ന്യൂഡൽഹി: അടുത്തകാലത്ത് കേന്ദ്രസർക്കാർ നടത്തുന്ന പരിഷ്‌ക്കരണങ്ങളെല്ലാം സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടായിരുന്നു. പല വിധത്തിലുള്ള കുരുക്കുകൾ ഒളിപ്പിച്ചു വച്ചു കൊണ്ടായിരുന്നു ഈ പരിഷ്‌ക്കരണങ്ങൾ. ഇതിൽ പ്രധാനപ്പെട്ടത് രണ്ട് കാര്യങ്ങളായിരുന്നു. ഒന്ന് നോട്ട് പിൻവലിക്കൽ നടപടിയും രണ്ടാമതായി ചരക്കു സേവന നികുതി (ജിഎസ്ടി) ബില്ലുമായിരുന്നു. കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യം അർഹിക്കുന്ന ഈ രണ്ട് കാര്യങ്ങളിലും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി നേരിടേണ്ടി വന്ന എതിർപ്പ് ഒരു മലയാളി നേതാവിൽ നിന്നായിരുന്നു. മറ്റാരുമല്ല, കേരള ധനമന്ത്രി തോമസ് ഐസക്കായിരുന്നു രാജ്യത്തെ അപ്രഖ്യാപിത പ്രതിപക്ഷ നേതാവിന്റെ റോളിലേക്ക് ഉയർന്നത്. നോട്ട് പിൻവലിക്കൽ ഉട്ടോപ്യൻ പരിഷ്‌ക്കാരമാണെന്ന് പരസ്യമായി പറഞ്ഞു കൊണ്ട് തന്നെ ഐസക് എതിർത്തു. ഒടുവിൽ, ഐസക്കിന്റെ വാദങ്ങൾ ശരിയാണെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയത്. മികച്ച സാമ്പത്തിക വിദഗ്ധനായ ഐസക്ക് തന്നെയായിരുന്നു ബിജെപിയുടെ വാദങ്ങൾ പൊളിച്ചത്. ഐസക് വീണ്ടും കേന്ദ്ര നിലപാടിനെ വിമർശിച്ച് താരമായത് ജിഎസ്ടി യോഗത്തിലായിരുന്നു.

കേന്ദ്രത്തിന് കൂടുതൽ അധികാരം നൽകുന്ന വിധത്തിലാണ് ജിഎസിടിയിലെ പല കാര്യങ്ങളും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്ലാൻ ചെയ്തിരുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർക്കാകട്ടെ ഈ കുരുക്കുകളെ കുറിച്ച് വ്യക്തമായ ധാരണകൾ ഒന്നും ഉണ്ടായിരുന്നില്ല. യുഡിഎഫിന്റെ കാലത്ത് കെ എം മാണിയെ ജിഎസ്ടി കൗൺസിലിന്റെ ചെയർമാനാക്കി വിഷയം തന്ത്രപരമായി തീർക്കാൻ കേന്ദ്രം നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാൽ, കേരളത്തിൽ ഭരണം മാറിയതോടെ ജിഎസ്ടി വിഷയത്തിൽ കേന്ദ്രത്തിന്റെ അപ്രമാധിത്യത്തെയും ചോദ്യം ചെയ്യുന്ന നേതാവ് ഉണ്ടായി. സാമ്പത്തിക ശാസ്ത്രത്തിൽ മികച്ച പരിചയമുള്ള തോമസ് ഐസക്ക് കേരള ധനമന്ത്രി ആയതോടെ പിന്നീട് നടന്ന ജിഎസ്ടി യോഗങ്ങളിൽ നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കാൻ ഒരാളായി. ഇതോടെ ശരിക്കും വെട്ടിലായത് ജെയ്റ്റ്‌ലിക്കാണ്. തുടർന്ന് ചേർന്ന യോഗങ്ങളിലെല്ലാം ഐസക് സംശയങ്ങൾ ഉന്നയിച്ചു.

