ന്യൂഡൽഹി: ദേരാ സച്ചാ സൗദാ തലവനും ആൾദൈവവുമായ ഗുർമീത് റാം റഹീം സിങിന്റെ സിർസയിലെ സാമ്രാജ്യത്തിൽ ഉപയോഗിക്കുന്നത് സ്വന്തം നാണയങ്ങളെന്ന് പൊലീസ്.

സിർസയിലെ ആശ്രമത്തിൽ നിന്ന് പ്ലാസ്റ്റിക് കൊണ്ടു നിർമ്മിച്ച നാണയങ്ങൾ കണ്ടെടുത്തു. ഈ നാണയങ്ങൾ ഉപയോഗിച്ചാണ് സാമ്രാജ്യത്തിനകത്ത് ക്രയവിക്രിയങ്ങൾ നടക്കൂന്നുവെന്നാണ് അനുയായികൾ പറയുന്നത്. ആശ്രമത്തിനകത്തെ എല്ലാ ചട്ടങ്ങളും ജീവിത രീതികളും ഗുർമീത് നിർദേശിക്കുന്ന രീതിയിലാണ്. അതിന്റെ ഭാഗമാണ് പ്രത്യേക നാണയവും.

ഇവിടുത്തെ കടകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുയായികൾ ഈ നാണയങ്ങളാണ് ഉപയോഗിക്കുന്നത്. വിവിധ നിറങ്ങളിൽ നിർമ്മിച്ചിട്ടുള്ള ഈ പ്ലാസ്റ്റിക് നാണയങ്ങളിൽ 'ധൻ ധൻ സദ്ഗുരു തേരാ ഹി അസാര ദേര സച്ചാ സൗദാ സിർസ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
കോടതിയുടെ മേൽനോട്ടത്തിൽ വൻ സന്നാഹത്തോടെ സിർസയിൽ നടത്തുന്ന പരിശോധനയിലാണ് ഈ നാണയങ്ങൾ കണ്ടെടുത്തത്.

കേന്ദ്ര സേനയുടേയും നൂറുകണക്കിന് പൊലീസുകാരുടേയും അകമ്പടിയിൽ ഗുർമീതിന്റെ ആശ്രമത്തിൽ നടത്തുന്ന റെയ്ഡിൽ വൻ തോതിൽ പണം കണ്ടെടുത്തിട്ടുണ്ട്. ആയിരത്തോളം ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഈ സാമ്രാജ്യത്തിനുള്ളിൽ ഒരു നഗരവും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഡംബര റെസ്റ്റോറന്റുകളുമടക്കമുണ്ട്.

താജ്മഹലിന്റെയും ഈഫൽ ഗോപുരത്തിന്റെയും മാതൃകയിലാണ് കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്. എല്ലാം ഗുർമീത് മയമാണ്. ആൾ ദൈവത്തിന്റെ കട്ടൗട്ടുകളാണ് എല്ലാ കെട്ടിടങ്ങളിലും നിറയെ. വൻ തോതിൽ ആയുധങ്ങളും ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.