അഹമ്മദാബാദ്: രാജ്യത്ത് തെക്ക് പടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിച്ചതോടെ മിക്ക സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം. ഗുജറാത്തിലാണ് വൻ പ്രളയം അനുഭവപ്പെട്ടത്. ഇവിടെ കനത്തമഴയിൽ മരിച്ചവരുടെ എണ്ണം ഏഴായി മാറി. നദികളും കരകവിയുകയും ഡാമുകൾ നിറഞ്ഞ് ഒഴുകുകയുമാണ്. പലയിടത്തും വെള്ളത്തിനടിയിലാണ്. പ്രളയസമാനമായ സാഹചര്യത്തിൽ പതിനായിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. 500ലേറെ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി.

ഗുജറാത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിനിടെയാണ് ഏഴ് പേർ മരിച്ചത്. ജൂൺ ഒന്നുമുതൽ കനത്ത മഴയെ തുടർന്ന് മരിച്ചത് 63 പേരാണ്. അപകടങ്ങളിൽ പെട്ട 468 പേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു.

മഹാരാഷ്ട്രയിലും ശക്തമായ മഴ തുടരുകയാണ്. അടുത്ത ദിവസങ്ങളിലും തീവ്രമഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ. മുംബൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ഡൽഹിയിലെ വിവിധ ഭാഗങ്ങളിലും വ്യാപകമായി മഴ പെയ്തു. കനത്ത മഴയെ തുടർന്ന് പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്നും അധികൃതർ പറഞ്ഞു.

തെലങ്കാനയിൽ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം ഏഴായി. 24 മണിക്കൂറിനിടെ മൂന്ന് പേരാണ് മരിച്ചത്. തീവ്ര മഴകണക്കിലെടുത്ത് മിക്കജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നദികൾ കരികവിഞ്ഞൊഴുകയാണ്. ഡാമുകൾ നിറഞ്ഞ സാഹചര്യമാണുള്ളത്. ചിലിയിടത്ത് വാഹനഗതാഗതം നിർത്തിവച്ചതായും അധികൃതർ അറിയിച്ചു. ആന്ധ്രാപ്രദേശിൽ ഗോദാവരി നദി കരകവിഞ്ഞൊഴുകുമെന്ന് മുന്നറിയിപ്പ്് നൽകിയിട്ടുണ്ട്.