പത്തനംതിട്ട: ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ഗുരുപ്രാസാദിനെതിരെയുള്ള ലൈംഗിക പീഡന പരാതി കോടതിയിൽ എത്തിയേക്കും. അമേരിക്കൻ മലയാളിയായ നഴ്‌സാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയത്. 2019 ൽ ശിവഗിരി മഠത്തിന് നൽകിയ പരാതിയിൽ ഗുരുപ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും ശല്യം ചെയ്യാൻ തുടങ്ങിയതോടെയാണ് യുവതി നടപടിക്കൊരുങ്ങിയത്. എന്നാൽ പൊലീസ് അന്വേഷണം നടത്തുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാൻ പരാതിക്കാരി ഒരുങ്ങുന്നത്.

അമേരിക്കയിലെ ഡാളസിലെ ശിവഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് 2019 ൽ ഗുരുപ്രസാദ് ടെകസസിൽ എത്തിയത്. അമേരിക്കൻ മലയാളികളുടെ വീടുകളിൽ മാറി മാറിയായിരുന്നു താമസം. ജൂലൈ 9 നാണ് പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയത്. യുവതിയുടെ ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് ഗുരുപ്രസാദ് യുവതിയെ ബലാത്സംഗ ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി. അമേരിക്കൻ പൊലീസിനെ ഫോണിൽ വിളിക്കാൻ ഒരുങ്ങിയപ്പോൾ സ്വാമി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. യുവതിയുടെ ഭർത്താവിന്റെ സാന്നിധ്യത്തിൽ ക്ഷമാപണം നടത്തിയതോടെയാണ് അന്ന് നിയമ നടപടികളുമായി മുന്നോട്ട് പോകാതിരുന്നത്.

ഗുരുപ്രസാദ് തിരികെ കേരളത്തിലെത്തിയ ശേഷം 2020 ഓഗസ്റ്റ് 6 ന് വാട്‌സ് അപ്പ് വഴി യുവതിക്ക് നഗ്‌ന ദൃശ്യങ്ങൾ അയച്ചുകടുത്തു. ഇത് ചോദ്യം ചെയ്തപ്പോൾ അശ്ലീല സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. പിന്നീട് നിരന്തരം തുടർന്ന്. ഇതോടെ യുവതി ആദ്യം ശിവഗിരി മഠത്തിന് പരാതി നൽകി. 2021 മാർച്ച് 23 ചേർന്ന ശ്രീനാരയണ ധർമ്മ സംഘം ട്രസ്റ്റിന്റെ ബോർഡിന്റെ യോഗത്തിൽ യുവതിയുടെ പരാതി പരിഗണിക്കുകയും ഏപ്രിൽ 15 ന് ഗുരുപ്രസാദിനെ മുഴുവൻ ചുമതലകളിൽ നിന്നും നീക്കുകയും ചെയ്തു. ഇതിന് ശേഷം ഗുരുപ്രസാദിന് വൈരാഗ്യം കൂടി.

പിന്നീട് വീണ്ടും ധർമ്മ സംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ വീണ്ടും ബോർഡ് അംഗം ആയതോടെ ഭീഷണി തുടങ്ങി. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തിപ്പെടുത്തുകയും ചെയ്തതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. എന്നാൽ ഇക്കഴിഞ്ഞ മെയ് അഞ്ചിന് കൊടുത്ത പരാതിയിൽ പൊലീസ് ഇതുവരെ നടപടി എടുക്കുന്നില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാനുള്ള നീക്കം.

ശ്രീനാരായണധർമ്മസംഘം ട്രസ്റ്റിന്റെ പോഷകസംഘടനയായ ഗുരുധർമ്മ പ്രചാരണസഭയുടെ സെക്രട്ടറിയായി സ്വാമി ഗുരുപ്രസാദ് ചുമതലയേറ്റിരുന്നു. ഒരിടവേളക്ക് ശേഷമാണ് സ്വാമി ഗുരുപ്രസാദ് വീണ്ടും സഭയുടെ സെക്രട്ടറിയാകുന്നത്. നിലവിൽ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗമാണ്. 2010 മുതൽ 21 വരെ നേരത്തെ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു. ഈ കാലയളവിൽ സഭയുടെ പ്രവർത്തനം ആഗോളതലത്തിലെത്തിച്ചു. അമേരിക്കയിലും വിവിധ ഗൾഫ് രാജ്യങ്ങളിലും യൂണിറ്റുകളുണ്ടായി. ദൈവദശകം രചനാശതാബ്ദിയോടനുബന്ധിച്ച് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.

