ഗുരുവായൂർ അമ്പലത്തിലെ ആനകളെ രക്ഷിക്കാൻ ബ്രിട്ടനിലെ മാദ്ധ്യമ പ്രവർത്തകയും സംഘവും കേരളത്തിൽ; 20 വർഷമായി ചങ്ങലക്കിട്ട് നിർത്തിയിരിക്കുന്നു എന്ന് ആരോപിച്ച് പാശ്ചാത്യമാദ്ധ്യമങ്ങളിൽ വാർത്തകൾ

ലണ്ടൻ: ആനപ്രേമികളുടെ നാടാണ് കേരളം. അതങ്ങനെ അല്ലെന്ന വരുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണോ നടക്കുന്നത്? ആനകളെ സംരക്ഷിക്കാനുള്ള ഗുരുവായൂർ ക്ഷേത്രത്തിന്റെ ആനത്താവളം മൃഗപീഡനത്തിന്റെ കേന്ദ്രമാണോ? അങ്ങനെ എന്ന തരത്തിലാണ് പശ്ചാത്യമാദ്ധ്യമങ്ങളിൽ വാർത്തകൾ എത്തുന്നത്. കേരളത്തിന്റെ ആനസ്‌നേഹത്തെ തള്ളപ്പറയുന്ന തരത്തിലെ വാർത്തകൾ

ആനകളെ ക്ഷേത്ര ചടങ്ങുകൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ സമീപകാലത്തായി സജീവമായ ചർച്ചാവിഷമാണല്ലോ..? ക്ഷേത്ര ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും ആനകൾ അനിവാര്യമാണെന്നും അത് വിശ്വാസപരമായ പ്രശ്‌നമാണെന്നും അതിൽ ജന്തുസ്‌നേഹികൾ അനാവശ്യമായി കൈ കടത്തരുതെന്നുമാണ് വിശ്വാസികളും ഉത്സവപ്രേമികളും വാദിക്കുന്നത്. എന്നാൽ ആനകളെ ക്ഷേത്ര ചടങ്ങുകൾക്ക് എഴുന്നളിക്കണമെന്ന നിബന്ധന ഒരൊറ്റ പൗരാണിക ഗ്രന്ഥത്തിലും ഇല്ലെന്നും അതിനാൽ ക്രൂരമായ ഈ വിനോദം എന്നെന്നേക്കുമായി ഒഴിവാക്കണമെന്നുമാണ് മൃഗസ്‌നേഹികൾ വാദിക്കുന്നത്.

ആനകളെ എഴുന്നള്ളിക്കുമ്പോൾ അവയ്ക്ക് വേണ്ടത്ര വെള്ളമോ ഭക്ഷണമോ വിശ്രമമോ നൽകാതെ അവയെ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങൾ സമീപകാലത്തായി റിപ്പോർട്ട് ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട്. ഇത്തരം പീഡനങ്ങളുടെ ഫലമായി ചില ആനകൾ ചരിഞ്ഞതിന്റെയും നിത്യദുരിതത്തിൽ കഴിയുന്നതിന്റെയും റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ആനകളെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്നത് ഇപ്പോഴും തുടരുന്നുമുണ്ട്. ഇപ്പോഴിതാ പ്രശ്‌നത്തിൽ പുതിയൊരു വഴിത്തിരിവിന് തുടക്കമിട്ടു കൊണ്ട് ബ്രിട്ടീഷ് മാദ്ധ്യമങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.

