- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസിലെ ഗ്രൂപ്പു വഴക്കിന്റെ പേരിൽ രണ്ടു കൊല്ലത്തിനിടെ തൃശൂരിൽ പൊലിഞ്ഞതു മൂന്നാമത്തെ ജീവൻ; {{സിപിഎം}} കൊലപാതക കഥകൾ പരമ്പരയാക്കുന്ന മുഖ്യധാര മാദ്ധ്യമങ്ങൾക്ക് ഇപ്പോഴും പ്രാദേശിക പ്രശ്നം മാത്രം
തൃശൂർ: കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന പേരിൽ വ്യാപക പ്രചാരണമാണു സിപിഎമ്മിനെതിരെ മുഖ്യധാരാ മാദ്ധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. കണ്ണൂരിലെ സിപിഐ(എം) നേതാക്കൾ എല്ലാം തന്നെ അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നും രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുന്നത് സിപിഎമ്മിന്റെ ഇടപെടലുകളാൽ ആണെന്നും മറ്റും വിവരിച്ചു പരമ്പരകൾ തന
തൃശൂർ: കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന പേരിൽ വ്യാപക പ്രചാരണമാണു സിപിഎമ്മിനെതിരെ മുഖ്യധാരാ മാദ്ധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. കണ്ണൂരിലെ സിപിഐ(എം) നേതാക്കൾ എല്ലാം തന്നെ അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നും രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുന്നത് സിപിഎമ്മിന്റെ ഇടപെടലുകളാൽ ആണെന്നും മറ്റും വിവരിച്ചു പരമ്പരകൾ തന്നെയാണു മുത്തശ്ശി പത്രങ്ങളും ചാനലുകളും പടച്ചുവിടുന്നത്.
എന്നാൽ, ഇവരൊന്നും കോൺഗ്രസ് പാർട്ടിയിലെ ഇരു ഗ്രൂപ്പുകൾ തമ്മിലുള്ള കുടിപ്പകയിൽ പൊലിയുന്ന ജീവനുകളൊന്നും കാണുന്നില്ല എന്നതാണു വാസ്തവം. കോൺഗ്രസ് ഗ്രൂപ്പുപോരിൽ തൃശൂർ ജില്ലയിൽ രണ്ടു വർഷത്തിനുള്ളിൽ പൊലിഞ്ഞത് മൂന്നു ജീവനാണ്. എന്നാൽ, ഇവയെല്ലാം വെറും പ്രാദേശിക പ്രശ്‌നങ്ങൾ മാത്രമായാണു മുൻ നിര മാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്. രാഷ്ട്രീയ നിറം പോലും ഇതിനു ചാർത്താൻ ശ്രദ്ധിക്കാറില്ലെന്നതും വസ്തുതയാണ്.
ചാവക്കാട് കോൺഗ്രസ് പ്രവർത്തകനായ എ സി ഹനീഫയെ കഴിഞ്ഞ ദിവസം ഗ്രൂപ്പു വിരോധം വച്ചു കൊലപ്പെടുത്തിയ സംഭവം നടന്നതോടെയാണ് ഇക്കാര്യത്തിൽ പല ചർച്ചകളും ആരംഭിച്ചത്. അയ്യന്തോളിൽ ഗ്രൂപ്പുപോരിൽ കോൺഗ്രസ് നേതാക്കളായ മധു ഈച്ചരത്തും ലാൽജി കൊള്ളന്നൂരും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വെള്ളിയാഴ്ച കോൺഗ്രസ് പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ ഹനീഫയുടെ ജീവനും എതിർ ഗ്രൂപ്പുകാർ എടുത്തത്.
യൂത്ത് കോൺഗ്രസ് മണ്ഡലം തെരഞ്ഞെടുപ്പിനെത്തുടർന്നുള്ള പോരാണ് മധു ഈച്ചരത്തിന്റെയും ലാൽജി കൊള്ളന്നൂരിന്റെയും കൊലപാതകത്തിലെത്തിച്ചത്. ഐ ഗ്രൂപ്പുകാരായ മധു ഈച്ചരത്തും ലാൽജി കൊള്ളന്നൂരും യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനെച്ചൊല്ലിയാണ് തെറ്റിപ്പിരിഞ്ഞത്. ഇതേത്തുടർന്ന് മധുവും സംഘവും ലാൽജി കൊള്ളന്നൂരിന്റെ സഹോദരൻ പ്രേംജി കൊള്ളന്നൂരിനെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ഭാര്യയുടെ മുന്നിലിട്ടായിരുന്നു വെട്ടിയത്.
മന്ത്രി സി എൻ ബാലകൃഷ്ണനാണ് മധുവിനെയും സംഘത്തിനെയും സംരക്ഷിക്കുന്നതെന്ന് ലാൽജിയും പ്രേംജിയും കൂട്ടരും ആക്ഷേപവും ഉയർത്തി. മധുവിനെ മന്ത്രി സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് പ്രേംജിയും ലാൽജിയും പിന്നീട് ഐഗ്രൂപ്പിൽനിന്ന് എ ഗ്രൂപ്പിലേക്ക് മാറുകയും ചെയ്തു.
തുടർന്ന് കൊലപാതകത്തിനുള്ള ആസൂത്രണമായി. തർക്കം മുറുകിയതോടെ 2013 ജൂൺ ഒന്നിന് മധു ഈച്ചരത്തിനെ കൊലപ്പെടുത്തിയത്. ഭാര്യയുടെ മുന്നിലിട്ടു തന്നെയായിരുന്നു കൊലപാതകം. ഇതിനു തൊട്ടുപിന്നാലെ ലാൽജി കൊള്ളന്നൂരിനെ മധുവിന്റെ സംഘം ക്രൂരമായി കൊലപ്പെടുത്തി. കോൺഗ്രസ് ഗ്രൂപ്പുപോരാണ് കൊലക്ക് പിന്നിലെന്ന് വ്യക്തമായിട്ടും പോരിനെ നിയന്ത്രിച്ച കോൺഗ്രസ് നേതാക്കളിലേക്ക് പൊലീസ് അന്വേഷണം എത്തിയില്ല. കൊലപാതകം നടത്തിയവരെ പിടികൂടി പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങൾ എത്തിച്ചേർന്നത്.