നികുതി പിരിക്കാനുള്ള അവകാശങ്ങളെ കുറിച്ചായി ഇപ്പോൾ നടക്കുന്ന യോഗങ്ങളിലെ ചർച്ച. ഇവിടെയെല്ലാം ഐസക് സംസ്ഥാന താൽപ്പര്യം മുൻനിർത്തി സംസാരിച്ചതോടെ മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും ഐസക്കിനൊപ്പം ചേർന്നു. ഐസക്കിന്റെ അഭിപ്രായം അറിയാൻ ദേശീയ മാദ്ധ്യമങ്ങളും കാത്തു നിന്നു. ഇങ്ങനെ ജിഎസ്ടി യോഗങ്ങലിലെല്ലാം ഐസക് താരമായി നിറഞ്ഞതോടെ പണി കിട്ടിയത് കേന്ദ്രത്തിന് തന്നെയായിരുന്നു. കേന്ദ്രത്തിന് കൂടുതൽ ഇടപെടൽ നടത്താവുന്ന വിധത്തിലുള്ള പരിഷ്‌ക്കരണങ്ങൾ പൊളിച്ചെഴുതേണ്ടി വന്നു. ഇപ്പോൾ ചരക്കു സേവന നികുതി (ജിഎസ്ടി) സംസ്ഥാനങ്ങൾക്ക് അനുകൂലമായി 60:40 അനുപാതത്തിൽ വീതംവയ്ക്കണമെന്ന ആവശ്യമാണ് ജെയ്റ്റ്‌ലിക്ക് മുമ്പിൽ ഐസ്‌ക് ആവശ്യപ്പെട്ടത്. നികുതി ഘടനയിൽ ഏകീകൃത സ്വഭാവം വരുമ്പോൾ സംസ്ഥാനങ്ങളുടെ നഷ്ടം കുറയ്ക്കണമെന്ന ആവശ്യം മുൻനിർത്തിയായിരുന്നു ഐസക്കിന്റെ നീക്കങ്ങൾ.

സ്വാതന്ത്ര്യത്തിനു ശേഷം സംസ്ഥാനങ്ങളിൽ നിന്നു നികുതി വരുമാനം ക്രമാനുഗതമായി പിടിച്ചെടുത്തുവന്ന കേന്ദ്രത്തിനു തെറ്റു തിരുത്താനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 'റേറ്റ് സ്പ്ലിറ്റ്' കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യമായിരിക്കുമെന്ന (50:50) ധാരണ നിലനിൽക്കുന്നതിനിടെയാണു കേരളം ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഏതാനും യോഗങ്ങൾക്കു മുൻപും കേരളം ഇക്കാര്യം സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഉന്നയിച്ചിരുന്നില്ല. എന്നാൽ, ഐസക് വീണ്ടും വിഷയം ഉന്നയിച്ചതോടെ മറ്റ് സംസ്ഥാനങ്ങളും പിന്തുണയുമായി എത്തി. ഇത് ഐസക്കിന് ലഭിച്ച അംഗീകാരമായി.

സംസ്ഥാനങ്ങളെ വരുതിക്കുനിർത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം പുതിയ നിബന്ധനകൾ മുന്നോട്ടുവച്ച സാഹചര്യത്തിലാണു കൂടുതൽ വിഹിതമെന്ന ആവശ്യം സംസ്ഥാനം വീണ്ടും ഉയർത്തിയത്. കേന്ദ്രത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരായ ഐസക്കിന്റെ യുദ്ധപ്രഖ്യാപനമായിരു്‌നു ഇത്. ഇതോടെ തമിഴ്‌നാട്, ബംഗാൾ, ഡൽഹി, കർണാടക തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങൾ കേരളത്തിനു പിന്തുണ പ്രഖ്യാപിച്ചു. 16നു ചേരുന്ന കൗൺസിൽ യോഗത്തിൽ സംസ്ഥാനങ്ങളുടെ വിവിധ ആവശ്യങ്ങളോടു പ്രതികരിക്കുമ്പോൾ ഇക്കാര്യത്തിൽ തീരുമാനമറിയിക്കാനും കേന്ദ്രം നിർബന്ധിതമാകും.

