ഈ വസ്തുവിൽ തന്നെ മറ്റു പണയ നടപടികളും നോബിയുടെ അമ്മയടക്കം ഉടമസ്ഥാവകാശം ഉള്ളതും മറ്റും വിൽപ്പനയ്ക്ക് തടസമായി നിൽക്കുന്നു.

അതിനിടെ നോബിയിൽ നിന്നും ടിക്കറ്റ് ലഭിക്കാതെ നാട്ടിൽ എത്തി തുടങ്ങിയവർ കേരളത്തിലും നിയമ നടപടികൾ ആരംഭിച്ചു. അതിനിടെ എല്ലാ ഇടപാടും നോബി വഴിയാണ് നടന്നതെന്നും പണം സംബന്ധിച്ച കാര്യങ്ങൾ നോബി നേരിട്ടാണ് ചെയ്തിരുന്നതെന്നും ജീവനക്കാർ പറയുന്നു. പണം നഷ്ടമായവരിൽ ഒരാൾ മുഖ്യമന്ത്രിക്കും പ്രവാസികാര്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മറ്റു ചിലർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു പണം നഷ്ടമായതിന്റെ മുഴുവൻ രേഖകളും പപ്പരകുവാൻ നടത്തുന്ന ശ്രമങ്ങളും പണം സ്വീകരിച്ചത് കോട്ടയം ഓഫീസ് വഴിയനെന്നും കാട്ടി ഡി ജി പി അടക്കമുള്ള പൊലീസ് മേധാവികൾക്ക് പരാതി നൽകി നോബിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള സാധ്യതയും തേടുകയാണ്. ഇയാൾ ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് കൈവശം വച്ചിരിക്കുന്നതിനാൽ കേരളത്തിലെ നിയമ നടപടികൾ അക്കം നല്കാൻ സഹായിക്കും എന്ന് കരുതപ്പെടുന്നു.

മാസങ്ങൾക്ക് മുൻപേ അഡ്വാൻസ് എന്ന നിലയിൽ പതിനായിരം-ഇരുപതിനായിരം രൂപയ്ക്ക് ഇടയിൽ വച്ച് 244 പേരിൽ നിന്നും പണം സ്വരൂപിച്ചായിരുന്നു നോബിയുടെ തട്ടിപ്പ്. ചിലർ ടിക്കറ്റിന്റെ തുക മുഴുവനും നൽകുകയും ചെയ്തിരുന്നു. യുകെയിൽ നിന്ന് യാത്രയ്ക്ക് ജൂലൈ- ഓഗസ്റ്റ് മാസങ്ങളിൽ കുറഞ്ഞ നിരക്ക് ലഭിക്കണമെങ്കിൽ മാസങ്ങൾക്ക് മുൻപേ ടിക്കറ്റ് എടുക്കേണ്ടതായിരുന്നു. ഈ അവസരമാണ് നോബി തട്ടിപ്പിനായി ഉപയോഗിച്ചത്. അംഗീകൃത ട്രാവൽ ഏജൻസികൾ എല്ലാം തന്നെ ഇടപാടുകാർക്ക് ടിക്കറ്റ് നൽകിയിരുന്നു. അഞ്ചും ആറും മാസങ്ങൾക്ക് മുൻപേ ടിക്കറ്റ് എടുക്കുന്നവരാണ് ഭൂരിപക്ഷം പേരും. അക്കാലത്ത് ടിക്കറ്റ് എടുത്താൽ ഒരാൾക്ക് ഏതാണ്ട് അൻപതിനായിരം രൂപ നിരക്കിൽ ലഭിക്കുമായിരുന്നു. ഒരാൾക്ക് അൻപതിനായിരം രൂപയിലും താഴെ ഉറപ്പ് നൽകിയാണ് നോബി പണം ശേഖരിച്ചത്. സുഹൃത്തുക്കളും പരിചയക്കാരും ഒക്കെ വഴി അനേകം പേർ ഇങ്ങനെ പണം നൽകുകയും ചെയ്തു. കോട്ടയത്തും ഗ്രീൻലാൻഡ് ട്രാവൽസിന് ബ്രാഞ്ചുണ്ടായിരുന്നു. വിവാദങ്ങളെ തുടർന്ന് കോട്ടയം ബ്രാഞ്ച് പൂട്ടുകയാണ് ഉണ്ടായത്.