റിയൽ എസ്റ്റേറ്റ് ബിസിനസ്സും പലിശബിസിനസ്സുമൊക്കെ മധു ഈച്ചരത്തും ലാൽജി കൊള്ളന്നൂരും കോൺഗ്രസ് നേതാക്കളും തമ്മിൽ ഉണ്ടായിരുന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യം അന്വേഷിക്കാൻ പൊലീസ് തയ്യാറായില്ല. രണ്ടുകുടുംബങ്ങൾ അനാഥമായിട്ട് തിരിഞ്ഞു നോക്കാൻ പോലും ആരും എത്തിയതുമില്ല. കോൺഗ്രസ് നേതാക്കൾ ഇവരിൽ നിന്നു മുഖം തിരിക്കുകയായിരുന്നു. മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ കെപിസിസി പ്രസിഡന്റോ ഇവരുടെ വീട് സന്ദർശിക്കാത്തതിൽ പരാതികളും ഉയർന്നിരുന്നു.
മാസങ്ങളായി തുടരുന്ന എ-ഐ പോരാണ് ചാവക്കാട് തിരുവത്രയിലും കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിലെത്തിച്ചത്. പ്രവർത്തകൾ തമ്മിൽ വെട്ടിമരിക്കുന്ന കോൺഗ്രസ് ഗ്രൂപ്പുപോരിൽ നാടിന്റെ സമാധാനാന്തരീക്ഷം തന്നെ തകർന്നിരിക്കുകയാണ്.
വീട്ടുമുറ്റത്തിട്ട് ഹനീഫയെ കോൺഗ്രസിലെ എതിർ ഗ്രൂപ്പിലെ അക്രമിസംഘം ഹനീഫയെ വെട്ടിക്കൊന്നംശേഷം കോൺഗ്രസുകാർ ചേരിതിരിഞ്ഞ് വീടുകൾ പരസ്പരം ആക്രമിക്കുകയും ചെയ്തു. ഹനീഫയുടെ സഹോദരന്റെ മകനും യൂത്ത് കോൺഗ്രസ് എ വിഭാഗം പ്രവർത്തകനും കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റുമായ എ എസ് സെറൂക്കിനെ (20) ജൂൺ ഏഴിന് നടുറോഡിലിട്ട് ഐ വിഭാഗം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടിയിരുന്നു. തുടർന്ന് എ വിഭാഗക്കാരെയും ആക്രമിച്ചിരുന്നു. ഗ്രൂപ്പ് പോരിനെത്തുടർന്നുള്ള അക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാതിരുന്ന പൊലീസ് നടപടിയാണ് കൊലപാതകത്തിലെത്തിച്ചത്.
ഒരു വലിയ കലാപത്തിലേക്കു തിരിയുന്ന അവസ്ഥ കൈയും കെട്ടി നോക്കി നിൽക്കുകയാണു പൊലീസും ചെയ്തത്. തങ്ങൾക്കു നേരെയും അക്രമം നടത്തിയവരെ പൊലീസ് വെറും കൈയോടെ നോക്കിനിൽക്കുന്ന അവസ്ഥയാണ് കോൺഗ്രസ് ഗ്രൂപ്പു പോര് സംജാതമാക്കിയത്.
ഡിസിസി ട്രഷറർ പി കെ അബൂബക്കർ ഹാജി(പോക്കുട്ടിഹാജി), ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി എ ഗോപപ്രതാപൻ എന്നിവരുടെ നേതൃത്വത്തിലാണ് ഐ വിഭാഗം രംഗത്തിറങ്ങിയത്. പി യതീന്ദ്രദാസ്, കെ നവാസ്, യു കെ പീതാംബരൻ, ചാവക്കാട്, കടപ്പുറം, മണ്ഡലം പ്രസിഡന്റുമാരായ കെ വി ഷാനവാസ്, സി മുസ്താഖലി, ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ പി എ റഷീദ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ എ വിഭാഗവും ഗ്രൂപ്പ് പോരിന് ആക്കം കൂട്ടി. ആക്രമണവും പരസ്യമായ വെല്ലുവിളികളും ഗ്രൂപ്പുതിരിഞ്ഞുള്ള യുദ്ധത്തിലേക്കു നയിച്ചു.
എന്നാൽ, ഇതുവെറും പ്രാദേശിക പ്രശ്‌നങ്ങൾ മാത്രമെന്ന നിലപാടിലാണു മുൻ നിര മാദ്ധ്യമങ്ങൾ. കൊലപാതകങ്ങൾ തുടർക്കഥയായിട്ടും ഇതെക്കുറിച്ച് കാര്യമായി വാർത്തകൾ നൽകാൻ പോലും മാദ്ധ്യമങ്ങൾ തയ്യാറാകുന്നില്ല. സിപിഎമ്മിനെ അടിക്കാനായുള്ള വടികൾ പല മേഖലകളിൽ നിന്നു കണ്ടെത്തുമ്പോഴും ഇത്തരം പ്രശ്‌നങ്ങൾ മനഃപൂർവം അവഗണിക്കുന്ന നടപടികളാണ് മാദ്ധ്യമങ്ങൾ സ്വീകരിക്കുന്നത്.