തൃശൂർ: ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ ഉയർന്ന് വലിയ ആരോപണങ്ങളിൽ ഒന്നാണ് ഹിന്ദു വിശ്വാസികൾക്കെതിരെയാണ് സർക്കാർ നയം എന്ന്. ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം സർക്കാർ കൊണ്ട് പോകുന്നു എന്ന ആരോപണവും ശക്തമായി സംഘപരിവാർ കേന്ദ്രങ്ങൾ നവമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നുണ്ട്.ഇതിനു മറുപടിയായി ശബരിമലയിൽനിന്ന് സർക്കാർ ഒരു നയാപ്പൈസപോലും എടുക്കുന്നില്ലെന്നും മറിച്ച് കോടികൾ അങ്ങോട്ട് നൽകുകയാണെന്നുമുള്ള മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി.പക്ഷേ അപ്പോൾ ഗുരുവായൂരിലെ പണം എവിടെപ്പോകുന്നുവെന്ന വാദമാണ് ഇത്തരക്കാർ ഉയർത്തിയത്.ദേവസ്വം ബോർഡിന്റെ കണക്കുകൾ വന്നതോടെ അതും പൊളിഞ്ഞിരിക്കയാണ്.

ദക്ഷിണേന്ത്യയിൽ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. ശരാശശി 220 കോടി രൂപ വാർഷിക വരുമാനമുള്ള ഈ ക്ഷേത്രത്തിൽ നിന്ന് സർക്കാരിലേക്ക് ഒന്നും നൽകുന്നില്ല എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.ക്ഷേത്രനഗര വികസനം, പാർക്കിങ് സൗകര്യം, അഴുക്കുചാൽ പദ്ധതി, ഡ്രൈനേജ്, മേൽപ്പാല നിർമ്മാണം, ആനക്കോട്ട വികസനം, ദേവസ്വത്തിനു കീഴിലുള്ള എയ്ഡഡ് കോളേജിലും സ്‌കൂളിലും ശമ്പളം തുടങ്ങിയവക്കായി സർക്കാർ ചെലവാക്കുന്നത് നൂറുകോടിയോളം രൂപയാണ്. ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെയും പരിസരത്തെയും ശുചീകരണവും വെള്ള വിതരണവുമടക്കം നഗരസഭയും ജല അഥോറിറ്റിയും നൽകുന്ന സേവനം വേറെയും. ദേവസ്വങ്ങളുടെ വരുമാനം സർക്കാർ തട്ടിയെടുക്കുന്നു എന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് ഗുരുവായൂർ ദേവസ്വത്തിന്റെ വരവ് ചെലവു കണക്കുകൾ.

സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡിനു കീഴിലുള്ള ഗുരുവായൂർ ക്ഷേത്രത്തിന് ഇപ്പോൾ 1350 കോടി രൂപ സ്ഥിര നിക്ഷേപമുണ്ട്. പ്രതിദിനം ശരാശരി 25,000 പേർ എത്തുന്ന ക്ഷേത്രത്തിൽ ഭണ്ഡാരം, വഴിപാട്, ഗസ്റ്റ് ഹൗസുകൾ, ആനയേക്കം തുടങ്ങിയവയിൽ നിന്നായി 120 കോടി രൂപയാണ് വാർഷിക വരുമാനം. കൂടാതെ സ്ഥിര നിക്ഷേപത്തിനുള്ള പലിശയായി 100 കോടിയിൽ പരം രൂപയും ലഭിക്കുന്നു. ക്ഷേത്രവരുമാനത്തിൽനിന്ന് ചില്ലിക്കാശുപോലും സർക്കാരിലേക്ക് നൽകുന്നില്ലെന്ന് ദേവസ്വം പ്രസിഡന്റ് അഡ്വ. കെ ബി മോഹൻദാസ് പറഞ്ഞു.

ജീവനക്കാരും ബോർഡ് അംഗങ്ങളും ഉൾപ്പെടെ സംഭാവന ചെയ്ത തുക ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസഫണ്ടിലേക്ക് അഞ്ചു കോടി നൽകി. ക്ഷേത്രനഗര വികസനത്തിനായി സർക്കാർ കോടികളാണ് ചെലവഴിക്കുന്നതെന്ന് കെ വി അബ്ദുൾഖാദർ എംഎൽഎ പറഞ്ഞു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച 12.5 കോടി രൂപ ഉപയോഗപ്പെടുത്തി ഗുരുവായൂർ അഴുക്കുചാൽ പദ്ധതി ഏറെക്കുറെ പൂർത്തിയാക്കി.

ഈ സർക്കാർ ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിനു വേണ്ടി 24 കോടി രൂപ ബജറ്റിൽ വകയിരുത്തി. എ സി മൊയ്തീൻ ടൂറിസം മന്ത്രിയായിരിക്കെ ഗുരുവായൂർ ക്ഷേത്രത്തിൽ തീർത്ഥാടകർക്ക് സൗകര്യമൊരുക്കാൻ പാർക്കിങ്, ഡ്രൈനേജ്, ഫുട്പാത്ത് എന്നിവ സജ്ജമാക്കാൻ കേന്ദ്രാവിഷ്‌കൃത പദ്ധതികളായ പ്രസാദ് പദ്ധതിക്ക് 28 കോടി രൂപയും അമൃത് പദ്ധതിക്ക് 20 കോടിയും അനുവദിച്ചു. ഇതിന്റെ നിർമ്മാണവും ആരംഭിച്ചു. മുൻ എൽഡിഎഫ് ഭരണകാലത്ത് കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെ ഗുരുവായൂർ ആനത്താവള വികസനത്തിന് മൂന്നു കോടി അനുവദിച്ചിരുന്നു.

ക്ഷേത്രത്തിന്റെ ഓഡിറ്റ് നടത്തുന്നത് ഗവ. ഓഡിറ്റ് വിഭാഗമാണ്. ഇവർക്ക് ശമ്പളം നൽകിയ ഇനത്തിൽ ദേവസ്വം സർക്കാരിന് അഞ്ചു കോടി കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഗുരുവായൂർ ദേവസ്വത്തിനു കീഴിലുള്ള ശ്രീകൃഷ്ണ കോളേജ് സ്റ്റാഫിന് 40 ലക്ഷം രൂപയും ശ്രീകൃഷ്ണ ഹൈസ്‌കൂൾ സ്റ്റാഫിന് 25.47 ലക്ഷം രൂപയും ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റാഫിന് 17.6 ലക്ഷം രൂപയും സർക്കാർ പ്രതിമാസം ശമ്പളമായി നൽകുന്നു.