മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടിയിൽ ഫാ.സേവ്യർ തേലക്കാട്ടിനെ കപ്യാർ കുത്തിക്കൊന്നത് സീറോ-മലബാർ സഭയിലെ തമില്ലടി്കും ആക്കം കൂട്ടുന്നു.കാനോൻ നിയമമാണ് അന്തിമമെന്ന് വാദിക്കുന്ന മേജർ ആർച്ചബിഷപ്പ് മാർ ആലഞ്ചേരിയെയും സഭയുമായി ബന്ധപ്പെട്ട ഭൂമിവിവാദത്തെയും പരാമർശിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.അതേസമയം, ഈ പോസ്റ്റുകളിലെ പരോക്ഷ ഭീഷണി കണക്കിലെടുത്ത് മാർ ആലഞ്ചേരി പിതാവിന് സംരക്ഷണം വേണമെന്ന് മറ്റൊരുവിഭാഗം ആവശ്യപ്പെടുകയും ചെയ്യുന്നു.

കോടികൾ നഷ്ടം വരുത്തിയ ഭൂമിവിവാദമാണ് സീറോ-മലബാർ സഭയിലെ തർക്കങ്ങൾ മൂർച്ഛിക്കാൻ കാരണമെന്ന് പറയേണ്ടതില്ല. കർദ്ദിനാളിനെതിരെ വാളെടുക്കുന്നവർക്ക് കിട്ടിയ ഒരായുധം കൂടിയായി ഫാ.സേവ്യർ തേലക്കാട്ടിന്റെ ദാരുണാന്ത്യം.

സഭയുടെ ഭൂമി ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഐജിക്ക് പരാതി നൽകിയ പോളച്ചൻ പുതുപ്പാറയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇ്‌പ്പോൾ ചർച്ചാവിഷയം.നീതിക്ക് വേണ്ടി നിലവിളിക്കുന്നവർ ചിലപ്പോൾ വാളെടുക്കുമെന്നാണ് കുരുശുമുടിയിലെ വൈദികന്റെ കൊലപാതകം പരാമർശിച്ച് പോളച്ചൻ പുതുപ്പാറ പറയുന്നത്.

നീതിക്ക് വേണ്ടി നിലവിളിക്കുന്നവർ ചിലപ്പോൽ ആയുധമെടുക്കും.പൗരോഹിത്യത്തിന്റെ കപടവിദ്യകൾ ഇനി നടപ്പില്ല.ഇപ്പോൾ കാനോൻ നിയമം പോരെന്ന് ആലഞ്ചേരിക്ക് ബോധ്യമായി കാണും.എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ മലയാറ്റൂർ കുരിശുമുടി കാണാം', പോളച്ചൻ പുതുപ്പാറ പറയുന്നു.കൊല്ലപ്പെട്ട ഫാ.സേവ്യർ വിശുദ്ധൻ.ജോമി മഹാപാപി ..ഇതായിരിക്കും പലരുടെയും ചിന്ത എന്നാൽ അതങ്ങനെയല്ലെന്ന് അദ്ദഹം പറയുന്നു തന്റെ പോസ്റ്റിൽ.

കർദ്ദിനാളിനെ തുണച്ചും പോസ്റ്റുകൾ നിരവധി:

'നീതിക്കു വേണ്ടി നിലവിളിക്കുന്നവർ ചിലപ്പോൾ വാളെടുക്കു'മെന്നു വക്കീൽ പോളച്ചൻ പുതുപ്പാറയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. നീതിക്കു വേണ്ടി നിലവിളിക്കുന്നു എന്നു അവകാശപെടുന്ന സുതാര്യതക്കാരാണോ സേവിയർ തേലക്കാട് അച്ചന്റെ കൊലപാതകത്തിന് പിന്നിൽ?

കൊലപാതകിയായ കപ്പ്യാർ അടുത്ത കാലം വരെ പരിശുദ്ധനായിരുന്നു എന്നും, മദ്യപാനത്തിന്റെ പേരിൽ പറിച്ചു വിറ്റപ്പെട്ട കപ്പ്യാർക്കു കാനൻ നിയമ വകുപ്പുകൾ ചൂണ്ടിക്കാട്ടി ആനുകൂല്യങ്ങൾ നിഷേധിച്ചതാണ് കൊലപാതക കാരണം എന്നും പോളച്ചൻ വക്കീൽ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൊലപാതകത്തെ സാധൂകരിക്കാൻ ന്യായീകരണങ്ങൾ കണ്ടെത്തുന്ന പോളച്ചൻ വക്കീൽ വീണ്ടും പറയുന്നു, തുടയിൽ കുത്തിയതുകൊലചെയ്യുക എന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല എന്ന്. മരണ കാരണവും വക്കീൽ തന്നെ കണ്ടെത്തി എന്നതാണ് അത്ഭുതപ്പെടുത്തുന്നത് !

