തിരുവനന്തപുരം: തലസ്ഥാനത്ത് കാശ്മീർ ആർഡിഒയുടെ വ്യാജ മുദ്ര പതിച്ച വ്യാജ തോക്ക് ലൈസൻസും മാരക പ്രഹര ശേഷിയുള്ള വ്യാജ ഇരട്ട ബാരൽ തോക്കുകളും ബുള്ളറ്റുകളുമായി 5 കാശ്മീരികൾ പിടിയിലായ കേസിൽ കാശ്മീരികളടക്കം 7 പ്രതികൾക്കെതിരെ കുറ്റപത്രം. തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് സിറ്റി കരമന പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കാശ്മീരിലെ രജൗരി ജില്ല സ്വദേശികളും സിസ്‌കോ ലോജിസ്റ്റിക്‌സ് എന്ന സുരക്ഷാ ഏജൻസിയിൽ ആംഡ് ഗാർഡുകളായി ജോലി ചെയ്തിരുന്നവരുമായ കൗമാരക്കാരായ ഷൗക്കത്ത് അലി , മുഷ്താഖ് ഹുസൈൻ , ഷുക്കൂർ അഹമ്മദ് , മൊഹമ്മദ് ജാവൈദ് , ഗുൽസമൻ , വിനോദ് കുമാർ , സത്പാൽ എന്നിവരെ 1 മുതൽ 7വരെ പ്രതിപ്പട്ടികയിൽ ചേർത്തുള്ളതാണ് കുറ്റപത്രം.

പ്രതികളെ 2021 സെപ്റ്റംബറിൽ പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടു നൽകിയിരുന്നു. വ്യാജ തോക്കുകളുടെയും വ്യാജ ലൈസൻസുകളുടെയും ഉറവിടം കണ്ടെത്താൻ കശ്മീരിൽ തെളിവെടുപ്പിനായാണ് വിട്ടുനൽകിയത്. കൂടാതെ കളമശ്ശേരിയിലേക്ക് 19 വ്യാജ തോക്കുകൾ കടത്തിയ കേസിൽ എറണാകുളം ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റിൽ കഴിഞ്ഞിരുന്ന പ്രതിയെയും മജിസ്‌ട്രേട്ട് പി. എസ്. സുമി പ്രൊഡക്ഷൻ വാറണ്ടിൽ വരുത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ നൽകി.

കാശ്മീർ രജൗരി ജില്ലാ (ആർ ഡി ഒ) എഡിഎമ്മിന്റെ വ്യാജ ലൈസൻസും പ്രതികളിൽ നിന്നും പിടിച്ചെടുത്തിരുന്നു. ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾക്ക് വ്യാജ തോക്കുകൾ സംഘടിപ്പിച്ച നൽകിയ കാശ്മീർ സ്വദേശി വിനോദ് കുമാറിനെയാണ് കരമന പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ അനീഷിന് കസ്റ്റഡി നൽകിയത്. 5 ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട് ബുള്ളറ്റുകളുമായി 5 കാശ്മീരികളെ തലസ്ഥാനത്തെ തന്ത്രപ്രധാന മേഖലയിൽ നിന്നും സെപ്റ്റംബർ 1 നാണ് പിടിച്ചെടുത്തത്.

കാശ്മീർ സ്വദേശികളായ ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ് , ഗുൽസമാൻ , മുഷ്താഖ് ഹുസൈൻ , മുഹമ്മദ് ജാവേദ് എന്നിവരാണ് കരമന പൊലീസിന്റെ പിടിയിലായത്. നീറമൺകരയിലെ വാടക വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. എ റ്റി എമ്മിൽ പണം ലോഡ് ചെയ്ത് നിറക്കുന്ന സിസ്‌കോ ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിന്റെ ആംഡ് ഗാർഡായി മഹാരാഷ്ട്ര ഏജൻസി വഴിയാണ് ഇവർ തലസ്ഥാനത്ത് എത്തിയത്. നാടൻ തോക്കുകൾക്ക് സമാനമായതും മാരക പ്രഹര ശേഷിയുള്ളതുമായ തോക്കുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.

പിടിയിലാവുന്നതിന് 6 മാസം മുമ്പാണ് ഇവർ കേരളത്തിൽ എത്തിയത്. തലസ്ഥാന ജില്ലയിലെ അതീവ സുരക്ഷാ മേഖലയായ എയർപോർട്ട് , വി എസ് എസ് സി , ശ്രീപത്മനാഭ സ്വാമി ക്ഷേത്രം , പാങ്ങോട് മിലിട്ടറി ക്യാമ്പ് , വ്യോമസേനാ ആസ്ഥാനം തുടങ്ങിയ തന്ത്രപ്രധാന മേഖലകൾക്ക് നടുവിൽ 6 മാസത്തോളം വ്യാജ തോക്കുകളുമായി ഇവർ സഞ്ചരിച്ചിട്ടുണ്ട്.

എ ടി എമ്മിൽ പണം ലോഡ് ചെയ്യുന്ന ഏജൻസിക്ക് സുരക്ഷ ഒരുക്കുന്നതിനാൽ തന്ത്രപ്രധാന മേഖലക്കുള്ളിലെ എ ടി എമ്മുകളിൽ ഇവർ കടന്നതായാണ് വിവരം. ഇക്കാര്യം പൊലീസും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും മിലിട്ടറി ഇന്റലിജൻസും പരിശോധിക്കുകയാണ്. സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ലൈസൻസ് പരിശോധിച്ചത്. സംശയം തോന്നിയ പൊലീസ് കൺഫർമേഷന് വേണ്ടി ഇവരുടെ കൈവശമുള്ള ലൈസൻസ് കാശ്മീർ രജൗരി ജില്ലാ ആർ ഡി ഒ (എ ഡി എം) യ്ക്ക് ഈ മെയിലിൽ അയച്ചു നൽകി. അവിടെ നിന്നും ഇതെല്ലാം വ്യാജമാണെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

എല്ലാവരും 20 നും 23 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരാണ്. കാശ്മീരിൽ നിന്നും ഈ 5 പേരും ഒന്നിച്ച് തലസ്ഥാനത്ത് തന്നെ എത്തിയതിലുള്ള ദുരൂഹത വിവിധ ഏജൻസികൾ അന്വേഷിക്കുകയാണ്. ഇവരെ ഇവിടെ എത്തിച്ച ഏജൻസികളെ കുറിച്ചും സംഭവത്തിന് പിന്നിലുള്ള തീവ്രവാദ ബന്ധങ്ങളെ കുറിച്ചും ഫോൺ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തിയിരുന്നു.