- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്ത് മോഡൽ ഭരണനിർവഹണം പഠിക്കുന്നതിന് ചീഫ് സെക്രട്ടറി തല സംഘം ഗുജറാത്ത് സന്ദർശിച്ചിട്ടില്ല; എന്നാൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ്‌ബോർഡ് സിസ്റ്റത്തിന്റെ പ്രസന്റേഷനിൽ പങ്കെടുക്കുന്നതിന് പോയിരുന്നു; ആ യാത്രയിൽ ഒളിച്ചുകളി; വ്യക്തമായ മറുപടി പറയാതെ മുഖ്യമന്ത്രി
തിരുവനന്തപുരം : ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയുടെയും സംഘത്തിന്റെയും ഗുജറാത്ത് സന്ദർശനത്തെ കുറിച്ചുള്ള നിയമസഭ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ മുഖ്യമന്ത്രിയുടെ ഒളിച്ചുകളി. ഇതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾ ഒറ്റ ഉത്തരം നൽകി 'മുങ്ങൽ ' നടത്തിയിരിക്കുയാണ് മുഖ്യമന്ത്രി .
ഈ സർക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയുടെ സംഘം ഗുജറാത്ത് സന്ദർശിച്ചിരുന്നോ , പ്രസ്തുത സന്ദർശനത്തിന്റെ ഉദ്ദേശലക്ഷ്യം, ഉദ്യോഗസ്ഥ സംഘത്തെ ഗുജറാത്തിലേക്ക് നിയോഗിക്കാൻ ഇടയായ സാഹചര്യം, പഠനത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ, റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ, മുൻ സർക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയുടെ സംഘം ഏതൊക്കെ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട് തുടങ്ങിയ ചോദ്യങ്ങൾക്ക് ' ഗുജറാത്ത് മോഡൽ ഭരണനിർവഹണം പഠിക്കുന്നതിന് ചീഫ് സെക്രട്ടറി തല സംഘം ഗുജറാത്ത് സന്ദർശിച്ചിട്ടില്ല.
എന്നാൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ്‌ബോർഡ് സിസ്റ്റത്തിന്റെ പ്രസന്റേഷനിൽ പങ്കെടുക്കുന്നതിന് ചീഫ് സെക്രട്ടറിക്കും അദ്ദേഹത്തിന്റെ സ്റ്റാഫ് ഓഫി സർക്കും 27.4-22 മുതൽ 29 - 4 - 22 വരെ ഗുജറാത്ത് സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു ' എന്ന ഒരേ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. കോൺഗ്രസ് എംഎൽഎമാരായ സണ്ണി ജോസഫ് , ഉമ തോമസ്, എ.പി.അനിൽകുമാർ , ഷാഫി പറമ്പിൽ എന്നിവരായിരുന്നു മുഖ്യമന്ത്രിയോട് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരമാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയച്ചതെന്ന് ചീഫ് സെക്രട്ടറി തന്നെ വെളിപ്പെടുത്തിയിരുന്നു.
ഗുജറാത്ത് സന്ദർശിച്ച ചീഫ് സെക്രട്ടറി ഗുജറാത്തിലെ ഭരണ സംവിധാനങ്ങളെ പ്രകീർത്തിച്ച് സംസാരിച്ചിരുന്നു. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് മടങ്ങിവന്നയുടനെ ചീഫ് സെക്രട്ടറി ഗുജറാത്ത് സന്ദർശനവുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സ്ഥാപിച്ചതു പോലെ ഡാഷ് ബോർഡ് സിസ്റ്റം അടിയന്തിരമായി സ്ഥാപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ ഉള്ളടക്കം.
ഊരാളുങ്കനിനായിരിക്കും ഡാഷ് ബോർഡ് സിസ്റ്റം സ്ഥാപിക്കുന്നതിന്റെ ചുമതല തുടങ്ങിയ വിശദാംശങ്ങൾ പുറത്ത് വന്നിരുന്നു. കേരള മോഡലിനെ തള്ളി ഗുജറാത്തിൽ പഠിക്കാൻ ചീഫ് സെക്രട്ടറിയെ അയച്ച മുഖ്യമന്ത്രിയുടെ നടപടി സംസ്ഥാനത്ത് വൻ വിവാദമായിരുന്നു. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ അതിശക്തമായി രംഗത്ത് വന്നിരുന്നു. ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്റെ കണ്ടെത്തലുകളും ശുപാർശകളും സംബന്ധിച്ച് നിയമസഭയിൽ ഉത്തരം നൽകിയാൽ ഉണ്ടാകുന്ന രാഷ്ട്രിയ വിവാദം ഒഴിവാക്കാനാണ് നിയമസഭാ മറുപടിയിലെ മുഖ്യമന്ത്രിയുടെ ഒളിച്ചുകളിയെന്ന് വ്യക്തം.