ഹൃദ്രോഗി ആയിരുമ്പ അച്ചൻ രക്തം വാർന്നു മരിച്ചത് അദ്ദേഹത്തിന്റെ രക്തം കട്ടപിടിക്കാതെ പോയിരുന്നതുകൊണ്ട് ആയിരുന്നു എന്ന്. ഹൃദ്രോഗികളുടെ രക്തം കട്ടപിടിക്കില്ല എന്നത് പോളച്ചന് എവിടെ നിന്നു കിട്ടിയ അറിവാണ് ? (കടുത്ത ഹൃദ്രോഗവുമായി ആശുപത്രയിലെ എത്തുന്ന രോഗികളുടെ രക്തം കട്ടപിടിച്ചു് രക്ത ചംക്രമണം തടസ്സപ്പെടാതിരിക്കാനുള്ള ഹെപ്പാറിൻ എന്ന മരുന്നാണ് ഹൃദ്രോഗികൾക്ക് നൽകുന്നത്). ഇത്തരം ഒരു വ്യാജ വിശദീകരണം നല്കിയതിനുള്ള കാരണം പോളച്ചനും AMT ക്കാരും വിശദീകരിച്ച പറ്റൂ ! കൊലപാതകിയെ ഈ ഹീന കൃത്യത്തിന് പ്രേരിപ്പിച്ചത് AMT ക്കാർ അല്ലെ , എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ('പൗരോഹിത്യത്തിന്റെ കപട വിദ്യകൾ ഇനി നടക്കില്ല 'എന്നും പോളച്ചൻ മുന്നറിയിപ്പ് നൽകുന്നുണ്ട്)

ആരൊക്കെയാണ് ഇനി പോളച്ചന്റെ ഹിറ്റ് ലിസ്റ്റിലുള്ളവർ ?' ഇപ്പോൾ കാനൻ നിയമം പോരെന്നു ആലഞ്ചേരിക്കു ബോധ്യമായിക്കാണും' എന്ന മുന്നറിയിപ്പോടെയാണ് പോളച്ചൻ പുതുപ്പാറ തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് ! മാർ ആലഞ്ചേരിയാണോ പോളച്ചന്റെ അടുത്ത ഇര ? =മാർ ആലഞ്ചേരിക്കു പൊലീസ് സംരക്ഷണം ഏർപ്പെടുത്തുവാൻ സർക്കാർ തയ്യാറാവുമെന്നു പ്രതീക്ഷിക്കുന്നു !'

സത്യത്തിനും നീതിക്കും വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് മാർ ആലഞ്ചേരി വിരുദ്ധർ വാദിക്കുമ്പോൾ, കാനോനിക നിയമമാണ് ആധികാരികമെന്ന് മറുഭാഗം വാദിക്കുന്നു.കപ്യാർക്ക് ഫാദറിനോട് തോന്നിയ പകയ്ക്കപ്പുറം സീറോ-മലബാർ സഭയിലെ തർക്കങ്ങൾക്ക് എരിതീയിൽ എണ്ണയൊഴിക്കുന്ന സംഭവമായി കുരിശുമുടി കൊലപാതകം മാറിയിരിക്കുകയാണ്.ഇതിനൊപ്പം ജിജോ കുര്യൻ എഴുതിയ പോസ്റ്റും കൂടി വായിച്ചാൽ തിരിച്ചറിവിന്റെ പാതയിലേക്ക് സഭ നീങ്ങണമെന്ന സന്ദേശം കൂടി കടന്നു വരുന്നു.

