- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹണി ട്രാപ്പു കേസിൽ കുപ്രസിദ്ധ ഗുണ്ടയുടെ അറസ്റ്റ്; പൊലീസ് ബന്ധം പുറത്തു പറയാതിരിക്കാൻ ഭീഷണി; ഐജിയുടെ രഹസ്യന്വേഷണ റിപ്പോർട്ടിൽ തെളിഞ്ഞത് കോട്ടയത്തെ പൊലീസ്-ഗുണ്ടാ മാഫിയ ഇടപാടുകൾ; അരുൺ ഗോപനുമായി ബന്ധമുള്ള ചങ്ങനാശേരി ഡിവൈഎസ്പിക്ക് സ്ഥലംമാറ്റം
കോട്ടയം: കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപനുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണത്തിൽ വ്യക്തമായ ചങ്ങനാശേരി ഡിവൈഎസ്‌പി ആർ.ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലേക്കാണ് മാറ്റം.. ഡിവൈഎസ്‌പി ഉൾപ്പെടെ നാല് പൊലീസുകാർക്ക് കോട്ടയത്തെ സ്ഥിരം ക്രിമിനലായ അരുൺ ഗോപനുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നതോടെ ഡിജിപി അന്വേഷണത്തിനു നിർദ്ദേശം നൽകിയിരുന്നു. ചങ്ങനാശേരി ഡിവൈഎസ്‌പിക്കു പുറമേ ഒരു സൈബർ സെൽ സിഐ, രണ്ട് സിവിൽ പൊലീസുകാർ എന്നിവർക്കെതിരെയാണ് അന്വേഷണത്തിനു നിർദ്ദേശം നൽകിയത്.
ഹണിട്രാപ്പ് കേസിൽ കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അരുൺ ഗോപനെ കസ്റ്റഡിയിലെടുത്തതോടെയാണ് പൊലീസുമായുള്ള ബന്ധം വ്യക്തമായത്. ഇയാളെ സ്റ്റേഷനിലെത്തിച്ചപ്പോൾ രാത്രി ചങ്ങനാശേരി ഡിവൈഎസ്‌പി കാണാനെത്തി. ഡിവൈഎസ്‌പി അരുൺ ഗോപനോട് ദേഷ്യപ്പെട്ട് സംസാരിച്ചു. അരുൺഗോപൻ തിരിച്ചും ചൂടായി. ഇത് സ്റ്റേഷനിലെ സ്‌പെഷൽ ബ്രാഞ്ച് ഓഫിസർ എസ്‌പിക്ക് റിപ്പോർട്ടു ചെയ്തു. എസ്‌പി റിപ്പോർട്ട് സോൺ ഐജി. പി.പ്രകാശിനു കൈമാറി. ഐജിയുടെ നിർദേശപ്രകാരം രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാ ബന്ധം വ്യക്തമായത്. തുടർന്ന്, ഫയൽ ഡിജിപിക്കു സമർപ്പിക്കുകയായിരുന്നു.
കോട്ടയത്ത് ഗുണ്ടാ ആക്രണങ്ങൾ വർദ്ധിച്ചതോടെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സംഘം അരുൺ ഗോപനെ അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണി ട്രാപ്പു കേസിലായിരുന്നു അരുൺ ഗോപന്റെ അറസ്റ്റ്. എസ്‌പിയുടെ സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും ഫോൺ വിശദാംശങ്ങൾ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഗുണ്ടയുടെ പൊലീസ് സൗഹൃദം പുറത്തായത്. ഇതേ തുടർന്നാണ് ഐജി പി പ്രകാശ് പ്രത്യേക സംഘത്തെ നിയോഗിച്ച് രഹസ്യന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.
ബെംഗളൂരു കേന്ദ്രമാക്കി വടക്കൻ കേന്ദ്രത്തിലെ കുഴൽപ്പണ ഇടപാട് നിയന്ത്രിക്കുകയാണ് അരുൺ ഗോപന്റെ ക്രിമിനൽ പ്രവർത്തനം. കോട്ടയത്തും കേസുകളുണ്ട്. എന്നാൽ അന്വേഷണം കാര്യമായി നടത്തുകയോ അറസ്റ്റിലേക്ക് നീങ്ങുകയോ ചെയ്യാതെ പൊലീസ് സംഘം തന്നെ കാക്കും. പൊലീസ് സൗഹൃദമായിരുന്നു ഇതിന് ഗുണ്ടക്ക് തുണയായത്.
കുഴപ്പണൽ കടത്ത്, ലഹരി കടത്ത്, ഹണി ട്രാപ്പ്, വഞ്ചന കുറ്റം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ സ്വദേശി അരുൺ ഗോപനുമായി ബന്ധമുണ്ടെന്ന ഐജി പ്രകാശ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.ഇതേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം സൈബർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആയിരുന്ന അരുണിനെ കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് മാറ്റിയിരുന്നു.
മലപ്പുറത്തും സൈബർ പൊലീസ് സ്റ്റേഷനിലാണ് ഇയാളെ നിയമിച്ചത്. ഗുണ്ട അരുൺ ഗോപനുമായി ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്‌പിക്കും, ഒരു ഇൻസ്പക്ടർക്കും, രണ്ടു പൊലീസുകാർക്കും അടുത്ത ബന്ധമെന്നാണ് ഐജി റിപ്പോർട്ട് നൽകിയത്.
ഈയടുത്ത് കോട്ടയത്ത് ചീട്ടുകളി സംഘത്തെ ഗാന്ധി നഗർ പൊലീസ് പിടികൂടിപ്പോൾ അരുൺ ഗോപനും അതിൽ ഉൾപ്പെട്ടിരുന്നു. കൂടുതൽ അന്വേഷണം നടക്കുന്നതിന് മുമ്പ് ഒരു ഡിവൈഎസ്‌പി ഇടപെട്ട് അരുൺ ഗോപന് സ്റ്റേഷൻ ജാമ്യം നൽകിയെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ഇതേ ഡിവൈഎസ്‌പി അരുൺ ഗോപനെ എസ്‌പിയുടെ സംഘം കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുമ്പോൾ സ്റ്റേഷനുള്ളിൽ കയറി പൊലീസ് ബന്ധം പുറത്തുപറയാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. രണ്ടു പൊലീസുകാർ നിരന്തരമായി ഗുണ്ടയുമായി ബന്ധം പുലർത്തിയിരുന്നു. ഇവർ ഗുണ്ടകൾ ഒരുക്കിയ പാർട്ടികളിലും പങ്കെടുത്തിട്ടുണ്ട്. പൊലീസ് നീക്കങ്ങളും ഇവർ അരുൺ ഗോപന് ചോർത്തി കൊടുത്തുവെന്നായിരുന്നു ഐജിയുടെ റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