തർക്കവിഷയങ്ങളിൽ നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടാമെന്ന കേന്ദ്ര വാഗ്ദാനം സംസ്ഥാനങ്ങൾക്കു സ്വീകാര്യമല്ലെന്നു തോമസ് ഐസക് തീർത്തു പറഞ്ഞു. ഇത് കേന്ദ്രത്തിന്റെ തന്ത്രമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയായിരുന്നു ഐസക്കിന്റെ നീക്കം. സംസ്ഥാനങ്ങൾക്കും സ്വന്തം നിയമ വകുപ്പുകളുണ്ട്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നികുതി വരുമാന നഷ്ടം 55,000 കോടി രൂപയാകുമെന്ന കേന്ദ്രത്തിന്റെ വിലയിരുത്തലിനോടും യോജിക്കാനാവില്ല. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നിലവിലുള്ള നികുതി വരുമാനത്തിൽ നിന്ന്, ജിഎസ്ടി നടപ്പാക്കുമ്പോഴുള്ള വരുമാനം കുറയ്ക്കുമ്പോൾ കിട്ടുന്ന തുകയാണിത്. നോട്ട് റദ്ദാക്കൽ മുഖേനയുള്ള ആഘാതവും മാന്ദ്യവും കണക്കിലെടുക്കുമ്പോൾ ആകെ നഷ്ടം ഒരു ലക്ഷം കോടി രൂപയിലെത്തുമെന്നു കേരള ധനമന്ത്രി വിലയിരുത്തി.

ജിഎസ്ടി ഏപ്രിലിൽ നടപ്പാക്കാനായിരുന്നു നേരത്തെ കേന്ദ്രം തീരുമാനിച്ചിരുന്നത്. എന്നാൽ, ഐസക്കിന്റെ കൃത്യമായ ഇടപെടലോട കേന്ദ്രം പറുന്നത് അപ്പാടെ വിശ്വസിച്ച് മുന്നോട്ടു പോകുന്നത് അബദ്ധമാകുമെന്ന ബോധ്യം മറ്റ് സംസ്ഥാനങ്ങൾക്കും ബോധ്യമായിട്ടുണ്ട്. ഇതോടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിയമം പാസാക്കി ചട്ടങ്ങൾക്കു രൂപംനൽകി സെപ്റ്റംബറോടെ രാജ്യമെങ്ങും ഏകീകൃത നികുതി കൊണ്ടുവരാനാണ് ധാരണ. ഇക്കാര്യത്തിൽ എല്ലാവരും യോഗിക്കുകയും ചെയ്യുന്നുണ്ട്.

നേരത്ത സംസ്ഥാനങ്ങൾക്കുള്ള ജി എസ് ടി നഷ്ടപരിഹാരതുക എങ്ങനെ കണ്ടെത്തണം? എന്നത് സംബന്ധിച്ച ചർച്ചയിലും ഐസക്കിന്റെ നിലപാടാണ് വിജയിച്ചിരു്ന്നത്. ഈ വിഷയത്തിൽ കേന്ദ്രധനകാര്യമന്ത്രാലയത്തിന് കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയാതെ വന്നത് ഡോ. തോമസ് ഐസക്കിന്റെ ചോദ്യങ്ങൾക്ക് മുമ്പിലാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ധനമന്ത്രിമാർ യോഗത്തിൽ ഉണ്ടായിരുന്നെങ്കിലും എല്ലാവരും കാതോർത്തതും വിശ്വസിച്ചതും ഐസക്കിന്റെ വാക്കുകൾക്കായിരുന്നു. സാമ്പത്തിക വിദഗ്ദ്ധർ കൂടിയായ കേരള ധനമന്ത്രി ശരിക്കും കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ജിഎസ്ടിയിൽ ഒളിപ്പിച്ചുവച്ച് ചില കുരുക്കുകൾ പൊളിച്ചടുക്കി. ഇതിൽ പ്രധാനമായിരുന്നത് സംസ്ഥാനങ്ങൾക്കുള്ള നികുതിനഷ്ടം പരിഹരിക്കാൻ വേണ്ടി അധിക സെസ് ഏർപ്പെടുത്താനുള്ള തീരുമാനമായിരുന്നു.

ജി എസ് ടി യുടെ മേൽ ഒരു സെസ് ഏർപ്പെടുത്തി തുക കണ്ടെത്താമെന്നായിരുന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി നിർദ്ദേശിച്ചത്. എന്നാൽ, ഈ വിഷയത്തിൽ കൃത്യമായി തന്നെ ഐസക്ക് ഇടപെട്ടു. മറ്റ് ധനമന്ത്രിമാരൊന്നും ഇതേക്കുറിച്ച് ആശങ്ക ഉന്നയിക്കാതിരുന്നപ്പോൾ സാമ്പത്തിക വിദഗ്ധൻ കൂടിയായ ഐസക്കിന് അവിടെയും ചോദ്യങ്ങളുണ്ടായിരുന്നു. സംസ്ഥാനങ്ങളുടെ ചെലവിൽ നഷ്ടപരിഹാരം കണ്ടെത്താനുള്ള ശ്രമം സ്വീകാര്യമല്ലെന്നും കേന്ദ്രത്തിന്റെ വരുമാനത്തിൽ നിന്ന് ഈ തുക നൽകണം എന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്. ഇക്കാര്യം കേരള ധനമന്ത്രി കൃത്യമായി വ്യക്തമാക്കിയതോടെ ഐസക്കിന് പിന്നിൽ അണിനിരക്കുകയായിരുന്നു മറ്റു ധനമന്ത്രിമാരും.

