ബംഗളൂരു: കലബുർഗിയിലെ അൽ ഖമർ നേഴ്‌സിങ് കോളേജിൽ മലയാളി വിദ്യാർത്ഥിനി റാഗിങ്ങിന് ഇരയായ സംഭവത്തിൽ പ്രതികൾക്കു ജാമ്യമില്ല. പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി.

സീനിയർ വിദ്യാർത്ഥിനികളായ കൊല്ലം സ്വദേശിനി ലക്ഷ്മി പിള്ള, ഇടുക്കി സ്വദേശി ആതിര റെജി, കൃഷ്ണപ്രിയ എന്നിവരുടെ ജാമ്യഹർജിയാണു കലബുറഗി രണ്ടാം അഡീഷനൽ സെഷൻസ് കോടതി തള്ളിയത്.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പെൺകുട്ടികൾ അഭിഭാഷകൻ മുഖേനയാണ് അപേക്ഷ സമർപ്പിച്ചത്. റാഗിങ്ങിന് ഇരയായ എടപ്പാൾ സ്വദേശിനി അശ്വതിക്കൊപ്പം ഹോസ്റ്റൽ മുറിയിൽ താമസിക്കുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രതികളായ മൂന്നു പേരെയും പിടികൂടിയത്. നാലാം പ്രതിയായ കോട്ടയം കടുത്തുരുത്തി സ്വദേശി ശിൽപ ജോസിനുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ് റാഗിങ്ങിനിരയായ അശ്വതി. ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ലോഷൻ അശ്വതിയെ നിർബന്ധപൂർവം കുടിപ്പിക്കുകയായിരുന്നു. അന്നനാളം മുഴുവൻ വെന്തുരുകിയ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അശ്വതിയുടെ നില മെച്ചപ്പെടുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.