ശിവഗിരിയിൽ സഭയുടെ ബഹുനില ആസ്ഥാനമന്ദിരം നിർമ്മിച്ചതും ഈ കാലത്താണ്. സഭയുടെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ചുമതലയേറ്റ ശേഷം സ്വാമി ഗുരുപ്രസാദ് പറഞ്ഞിരുന്നു. ഇതിനിടെയാണ് പീഡനാരോപണം എത്തുന്നത്. വാട്‌സാപ്പ് ചാറ്റുകൾ അടക്കം പരാതിയിൽ തെളിവായി യുവതി നൽകിയിട്ടുണ്ട്. ആരോപണങ്ങൾ ഗുരുപ്രസാദ് നിഷേധിക്കുകയാണ്. ഗൂഢാലോചനയെന്നാണ് ഗുരുപ്രസാദ് പറയുന്നത്. ശിവഗിരി മഠം നടപടിയെടുക്കുമെന്ന ഘട്ടത്തിൽ തനിക്കെതിരെ അമേരിക്കൻ കോടതിയിൽ സ്വാമി മാനനഷ്ടക്കേസ് നൽകിയിരുന്നെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. മാനനഷ്ടക്കേസ് അടിസ്ഥാനമില്ലന്ന് കണ്ട് കോടതി തള്ളിക്കളയുകയും കോടതിചെലവായി തനിക്കും ഭർത്താവിനും 30 ലക്ഷത്തോളം ഇന്ത്യൻ രൂപ കൊടുക്കാൻ വിധിക്കുകയും ചെയ്തിരുന്നെന്നും വിശദീകരിക്കുന്നു.

എന്നാൽ ഈ തുക അടക്കുന്ന കാര്യത്തിൽ സ്വാമി പ്രതികരിച്ചല്ലെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. ബലാത്സംഗ ശ്രമത്തിനെതിരെ യുവതി ടെക്‌സസ് കോടതിയിലും പരാതി നൽകിയിരുന്നു. എന്നാൽ ഇയാൾ ഇന്ത്യയിലായിരുന്നതുകൊണ്ട് കേസ് തീർപ്പായില്ല. ഈ സാഹചര്യത്തിലാണ് കേസുമായി കേരളത്തിൽ എത്തുന്നത്. അമേരിക്കയിൽ ശിവഗിരി മഠത്തിന്റെ ഒരു ആശ്രമം തുടങ്ങുന്നതിന് വേണ്ടിയായിരുന്നു ഗുരധർമ പ്രചരണസംഘത്തിന്റെ ചുമതലയുണ്ടായിരുന്ന സ്വാമി ഗുരുപ്രസാദ് വിസിറ്റിങ് വിസയിൽ ടെക്‌സസിൽ എത്തിയത്.

ടെക്‌സസ് സംസ്ഥാനത്ത് ഒരു നോൺ പ്രോഫിറ്റ് സ്ഥാപനമായി സനാ- ശിവഗിരി മഠം എന്ന പേരിൽ ആശ്രമം രജിസ്റ്റർ ചെയ്യുകയും ചെയ്തു. ആശ്രമത്തിന്റെ നിർമ്മാണം നടന്നുകൊണ്ടിരുന്ന സമയത്താണ് പരാതിക്കാരിയായ യുവതിയുടെ വീട്ടിൽ സ്വാമി അതിഥിയായെത്തിയത്. പരാതിക്കാരിയുടെ ഭർത്താവുമായും നാട്ടിലുള്ള കുടംബവുമായും അടുത്ത ബന്ധമുള്ളയാൾ കൂടിയായിരുന്നു സ്വാമി ഗുരുപ്രസാദ്.

സ്വാമി ഗുരുപ്രസാദിന്റെ അനുയായികൾ തനിക്ക് നേരെ സൈബർ ആക്രമണം നടത്തിയെന്നും തന്റെ അമ്മയെ സ്വാമിയുടെ അളുകൾ എന്ന് പറയുന്നവർ ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. നഗ്‌നമായി യോഗ ചെയ്യുന്ന വീഡിയോയും സ്വാമി യുവതിക്ക് വാട്ട്‌സാപ്പിൽ അയച്ചുവെന്ന് പറയുന്നു.