നിത്യോപയോഗ സാധനങ്ങളുടെനികുതി അഞ്ച് ശതമാനത്തിൽ നിന്നും കൂട്ടാൻ പറ്റില്ലെന്ന നിലപാടും കേരളത്തിന്റെ താൽപ്പര്യം മുൻനിർത്തി ഐസക്ക് യോഗത്തിൽ വ്യക്തമാക്കി. ഇത് കോടിക്കണക്കിന് വരുന്ന സാധാരണക്കാർക്ക് അധികബാധ്യത വരുത്തുന്ന ഇക്കാര്യത്തോട് അദ്ദേഹം യോജിച്ചില്ല. അവശ്യ സാധനങ്ങളുടെ നികുതി വർദ്ധിപ്പിക്കുന്നത് ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് ദോഷകരമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. എന്നാൽ, ആഡംബര ഉത്പന്നങ്ങൾക്ക് ജി എസ് ടി നികുതി കുറച്ചു, അധിക സെസ് പിരിക്കാനുള്ള നീക്കത്തെ അദ്ദേഹം എതിർക്കുകയും ചെയ്തു. ആഡംബര വസ്തുക്കളോട് താൽപ്പര്യമുള്ളവർ എന്തുകൊണ്ടും ഇത്തരം വസ്തുക്കളുടെ പിന്നാലെ പായും. അതുകൊണ്ട് ഇത്തരം വസ്തുക്കളുടെ നികുതി വർദ്ധിപ്പിക്കുന്നതിൽ തെറ്റില്ലെന്നും ഐസക്ക് കൈക്കൊണ്ട നിലപാട്. വസ്തുതകൾ നിരത്ത് അദ്ദേഹം നിലപാട് വിശദീകരിച്ചതോടെ അരുൺ ജെയ്റ്റ്‌ലിക്കും കൂട്ടർക്കും കടുംപിടുത്തത്തിൽ നിന്നും പിന്നോട്ടു പോകേണ്ടി വന്നു. അവിടെ വിജയച്ചിരിയോടെ ഐസക്കുണ്ടായിരുന്നു.

