ഗാന്ധിനഗർ: സൂര്യന്റെ കനത്ത ചൂട് ഗുജറാത്തിനെ ചുട്ടു പൊള്ളിക്കുകയും ജലസ്രോതസുകൾ വറ്റി വരളുകയും ചെയ്തതോടെ മൺസൂൺ ശക്തമാക്കാൻ ദൈവീക ഇടപെടലിന് വേണ്ടി ഗുജറാത്ത് സർക്കാർ യാഗം നടത്താൻ ഒരുങ്ങുന്നു. മഴയുടെ ദൈവമായ ഇന്ദ്രനേയും വായു ദേവനായ വരുണനേയും പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനാണ് ഗുജറാത്ത് സർക്കാർ ഒരുങ്ങുന്നത്. ഇതിനായി ഖജനാവിൽ നിന്നും ലക്ഷങ്ങൾ ചെലവാക്കി പർജന്യ യജ്ഞം നടത്താൻ ഒരുങ്ങുകയാണ് വിജയ് രൂപാണി സർക്കാർ.

ഈ വരുന്ന മെയ് 31ന് 33 ജില്ലാ ആസ്ഥാനങ്ങളിലും എട്ട് നഗരങ്ങളിലുമാണ് സർക്കാർ ചെലവിൽ പർജന്യ യാഗം നടക്കുക. സർക്കാർ ചെലവിൽ യജ്ഞം നടത്തുന്ന മതേതര സർക്കാൽ ഇതോടെ ലോകമാധ്യമങ്ങളിലും വാർത്തയായി. യാഗം നടത്തി ഈ മൺസൂണിൽ കൂടുതൽ മഴ ഗുജറാത്തിൽ പെയ്യിക്കണം. ഇത് വഴി നദികളും തടാകങ്ങളും കുളങ്ങളും കനാലുകളും എല്ലാം ജലത്താൽ നിറയണമെന്നുമാണ് വിജയ് രൂപാണി സർക്കാർ യാഗത്തിലൂടെ ലക്ഷ്യമിടുന്നത്. ബുധനാഴ്ച നടന്ന കാബിനറ്റ് മീറ്റിങിലാണ് മഴ പെയ്യിക്കാൻ യാഗം നടത്താൻ സർക്കാർ തീരുമാനം എടുത്തത്.

41 സ്ഥലങ്ങളിലും നടക്കുന്ന യാഗത്തിന് ശേഷം പ്രസാദം ഉപമുഖ്യമന്ത്രി നിതിൽ പട്ടേലും മുഖ്യമന്ത്രി വിജയ് രൂപാണിയും ചേർന്ന് വിതരണം ചെയ്യും. സംസ്ഥാന മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും യാഗങ്ങളിൽ പങ്കെടെുക്കുമെന്നും പൊതു പരിപാടിയിൽ നിതിൻ പട്ടേൽ വ്യക്തമാക്കി.
ഗുജറാത്ത് സർക്കാരിന്റെ ഒരു മാസം നീളുന്ന ഈ പരിപാടി 'സജലാം സഫലാം ജൽ അഭിയാൻ' എന്ന പേരിലായിരിക്കും നടത്തുക. വേനൽമഴ കാര്യമായി കനിഞ്ഞിരുന്നില്ലെങ്കിൽ കൃത്രിമമഴ പെയ്യിക്കാൻ കേരള സർക്കാർ ഉൾപ്പെടെയുള്ളവർ നേരത്തേ ആലോചിച്ചത് വാർത്തയായതിന് തൊട്ടു പിന്നാലെയാണ് സർക്കാർ ഖജനാവിലെ പണമെടുത്ത് യാഗം നടത്താൻ ഗുജറാത്ത് സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്.

ഈ വേനലിൽ കടുത്ത ജലദൗർലഭ്യം നേരിട്ട സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്. വേനൽ കടുത്തതോടെ സംസ്ഥാനത്തെ 204 ഡാമുകളിലും മൊത്തം കപ്പാസിറ്റിയായ 25,227 ദശലക്ഷം കുബിക് മീറ്ററിൽ വെറും 29 ശതമാനം മാത്രമാണ് നിറഞ്ഞിട്ടുള്ളത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നിൽക്കേ മൺസൂൺ ചതിക്കുന്നത് സർക്കാരിന് തന്നെ ദോഷകരമായി മാറുമോയെന്നും അടുത്ത തെരഞ്ഞെടുപ്പിൽ തന്നെ അത് തിരിച്ചടിയായി മാറുമോയെന്നും രൂപാണി സർക്കാർ സംശയിക്കുന്നു.

എന്തായാലും മഴപെയ്യിക്കാൻ യാഗം നടത്തുന്ന വിജയ് രൂപാണി സർക്കാരിനെ ലോകമാധ്യമങ്ങളും അറിഞ്ഞ് കളിയാക്കിയിട്ടുണ്ട്. മതേതര സർക്കാരിന്റെ മതേതര യാഗമാണ് ചർച്ചയാകുന്നത്. ഖജനാവിൽ നിന്നും യാഗങ്ങൾ നടത്താൻ ലക്ഷക്കണക്കിന് രൂപയായിരിക്കും ചെലവാകുക.