സാവോ പോളോ: ഫോർമുല വൺ മത്സരത്തിന് ബ്രസീലിലെത്തിയ ലൂയിസ് ഹാമിൽട്ടന്റെ സംഘത്തിനു നേരേ ആക്രമണം. ഹാമിൾട്ടന്റെ സംഘം സഞ്ചരിച്ചിരുന്ന ബസ്് തടഞ്ഞു നിർത്തി കൊള്ളയടിച്ചു. തോക്കു ചൂണ്ടി നടത്തിയ ആക്രമണത്തിൽ ആർക്കും അപായമില്ല. വൻ സുരക്ഷാ വീഴ്ചയാണ് മത്സരത്തിനിടെ ഉണ്ടായിരിക്കുന്നത്.

സാവോപോളോയിൽ നടക്കുന്ന ബ്രസീലിയൻ ഗ്രാൻപ്രീ സർക്യൂട്ടിനു വേണ്ടിയാണ് ഹാമിൾട്ടനും സംഘവും എത്തിയത്. സാവോപോളോയിലെ സർക്യൂട്ടിനു പുറത്തായിരുന്നു സംഭവം. മെക്കാനിക്കുകൾ ഉൾപ്പടെയുള്ള ടീം അംഗങ്ങൾ സഞ്ചരിച്ചിരുന്ന ബസ്സാണ് ആക്രമണത്തിൽ പെട്ടത്. തോക്കുമായി ബസ്സു വളഞ്ഞ ആക്രമികൾ ഇവരെ ബന്ദികളാക്കുകയായിരുന്നു. ടീമിന്റെ വിലപിടിപ്പുള്ള സാധനങ്ങളാണ് ഇവർ പിടിച്ചെടുത്തതെന്നാണ് വിശദീകരണം. എ്ന്നാൽ എന്തൊക്കെ നഷ്ടമായി എന്ന് വെളിപ്പെടുത്തിട്ടിയില്ല.

മത്സരത്തിലും ഹാമിൾട്ടണിന് ദൗർഭാഗ്യം പിന്തുടർന്നു. ഫിനിഷിംഗിന് തൊട്ടു മുമ്പ് ഹാമിൾട്ടന്റെ കാർ അപകടത്തിൽ പെട്ടു. 160 കിലോമീറ്റർ മാത്രം വേഗത ഉണ്ടായിരുന്നപ്പോഴാണ് അപകടം നടന്നത്. കാറിന് സാരമായ കേടുപാടുകൾ പറ്റിയെന്നും അദ്ദേഹം അറിയിച്ചു. തന്നെ മാനസികമായി തകർക്കാനുള്ള ശ്രമമാണ് സാവോപോളോയിൽ ഉണ്ടായതെന്ന് ഹാമിൾട്ടൻ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രി എന്റെ സംഘത്തെ ബ്രസീലിലെ സർക്യൂട്ടിനു പുറത്ത് തോക്കിന്മുൻയിൽ കൊള്ളയടിച്ചു. ഇവരെ ഭയപ്പടുത്താനായി വെടിയുതിർത്തു. മെക്കാനിക്കുകളിൽ ഒരാളുടെ തലയ്ക്കു നേരെ തോക്കു ചൂണ്ടി നിർത്തി. ഈ വിവരങ്ങളൊക്കെ അറിയുക എന്നത് അത്ര സുഖകരമായ കാര്യമല്ല. ഈ ശ്രമങ്ങൾ എല്ലാ തവണയും ആവർത്തിക്കുന്നു. സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ഹാമിൽട്ടൻ കൂട്ടിച്ചേർത്തു.

കൊള്ളയടിക്കപ്പെട്ട സംഭവം മെഴ്‌സിഡസിന്റെ വക്താവ് സ്ഥിരീകരിച്ചു. അമൂല്യ വസ്തുക്കൾ നഷ്ടപ്പെട്ടെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും മെഴ്‌സിഡസ് അറിയിച്ചു.