'37 വർഷങ്ങൾ! ഒരു മനുഷ്യായുസ്സിൽ നിസ്സാര കാലയളവല്ല. 'ഇത്ര നാൾ കുരിശു ചുമന്നിട്ടും എന്തേ നീ ക്രിസ്തുവായില്ല?' എന്നൊരു ചോദ്യം അയാളോട് അവശേഷിക്കുന്നുണ്ട്. കാരണം അയാൾ ചുമന്ന കുരിശുകൾ ഒക്കെയും ശരീരത്തിൽ മാത്രമായിരിക്കാം. ഉള്ളിൽ ഒരു മലകയറ്റവും കുരിശുമരണവും നടന്നുകാണില്ല. (അതാണ് അദ്ദേഹവുമായുള്ള റ്റിനി ടോമിന്റെ അഭിമുഖം സൂചിപ്പിക്കുന്നത്). കാര്യങ്ങൾക്ക് ഒരു മറുവശം കൂടിയുണ്ട് - 37 വർഷങ്ങൾ! ഒരു മനുഷ്യായുസ്സിൽ നിസ്സാര കാലയളവല്ല. ഒരാളെ അയാൾ കൗമാരത്തിലോ നിറയൗവ്വനത്തിലോ ആരംഭിച്ച ഒരു ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നിസ്സാര കാരണങ്ങൾ പോരാ (കർത്തവ്യവിലോപം വരുത്താത്ത മദ്യപാനം പോലും/ കാരണങ്ങൾ ഇനിയും വ്യക്തമല്ല), കാരണം അതൊരു തൊഴിൽ മാത്രമല്ല ഒരു ജീവിതം തന്നെയാണ്. അതിൽ നിന്ന് അയാൾ മാറ്റപ്പെട്ടാൽ അയാൾ ജീവിതത്തിൽ നിന്ന് തന്നെയാണ് പിഴുതെറിയപ്പെടുന്നത് (നഷ്ടപ്പെടുന്ന ഒരാട് ആലയിൽ തന്നെയാവാം).

യൂറോപ്പിൽ ആയിരുന്ന കാലത്തിൽ ഒഴികെ ഒരു ദേവാലയത്തിലും പുരോഹിതൻ ബഹുമാനിക്കുന്ന ഒരു ദേവാലയശുശ്രൂഷിയെ കണ്ടുമുട്ടാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അതാണ് നമ്മുടെ നാട്ടിൽ ദേവാലയശുശ്രൂഷികളുടെ അവസ്ഥ. ഒരിക്കൽ മാത്രം ഞാൻ ഒരു ദേവാലയശുശ്രൂഷിയോട് കടുപ്പിച്ച് വർത്തമാനം പറഞ്ഞിട്ടുണ്ട് (സ്വകാര്യമായി), സ്വന്തം ഉത്തരവാദിത്വത്തിൽ വീഴ്ചവരുത്തിയതിന്റെ പേരിൽ അല്ല, മറ്റുള്ളവർ ചെയ്യേണ്ട ഉത്തരവാദിത്വം ചെയ്യാൻ അനുവദിക്കാത്തതിന്റെ പേരിൽ. പക്ഷേ, പിന്നീട് അയാളുടെ സേവനത്തിന് പള്ളി കൊടുക്കുന്ന വേതനത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ആത്മാർത്ഥമായി ഉള്ളിന്റെയുള്ളിൽ അയാളോട് മാപ്പിരക്കുകയും ചെയ്തു.

ഒരു ക്രിസ്തീയപ്രസിദ്ധീകരണത്തിന്റെ സെക്ഷൻഎഡിറ്റിങ് ജോലി ചെയ്യുണ്ട്. ഗവേഷണപരമായ ലേഖനങ്ങൾ എഴുതുന്ന ഇടമാണ്. സഭയ്ക്ക് പുറത്തു നിന്ന് ഒരു പ്രാവശ്യം ലേഖനം എഴുതിയ ആൾക്ക് അയാളുടെ ജോലിക്ക് കൂലി കൊടുക്കണം എന്ന് പറഞ്ഞപ്പോൾ ചീഫ് എഡിറ്റർ പറഞ്ഞത് 'ഇല്ലാത്ത ശീലങ്ങൾ മാസികയിൽ വളർത്തരുത്' എന്നാണ്. അതും കോടികളുടെ ആസ്തിയുള്ള സ്ഥാപനം. നീതി ചെയ്തിട്ട് നമുക്ക് സുവിശേഷം പ്രസംഗിക്കാം എന്ന് പറയാനാണ് മനസ്സിൽ തോന്നിയത്. കേരളത്തിലെ കത്തോലിക്കാസഭ ബൃഹത്തായ ഒരു ക്യാപ്പിറ്റലിസ്റ്റിക് സ്ഥാപനമാണ്. എന്നാൽ അതിൽ സേവനം ചെയ്യുന്നവർക്ക് മാനുഷികപരിഗണനയും നീതിപൂർവ്വകവുമായ വേതനവും കൊടുക്കുന്നതിൽ പലപ്പോഴും ഒരു വൻപരാജയമാണ്. ഈ ക്രൂരകൃത്യം ഒരു തിരിച്ചറിവിന്റെ വഴികൂടി തെളിക്കണം, സഭയ്ക്കും അതിൽ ശുശ്രൂഷചെയ്യുന്നവർക്കും."