റോത്തഹ്: വിവാദ ആൾദൈവവുമായ ഗുർമീത് റാം റഹിം സിങ്ങിന്റെ മനോനില തെറ്റിയതായി വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ജയിലിലെ സഹതടവുകാരനാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പൊലീസുകാരോടും സഹതടവുകാരോടും വെറുതെയിരുന്നു പുലഭ്യം പറയുന്നുവെന്നാണ് സഹതടവുകാരൻ പറഞ്ഞത്.

ബലാത്സംഗ കേസിൽ 20 വർഷം തടവു ശിക്ഷയ്ക്ക് വിധിച്ച ദേരാ സച്ചാ സൗദാ തലവനും ജയിലിലെ സാധാരണ തടവുകാരനെന്ന പരിഗണന തന്നെയാണ് ലഭിക്കുന്നതെന്നും, വിഐപി പരിഗണന ലഭിക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും സകഹതടവുകാരൻ പറയുന്നു. ഗുർമീത് ജയിലിൽ എത്തിയതിനു പിന്നാലെ തനിയെ ഇരുന്ന് സംസാരത്തോടെ സംസാരമായിരുന്നുവെന്നും, പഞ്ചാബിയിൽ 'എന്റെ വിധി എന്താ ദൈവമേ' എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് തന്നെ ഇരിക്കുകയാണെന്നും ഇയാൾ പറയുന്നു. റോത്തഹ് ജയിലിൽ ഗുർമീത് റാം ഉറങ്ങാതെ രാത്രി കഴിച്ചുകൂട്ടിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ജയിൽ ലൈബ്രറിയിൽ പ്രത്യേകം തയ്യാറാക്കിയ കോടതി മുറിയിലാണ് സിബിഐ ജഡ്ജി ഗുർമീത് റാമിനുള്ള ശിക്ഷ വിധിച്ചത്. കേസിൽ ഗുർമീത് റാം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഗുർമീതിനെ പാർപ്പിച്ച ജയിലിന് ചുറ്റുമായി അഞ്ച് സംരക്ഷണ വലയങ്ങളാണ് സുരക്ഷാ സേനകൾ ഒരുക്കിയിട്ടുള്ളത്. പഞ്ചാബിനും ഹരിയാനയ്ക്കും പുറമേ ഗുർമീതിന് ഭക്തരുള്ള രാജസ്ഥാൻ, ഉത്തർപ്രദേശ്,ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലും പൊലീസ് ഇപ്പോഴും ജാഗ്രതയിലാണ്.

പഞ്ചാബിലെ സംഗ്രൂരിൽനിന്ന് ഇതുവരെ ദേര സച്ചാ സൗദയുടെ 23 പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. റോത്തക്കിലെ ജയിലിനു സമീപത്തേക്ക് കൂട്ടമായി ആളുകൾ എത്തുന്നതുകണ്ടാൽ വെടിവച്ചുവീഴ്‌ത്തുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. റോത്തക്കിലേക്കെത്തുന്നവർ മതിയായ കാരണം ബോധിപ്പിച്ചില്ലെങ്കിൽ കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് നേരത്തേതന്നെ അറിയിച്ചിരുന്നു.

ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങ് ബലാൽസംഗ കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ അനുയായികൾ ഹരിയാനയിൽ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. 38 പേർ അക്രമത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.

ഹരിയാനയിലെ സിർസയിലെ ദേര ആശ്രമത്തിൽ 15 വർഷം മുമ്പ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ഗുർമീത് റാം റഹിം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2002ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ അനുയായികളായ രണ്ട് യുവതികളെ ഗുർമീത് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. അനുയായികളായ മുപ്പതോളം യുവതികളെ ഗുർമീത് ബലാത്സംഗം ചെയ്തതായി ആരോപണമുണ്ട്. എന്നാൽ രണ്ട് പേർ മാത്രമാണ് ഇയാൾക്കെതിരെ പരാതി നൽകാൻ തയ്യാറായത്.