കൊച്ചി: വധഗൂഢാലോചന കേസിലെ മുഖ്യപ്രതി നടൻ ദിലീപിന്റെ ഫോണിൽ നിന്ന് നീക്കിയ 12 ചാറ്റുകളിൽ ഒന്ന് ഇറാൻ പൗരൻ അഹമ്മദ് ഗുൽച്ചെനുമായുള്ളതെന്ന് ക്രൈംബ്രാഞ്ച്. ദിലീപിന് സാമ്പത്തിക സഹായം നൽകുന്നത് യു.എ.ഇയിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗുൽച്ചെനാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു.

സായ് ശങ്കർ വഴിയാണ് ഐ ഫോണുകളിലെ വിവരങ്ങൾ ദിലീപ് നീക്കിയത്. സിനിമകൾ മൊഴിമാറ്റിയിറക്കുന്ന ബിസിനസാണ് ഗുൽച്ചെനെന്നാണ് പ്രാഥമിക വിവരം. ഇയാൾക്ക് അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുണ്ടെന്നും ദിലീപ് ദുബായിലെത്തി ഗുൽച്ചെനെ കണ്ടിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇത് ഗൗരവത്തോടെ തന്നെ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.

മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയിലെ 'ഗുൽഷൻ' ആനെന്നാണ് കുറേ കാലമായുള്ള അണിയറ സംസാരം. ആർക്കും നേരിട്ട് അറിയാത്ത ഗുൽഷൻ. ചില ഏജന്റുമാരിലൂടെ മലയാള സിനിമയെ ഇയാൾ നിയന്ത്രിക്കുന്നുവെന്നായിരുന്നു നടിയെ ആക്രമിച്ചതിന് പിന്നാലെ കേരളത്തിൽ ചർച്ചയായ വാർത്ത. ഇത് മറുനാടൻ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ദിലീപിന് ഗുൽഷനുമായി ബന്ധമുണ്ടെന്ന ചർച്ചകളാണ് അന്ന് സിനിമാ ലോകത്തുണ്ടായത്. അതിന് ശേഷം വീണ്ടും ഗുൽഷൻ ചർച്ചാ കേന്ദ്രമാകുകയാണ്.

ഗുൽച്ചെനിൽ നിന്ന് പണം വാങ്ങിയിട്ടണ്ടോ, ഇയാളുമായുള്ള ആശയവിനിമയം എന്തിനായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.ഫോണിൽ നിന്ന് നീക്കിയ ചാറ്റുകളിൽ മറ്റൊന്ന് ദുബായിൽ വ്യാപാരിയും ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സിഇഒയുമായ ഗലാഫിന്റേതാണ്. ദുബായിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹികപ്രവർത്തകൻ വാടാനപ്പള്ളി സ്വദേശി സനീർ, കാവ്യാ മാധവൻ, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികൾ തുടങ്ങിയവരുമായുള്ള ചാറ്റുകളാണ് മറ്റുള്ളവ. പ്രമുഖ നടി മീരാ ജാസ്മിൻ എന്നാണ് സൂചന.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള 'ദേ പുട്ടി'ന്റെ ദുബായ് പാർട്ണറുമായുള്ള സംഭാഷണവും നീക്കിയിട്ടുണ്ട്. സഹായം തേടുംനീക്കംചെയ്ത ചാറ്റുകളിൽ നാല് പേരുടെ വിശദവിവരം ശേഖരിക്കാൻ മൊബൈൽ സേവനദാതാക്കളുടെ സഹായം തേടും. നമ്പരുകൾ കൈമാറി അടുത്തിടെ കേരളത്തിൽ നിന്ന് വിളിച്ചവരെ കണ്ടെത്തും. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിന്റെ വിദേശ ബന്ധങ്ങൾ അന്വേഷിക്കാൻ എൻഐഎ തയ്യാറെടുക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.

അഹമ്മദ് ഗൊൽച്ചിനും ദിലീപുമായുള്ള ബന്ധമാണ് എൻഐഎ അന്വേഷിക്കുക. കേസിലെ സാക്ഷികളെ മൊഴി മാറ്റാൻ ഗൊൽച്ചിൻ സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. ദുബായ് ആസ്ഥാനമായ പാർസ് ഫിലിംസ് സ്ഥാപകനാണ് ഗൊൽച്ചിനാണ്.

ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ് പാർസ് ഫിലിംസിലെ ജീവനക്കാരനായിരുന്നു. ജയിൽ മോചിതനായതിന് പിന്നാലെ ദുബായിൽ എത്തി ദിലീപ് ഗൊൽച്ചിനെ കണ്ടിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതൊക്കെയായിരുന്നു വാർത്തകൾ. ഈ സാഹചര്യത്തിലാണ് ഗോൾച്ചിന്റെ ജീവിതവും സിനിമാ കഥയും വീണ്ടും ചർച്ചയാകുന്നത്. എന്നാൽ ഗോൾച്ചിന് ഗുൽഷൻ എന്നൊരു വിളിപ്പേരുമുണ്ടെന്ന് മലയാള സിനിമയിലെ പ്രമുഖരും സമ്മതിക്കുന്നുണ്ടെന്നതാണ് വസ്തുത. പക്ഷേ ഗുൽഷനെന്ന ഗോൾച്ചിൻ അറബ് സിനിമയുടെ ഗോഡ് ഫാദറാണെന്നതാണ് വസ്തുത.