കൊച്ചി :ചരക്ക്, സേവന നികുതി(ജിഎസ്ടി)യുടെ ആദ്യദിനത്തിൽ ഉപഭോക്താക്കൾക്ക് നഷ്ടം മാത്രം. ജിഎസ്ടി മൂലം സംസ്ഥാനത്തു വില കൂടേണ്ട നിത്യോപയോഗ സാധനങ്ങൾ അടക്കം മിക്കതിനും വില വർധിച്ചെങ്കിലും വില കുറയേണ്ടവയ്ക്കു പഴയ വില തന്നെ. ഇത് സാധാരണ നിലയിലാക്കാൻ സർക്കാർ ഇടപെടലും നടത്തിയില്ല.

ജിഎസ്ടി എത്തുമ്പോൾ നഗരങ്ങളിലെ സിനിമാ തിയറ്ററുകളിൽ ടിക്കറ്റ് നിരക്കു കുറയാൻ സാധ്യതയുണ്ടായിരുന്നെങ്കിലും സർക്കാരിന്റേതടക്കം പല തിയറ്ററുകളും ഇന്നലെ ടിക്കറ്റ് നിരക്കു കൂട്ടി. ഏതാനും ഇടങ്ങളിൽ കുറഞ്ഞിട്ടുമുണ്ട്. റിസർവേഷൻ ചാർജിനു മേൽ നികുതി സംബന്ധിച്ച ആശയക്കുഴപ്പം കാരണം മിക്ക തിയറ്ററുകളിലും റിസർവേഷൻ തൽക്കാലത്തേക്കു നിർത്തി. ഇതും ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കി.

അതിർത്തി ചെക്‌പോസ്റ്റുകളിൽ പ്രശ്‌നങ്ങളെല്ലാം തീർന്നമട്ടാണ്. മുൻപു മൂന്നു മണിക്കൂർ വരെ കാത്തിരിക്കേണ്ടി വന്ന സ്ഥാനത്തു രേഖകൾ കാട്ടി 10 മിനിറ്റിനകം ചരക്കുവാഹനങ്ങൾ കടന്നുപോയി. ആശയക്കുഴപ്പം ഇവിടെ ആർക്കും ഉണ്ടായില്ല. എന്നാൽ മറ്റെല്ലായിടത്തും സമ്പൂർണ്ണ പ്രതിസന്ധിയാണ്. പഴയ നികുതിയും പുതിയ നികുതിയും ഉൾപ്പെടുത്തി നിത്യോപയോഗ സാധനങ്ങളുടെ വിലമാറ്റപ്പട്ടിക ഇന്നലെ പുറത്തിറക്കുമെന്നു സർക്കാർ പറഞ്ഞിരുന്നെങ്കിലും നടന്നില്ല. പട്ടിക തയാറായിട്ടില്ലെന്നാണു സൂചന.

വാഹനം, മൊബൈൽ ഫോൺ, ഗൃഹോപകരണങ്ങൾ, സ്വർണം, സൂപ്പർ മാർക്കറ്റ് രംഗങ്ങളിലൊക്കെ വിൽപനയിൽ മാന്ദ്യമായിരുന്നു. മിക്ക വ്യാപാര സ്ഥാപനങ്ങളും പുതിയ സോഫ്റ്റ്‌വെയർ ലോഡ് ചെയ്യുന്ന തിരക്കിലായിരുന്നു. ബില്ലടിക്കാനുള്ള തയ്യാറെടുപ്പ് ആയിട്ടില്ലാത്തതിനാൽ ഉച്ചവരെ അടച്ചിട്ട സ്ഥാപനങ്ങളുമുണ്ട്.