തിരുവനന്തപുരം: ഡി കമ്പനിയിലെ അംഗം ഗുൽഷന്റെ മുഴുവൻ പേര് അഹമ്മദ് ഗോൾചൻ എന്ന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. അന്വേഷണ സംഘം അയാൾക്ക് പിന്നാലെയെന്ന് ബാലചന്ദ്രകുമാർ. 2018ൽ മറുനാടൻ റിപ്പോർട്ട് ചെയ്ത വാർത്തയിൽ പറഞ്ഞ അധോലോക നായകൻ. മറുനാടൻ മാത്രം നിരന്തരം എഴുതിയ 'ഗുൽഷൻ' എന്ന പേരിൽ കേരളാ പൊലീസിനും മൊഴി ലഭിക്കുകയാണ്. നടിയെ ആക്രമിച്ച കേസ് ചർച്ചയാകുന്നതിനിടെയാണ് ഗുൽഷൻ എന്ന അധോലക നായകന്റെ പേര് മറുനാടൻ പുറത്തു വിട്ടത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ദുബായിൽ പോയി കണ്ട, ഡി കമ്പനിയിൽ അംഗമായിട്ടുള്ള ഗുൽഷന്റെ മുഴുവൻ പേരും വെളിപ്പെടുത്തി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്ത് വന്നു കഴിഞ്ഞു.. ഗുൽഷന്റെ മുഴുവൻ പേര് അഹമ്മദ് ഗോൾചൻ എന്നാണ്. ഗുൽഷൻ ഇറാനിയൻ പൗരനാണെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവറിലാണ്  പൊലീസിന് താൻ മൊഴി കൊടുത്തുവെന്ന് പറയുന്നത്. ഇതോടെ മലയാള സിനിമയിലെ ഗുൽഷൻ ഇടപെടൽ വീണ്ടും ചർച്ചയാവുകയാണ്.

''ഗുൽഷൻ എന്നയാളെ രാഹുൽ ഈശ്വർ പരമാർശിച്ചല്ലൊ. അഹമ്മദ് ഗോൾചൻ എന്നാണ് അയാളുടെ പേര്. ഇറാനിയൻ സ്വദേശിയാണ് അഹമ്മദ് ഗോൾചൻ. ഗുൽഷൻ എന്ന് ഓമനപ്പേരിൽ വിളിക്കും. അയാളുടെ പിന്നാലെ പൊലീസ് പോയിതുടങ്ങിയിട്ടുണ്ട്. വിദേശത്ത് പല സ്ഥലത്തും ഈ വീഡിയോ ഉണ്ടെന്ന് പലരും തന്നോട് വിളിച്ചു പറഞ്ഞിട്ടുണ്ട്. അത് കൃത്യസമയത്തു തന്നെ പൊലീസിനെ അറിയിച്ചിരുന്നു. ഇതൊന്നും ഞാൻ കൃത്രിമമായി ഉണ്ടാക്കിയതല്ല.'-ഇതാണ് വെളിപ്പെടുത്തൽ.

കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുൽഷൻ എന്ന് ആളിലേക്ക് എത്തുമെന്നും നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം ലഭിച്ച ശേഷം ദിലീപ് ഇയാളെ കണ്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. ഗുൽഷനെ കാണാൻ വേണ്ടിയാണ് ദിലീപ് ദുബായിലേക്ക് പോകാൻ തീരുമാനിച്ചതെന്നും ഇതിന്റെ മറയായിട്ടാണ് ദേ പുട്ട് കടയുടെ ഉദ്ഘാടനം ദുബായിയിൽ നടത്തിയതെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

ബാലചന്ദ്രകുമാർ പറഞ്ഞത്:
''കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുൽഷൻ എന്ന് പേരുള്ള ഒരാളുടെ പിന്നാലെ പോകും. ഇത് വരുംദിവസങ്ങളിൽ സംഭവിക്കും. ഇദ്ദേഹത്തിന്റെ കോണ്ടാക്ടാണ് അഴിച്ചു കളഞ്ഞതിൽ ഒരു കോണ്ടാക്ട്. ഗുൽഷൻ എന്ന് പേരുള്ള ദുബായിൽ താമസിക്കുന്ന ഡി കമ്പനിയിൽ അംഗമായിട്ടുള്ള ഒരാളിലേക്ക് ഈ അന്വേഷണം പോകും.

12 കോളുകളിൽ പ്രധാനപ്പെട്ടവ എല്ലാം ഗൾഫ് കോളുകളാണ്.'' ''എന്റെ പരാതിയിലെ 18-ാം പോയന്റ്, 2017 നവംബർ 15ന് ദിലീപും സംഘവും ചർച്ച നടത്തിയിട്ട് ദുബായിലേക്ക് പോകാൻ തീരുമാനിച്ചു. ഗുൽഷൻ എന്ന വ്യക്തിയെ കാണാൻ വേണ്ടിയാണ് ദുബായിലേക്ക് പോകാൻ തീരുമാനിച്ചത്. ഇതിന്റെ മറയായിട്ടാണ് ദേ പുട്ട് കടയുടെ ഉദ്ഘാടനം വെച്ചത്. എന്നിട്ടാണ് പാസ്പോർട്ട് കോടതിയോട് ആവശ്യപ്പെട്ടത്. ഇത് വാങ്ങിയിട്ടാണ് ദിലീപ് ദുബായിൽ പോയി ഗുൽഷനെ കണ്ടത്. ഗുൽഷന്റെ കീഴിൽ ദിലീപിന്റെ അടുത്ത ഒരു ബന്ധു കുറെ കാലം ജോലി ചെയ്തിട്ടുണ്ട്. ഗുൽഷൻ ഡി കമ്പനിയുടെ ആളാണെന്ന് വരുംദിവസങ്ങളിൽ പൊലീസ് കണ്ടെത്തും.''

കേസിന്റെ അന്വേഷണത്തിൽ താൻ 100 ശതമാനം തൃപ്തനാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നടക്കുന്ന വിഷയങ്ങളെല്ലാം അറിയുന്നുണ്ട്. മാഡവും വിഐപിയും ഇപ്പോഴും നമ്മുടെ മുന്നിൽ തന്നെയുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു