അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസ് എം എൽ എമാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. ഇന്ന് രണ്ടു പേർ കൂടി രാജി വച്ചതോടെ പാർട്ടി വിട്ടവരുടെ എണ്ണം അഞ്ചായി. ഇന്നലെ മൂന്നു പേർ രാജിവച്ചിരുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷാ ഗുജറാത്തിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങവേയാണ് കോൺഗ്രസിന് ഉള്ളിൽ നിന്നുതന്നെ കനത്ത പ്രഹരം ലഭിക്കുന്നത്. മാൻ സിങ് ചൗഹാൻ, ഛനഭായ് ചൗധരി എന്നിവരാണ് ഇന്ന് രാജിവച്ചത്.

പാർട്ടി വിട്ടവർ ബിജെപിയിൽ ചേരും. കഴിഞ്ഞ ദിവസം കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയായ ശങ്കർ സിങ് വഗേല കോൺഗ്രസ് വിട്ടിരുന്നു. വഗേലയുടെ വിശ്വസ്തരാണ് ഇന്ന് എംഎ‍ൽഎ സ്ഥാനം രാജിവച്ചത്. പാർട്ടി ചീഫ് വിപ്പ് കൂടിയായ ബൽവന്ത് സിങ് രാജ്പുത് ആണ് ഇവരിൽ പ്രമുഖൻ. തേജശ്രീ പട്ടേൽ പി.ഐ പട്ടേൽ എന്നിവരും ഇന്നലെ രാജിവച്ചിരുന്നു. ബിജെപി പിന്തുണയോടെ രാജ്യസഭയിലേക്ക് രാജ്പുത് മത്സരിക്കുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് മത്സരിക്കുന്ന അഹമ്മദ് പട്ടേലിന്റെ വിജയസാഛ്യതയെ ഇത് അട്ടിമറിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനായ പട്ടേൽ രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടാനുള്ള ഒരുക്കത്തിലായിരുന്നു.

പട്ടേൽ പരാജയപ്പെട്ടാൽ അത് പാർട്ടിയുടെ അപചയം മാത്രമാവില്ല, ഗുജറാത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും ഗാന്ധി കുടുംബത്തിന്റെയും രാഷ്ട്രീയ തകർച്ചകൂടിയായിരുക്കും കാണേണ്ടിവരിക. ഓഗസ്റ്റ് എട്ടിനാണ് ഗുജറാത്തിൽ നിന്നുള്ള മൂന്നു രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. അമിത് ഷായ്ക്കൊപ്പം സ്മൃതി ഇറാനിയും വിജയം ഉറപ്പിച്ചിരിക്കുകയാണ്. മൂന്നാമത്തെ സീറ്റിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. പട്ടേലിനെതിരെ രാജ്പുതിനെ നിർത്തിയ ബിജെപി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വഗേലയുടെ വിശ്വസ്തരായ 11 പേർ രാംനാഥ് കോവിന്ദിനാണ് വോട്ട് ചെയ്തത്.

ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായിരുന്ന ശങ്കർ സിങ് വഗേല ഏതാനും ദിവസം മുമ്പാണ് പാർട്ടി വിട്ടത്.കോൺഗ്രസ് അംഗത്വം ഉൾപ്പടെ എല്ലാ ചുമതലകളിൽ നിന്നും ഒഴിയുകയാണെന്ന് വഗേല തന്നെ പ്രഖ്യാപിക്കുകയായിരുന്നു. തന്റെ 77ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിനഗറിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു വഗേല ഇക്കാര്യം അറിയിച്ചത്. എന്നാൽ വഗേലയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന ആരോപണം തെറ്റാണെന്നും തീരുമാനം അദ്ദേഹം സ്വമേധയാ എടുത്തതാണെന്നുമായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.