തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്‌കൂൾ നടത്തിപ്പ് സംബന്ധിച്ച് വിശദമായ മാർഗരേഖ പുറത്തിറക്കി. ഒന്നു മുതൽ ഒൻപതാം ക്ലാസുവരെ ജനുവരി 21 മുതൽ രണ്ടാഴ്ച ഓൺലൈൻ ക്ലാസുകളായിരിക്കും. എല്ലാവർക്കും ഡിജിറ്റൽ സൗകര്യം ഉറപ്പാക്കുമെന്നും മാർഗരേഖയിൽ പറയുന്നു.

അതിനു ശേഷം സാഹചര്യം വിലയിരുത്തി തുടർ നിർദ്ദേശങ്ങൾ നൽകും. 10, പ്ലസ് വൺ, പ്ലസ് ടൂ വിദ്യാർത്ഥികൾക്ക് സ്‌കൂളുകളിൽ ക്ലാസ് തുടരും. സ്‌കൂളുകളിലെ ഓഫിസ് പതിവുപോലെ പ്രവർത്തിക്കും. എല്ലാ അദ്ധ്യാപകരും സ്‌കൂളുകളിൽ ഹാജരാകണം. സെക്കൻഡറി ഹയർ സെക്കൻഡറി സ്‌കൂളുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അടച്ചിടാൻ അദ്ധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

വിദ്യാർത്ഥികളുടെ പഠന പുരോഗതി അപ്പപ്പോൾ വിലയിരുത്തണം. മാർഗരേഖയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ ചേരുന്ന കോവിഡ് അവലോകനയോഗത്തിൽ ആയിരിക്കും അന്തിമതീരുമാനം ഉണ്ടാകുക.

അതേസമയം, 34,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂർ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂർ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസർഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,85,742 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 6203 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 1,68,383 കോവിഡ് കേസുകളിൽ, 3.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.