പുതിയ ജിഎസ്ടി നിയമപ്രകാരം കൗൺസിൽ അംഗീകാരമില്ലാതെ കേന്ദ്രത്തിന് ചരക്കുകളുടെ മേൽ ചുമത്താവുന്ന സെസ്സ് പുകയിലയുടെത് മാത്രമാണ്. ഈ പശ്ചാത്തലത്തിൽ പുതിയ നികുതിയധികാരം കൗൺസിൽ തീരുമാനപ്രകാരം ഏറ്റെടുക്കുന്ന സ്ഥിതി വിശേഷം ഒരിക്കലും അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് കേരളം എടുത്തത്. ആഡംബര ഉത്പന്നങ്ങൾക്ക് 35 ശതമാനം വരെ നികുതിയാകാം എന്ന നിലപാടാണ് കേരളം മുന്നോട്ടുവച്ചത്. എന്നാൽ ഇത് 26 ശതമാനമായി കുറച്ചു പകരം കേന്ദ്രം അധിക സെസ് പിരിക്കുന്ന നിലപാടിനെയാണ് ധനമന്ത്രിമാരുടെ യോഗത്തിൽ തോമസ് ഐസക് എതിർത്ത് തോൽപ്പിച്ചത്. നിർദ്ദേശവുമായി മുന്നോട്ടുപോവുകയാണെങ്കിൽ കേരളം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുമെന്നും വേണ്ടിവന്നാൽ വോട്ടെടുപ്പിന് തയ്യാറാണെന്നും തോമസ് ഐസക് അറിയിച്ചു. ഇതോടെ ഐസക് പറയുന്നതിൽ കാര്യമുണ്ടെന്ന് മറ്റ് ധനമന്ത്രമാർക്കും ബോധ്യമായി. ഇവർ ഐസക്കിന്റെ വാദങ്ങളെ പിന്തുണക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് ജെയ്റ്റ്‌ലിയും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിമാരും ഐസക്കുമായി തർക്കിച്ചെങ്കിലും വാദങ്ങളൊന്നും വിലപ്പോയില്ല. അവസാനം പുകയിലയുടെ മേലുള്ള സെസ്സിൽ നിന്നും കൽക്കരിയുടെയും മറ്റും ഉപയോഗം നിരുൽസാഹപ്പെടുത്തുന്നതിനാവശ്യമായ കാർബൺ ടാക്‌സിന്റെയും വരുമാനം നഷ്ടപരിഹാരത്തിനായി നീക്കി വയ്ക്കാൻ തീരുമാനമായി. എന്നാൽ ഇങ്ങനെ കണ്ടെത്തുന്ന തുക അപര്യാപ്തമാകുമെന്ന കാര്യവും ഐസക്ക് ചൂണ്ടിക്കാട്ടി. ഈ രണ്ട് മാർഗ്ഗങ്ങളിലൂടെയും 44000 കോടി രൂപയെ കണ്ടെത്താനാവൂ. ബാക്കി 7000 കോടി രൂപ ചില ആഡംബര വസ്തുക്കളുടെ മേലുള്ള സെസ്സിലൂടെ കണ്ടെത്താമെന്ന് ഏതാണ്ട് എല്ലാവരും യോജിപ്പിലെത്തി. എന്നാൽ, ഇക്കാര്യത്തിലെ അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ കേരളം ഇക്കാര്യത്തിൽ വിയോജിച്ചു.

ജിഎസിടുയെട ആദ്യ കൗൺസിലിൽ തന്നെ ഭിന്നാഭിപ്രായം രേഖപ്പെടുത്തിന്നിടത്ത് കാര്യങ്ങൾ എത്തിയപ്പോൾ കേന്ദ്രസർക്കാർ നിലപാട് മാറ്റുകയായിരുന്നു. ആഡംബര വസ്തുക്കളുടെ മേലുള്ള നികുതിക്ക് പകരം എങ്ങനെ ആവശ്യമായ അധികതുക കണ്ടെത്താമെന്ന് ഉദ്യോഗസ്ഥരുടെ സമിതി പരിശോധിക്കട്ടെയെന്ന സമവായം സ്വീകരിച്ചു. ആഡംബര വസ്തുക്കളുടെ മേൽ സെസ്സ് ചുമത്തുകയല്ല നികുതി നിരക്ക് ഉയർത്തുകയാണ് വേണ്ടത് എന്നാണ് കേരളത്തിന്റെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ 26 ശതമാനം നികുതിയാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്.

ഈ ഉൽപ്പന്നങ്ങൾക്കെല്ലാം ഇപ്പോൾ വാറ്റ് + എക്‌സൈസ് നികുതി 30 48 ശതമാനം ആണ് . ഇവയുടെ നിരക്ക് 26 ൽ പരിമിതപ്പെടുത്തുന്നതിന് ഒരു ന്യായീകരണവും ഇല്ല. ഇപ്പോൾ തന്നെ സംസ്ഥാനങ്ങൾ 14.5 ശതമാനം വാറ്റ് നികുതി ചുമത്തുന്ന ഈ ചരക്കുകൾക്ക് ഇനിമേൽ 13 ശതമാനമേ ജി എസ് ടി വിഹിതമായി സംസ്ഥാനങ്ങൾക്ക് ലഭിക്കുകയുള്ളൂ. 26 ശതമാന നിരക്ക് ഉയർത്തുകയോ ഇപ്പോൾ ഉയർന്ന നിരക്കുകളുള്ള ഉൽപ്പന്നങ്ങൾക്കായി പ്രത്യേകം ഉയർന്ന ജി എസ് ടി നിരക്ക് ഏർപ്പെടുത്തുകയൊ വേണം എന്നതാണ് കേരളത്തിന്റെ നിലപാട്. ഈ നിലപാടുകൾക്ക് ബിജെപി ഭരിക്കുന്ന ധനമന്ത്രിമാരുടെ പോലും പിന്തുണ ലഭിച്ചത് തോമസ് ഐസക്കിനായിരുന്നു.