കുറ്റക്കാരനാണെന്ന കണ്ടെത്തിയ ഗൂർമീതിനെതിരെ ഇരയായ സ്ത്രീ ആരോപിച്ചത്, ഗുഹയിൽ വച്ചാണ് ഗുർമീത് സ്ത്രീകളെ ഉപയോഗിച്ചിരുന്നതെന്നാണ്. ഇതിൽ നിന്നാണ് ഗുഹയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. ഇവിടേയ്ക്ക് മറ്റുള്ളവരെ പ്രവേശിപ്പിച്ചിരുന്നില്ലെന്നാണ് രാം റഹീമുമായി തെറ്റിപ്പിരിഞ്ഞ ഒരു വിഭാഗം ആൾക്കാർ ആരോപിച്ചിട്ടുള്ളത്.

തുരങ്കങ്ങളിലൊരെണ്ണം ഗുർമീതിന്റെ സ്വകാര്യ വിശ്രമ കേന്ദ്രത്തിൽ നിന്ന് സന്യാസിനിമാരുടെ താമസ സ്ഥലത്തേക്കുള്ളതാണ്. മറ്റൊന്ന് ആശ്രമത്തിനുള്ളിൽനിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റർ അകലെ റോഡിലേക്ക് തുറക്കുന്നതാണ്. രണ്ടാമത്തെ ടണൽ ഫൈബർ കൊണ്ട് നിർമ്മിച്ചതാണ്.

സ്ത്രീകളെ തന്നെ കാവൽക്കാരായി നിർത്തിയിരുന്നു ഗുഹയിൽ നിന്നും തന്നെ പീഡിപ്പിക്കുന്നതിന് മുമ്പും പെൺകുട്ടികൾ വിതുമ്പിക്കൊണ്ട് പുറത്തേക്ക് വരുന്നത് പല തവണ കണ്ടിട്ടുണ്ടെന്നും ഇവർ പറഞ്ഞിരുന്നു.

ആശ്രമത്തിനുള്ളിൽ സ്‌ഫോടക വസ്തു നിർമ്മാണശാലയും കണ്ടെത്തി. ഇവിടെനിന്ന് 85 പെട്ടി സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. പടക്കം, കമ്പിത്തിരി, പൂത്തിരി മുതലായ കരിമരുന്ന് ഉല്പന്നങ്ങളാണ് ഇവിടെ നിർമ്മിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ഇവ ആയുധ നിർമ്മാണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നോ എന്ന് വിശദമായി പരിശോധിക്കുന്നുണ്ട്. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനായി ഗുർമീത് ഉപയോഗിച്ചിരുന്ന ഗുഹ റൂർക്കി ഐ.ഐ.ടിയിലെ ഫോറൻസിക് വിദ്ഗദ്ധർ പരിശോധിച്ചു. ഗുഹാ കെട്ടിടത്തിൽ നിന്ന് എ.കെ 47 തോക്കുകളും റൈഫിളുകളും പെട്രോൾ ബോംബുകളും അടക്കം വൻആയുധ ശേഖരം പൊലീസ് പിടിച്ചെടുത്തിരുന്നു.

കേന്ദ്ര സേനയടക്കമുള്ളവരെ ഉൾപ്പെടുത്തി വൻ സുരക്ഷാ സന്നാഹത്തോടെയാണ് ദേരാ സച്ഛാ സൗദയിലെ സിർസയിലുള്ള ആസ്ഥാന മന്ദിരത്തിൽ റെയ്ഡ് നടത്തുന്നത്. റെയ്ഡിൽ നൂറു കണക്കിന് ജോഡി ഷൂകൾ, വിവിധ ഡിസൈനുകളിലും മോഡലുകളിലുമുള്ള വസ്ത്രങ്ങൾ, വിവിധ വർണ്ണങ്ങളിലുള്ള തൊപ്പികൾ എന്നിവയും കണ്ടെത്തി.

ദേരാ ആസ്ഥാനത്ത് നടക്കുന്ന മുഴുവൻ തെരച്ചിലും വീഡിയോയിൽ പകർത്തുന്നുണ്ട്. ദേരാ ആസ്ഥാനത്തേക്ക് പ്രവേശിക്കുന്ന പാത ഉൾപ്പെടുന്ന മേഖലയിൽ പൊലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സിർസയിലെ നഗരത്തിൽ കാര്യങ്ങൾ എല്ലാം സാധാരണ ഗതിയിലാണ്. ശനിയാഴ്ചയും ദേര പരിസരത്ത് വാഹനങ്ങളുടെ പ്രളയമാണ്. പൊലീസ് ബസ്, പാരാമിലിട്ടറി വാഹനങ്ങൾ, ദ്രുത കർമ്മ സേനയുടെ വാഹനങ്ങൾ, ബോംബ് നിർവ്വീര്യ സ്‌ക്വാഡ്, കലാപ വിരുദ്ധസേനയുടെ വാഹനങ്ങൾ എന്നിവ ഉൾപ്പെടെ വാഹനങ്ങളുടെ നീണ്ട നിരയാണ്.

ഇവയ്ക്കെല്ലാം പുറമേ അഗ്‌നിശമന വിഭാഗം, മണ്ണു മാറ്റുന്ന യന്ത്രങ്ങൾ ട്രാക്ടറുകൾ എന്നിവയും ജോലിയിലുണ്ട്. ദേരയുടെ 800 ഏക്കറുകളെ പല സോണുകളാക്കി തിരിച്ച് ഓരോ സീനിയർ ഓഫീസർമാരുടെ കീഴിലാണ് ജോലി നടക്കുന്നത്.