അതായത് ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും അവയെ രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് ബ്രിട്ടനിലെ മാദ്ധ്യമ പ്രവർത്തകയും സംഘവും കേരളത്തിലെത്തിയിരിക്കുകയാണ്. ഇവിടുത്തെ ആനത്താവളത്തിൽ 20 വർഷമായി ചില ആനകളെ ചങ്ങലക്കിട്ട് നിർത്തിയിരിക്കുന്നു എന്ന് ആരോപിച്ച് ഡെയിലി മെയിൽ അടക്കമുള്ള പാശ്ചാത്യമാദ്ധ്യമങ്ങളിൽ വാർത്തകളും വന്നിരിക്കുകയാണ്. എന്നാൽ ഈ സംഭവത്തിന് വിദേശ മാദ്ധ്യമങ്ങൾ അനാവശ്യ പ്രാധാന്യം നൽകുകയാണെന്നും കാര്യങ്ങൾ ഊതി വീർപ്പിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും സൂചനയുണ്ട്. ഇതിലൂടെ അനാവശ്യമായ ആശങ്കകൾ അവർ സൃഷ്ടിക്കുകയുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഡെയിലി മെയിലിന്റെ പ്രത്യേക റിപ്പോർട്ടറായ ലിസ് ജോൺസും സംഘവുമാണ് ഇതു സംബന്ധിച്ച അന്വേഷണത്തിനായി ഗുരുവായൂർ ആനത്താവളത്തിലെത്തിയിരിക്കുന്നത്. ഇതിനെത്തുടർന്ന് ഡെയിലി മെയിലിൽ ഇതു സംബന്ധിച്ച സചിത്ര റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആനകളെ ഇവിടെ മരക്കാലുകളിൽ ചങ്ങലയ്ക്കിടുകയും ലോഹവടി കൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്യുന്നുവെന്നാണ് ലിസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആനകളെ ഇത്തരത്തിൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിന് എത്തിക്കുന്നതിന് മുമ്പ് അവയെ ട്രെയിനിങ് ക്യാംപുകളിൽ പരിശീലനത്തിന്റെ ഭാഗമായി ക്രൂരപീഡനത്തിന് ഇരയാക്കുന്നുവെന്നും അവർ ആരോപിക്കുന്നു. ഗുരുവായൂരിലെ ആനത്താവളമായ പുന്നത്തൂർ കോട്ടയിൽ 57 ഓളം ആനകളെ ഇത്തരത്തിൽ ക്രൂരപീഡനത്തിന് ഇരയാക്കുന്നുവെന്ന നിറം പിടിപ്പിച്ച വാർത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇവിടുത്തെ ചില ആനകളുടെ സ്ഥിതി ഇത്തരത്തിൽ പരിതാപകരമാണെങ്കിലും എല്ലാ ആനകളും ക്രൂരപീഡനത്തിന് ഇരയാകുന്നുവെന്നത് പെരുപ്പിച്ച വാർത്തയാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാൻ സാധിക്കും.

47 വയസുള്ള നന്ദൻ എന്ന ആനയെ ക്രൂര പീഡനത്തിന് ഇരയാക്കുന്നുവെന്ന് ലിസ് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്. അവന്റെ പിൻകാലുകൾ ഒരു മരക്കുറ്റിക്കും മുൻകാലുകൾ ഒരു മരത്തിനും ബന്ധിച്ചിരിക്കുന്നുവെന്നാണ് പറയുന്നത്. ചങ്ങലകളാൽ ഇത്തരത്തിൽ ബന്ധിപ്പിക്കപ്പെട്ടതിനാൽ ആനയ്ക്ക് കിടക്കാനോ എന്തിനേറെ ഭക്ഷണവും വെള്ളവും കുടിക്കാനോ പോലും സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആനയെ പീഡിപ്പിക്കാനായി ദേഹത്ത് സ്ഥിരം മുറിവ് നിലനിർത്തിയിട്ടുണ്ടെന്നും അതിൽ പാപ്പാന്മാർ കുത്തി നോവിപ്പിക്കുന്നുണ്ടെന്നും ലിസ് എഴുതിയിരിക്കുന്നു. നിരവധി കുടുംബങ്ങൾ ഇവിടെ ആനകളെ കാണാൻ എത്തുന്നുണ്ടെന്നും അവർ പറയുന്നു.

ലണ്ടൻ ലോയറായ ഡൻകൻ മാക്‌നയർ,പ്രഫസറും സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസ് ഇൻ കേരള തലവനുമായ ഡോ. നമീർ എന്നിവർക്കുമൊപ്പമാണ് ലിസ് ആനകളെ കാണാനെത്തിയത്.നോൺ ഗവൺമെന്റ് ഓർഗനൈസേഷനായ ദി ഏഷ്യൻ എലിഫന്റ്‌സ് (സേവ്) ന്റെ സ്ഥാപകനാണ് ഡൻകൻ മാക്‌നയർ. ഈ ആനയെ കഴിഞ്ഞ 20 വർഷങ്ങളായി ഇത്തരത്തിൽ ചങ്ങലയ്ക്കിട്ട് പീഡിപ്പിക്കുകയാണെന്നാണ് പ്രഫ. നമീർ പറയുന്നതെന്നാണ് ലിസ് വെളിപ്പെടുത്തിയിരിക്കുന്നത്.തൊട്ടടുത്തുള്ള ആനയായ പത്മനാഭനും നരകാവസ്ഥയിലാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

അതായത് ഈ ആനയുടെ പിൻകാലിന്റെ പരുക്കു കാരണം ഈ ആന മൂന്ന് കാലുകളിൽ കഷ്ടപ്പെട്ടാണ് നിൽ്ക്കുന്നതെന്നും ആന 35 വർഷമായി ക്ഷേത്രത്തിലുണ്ടെന്നും ലിസ് പറയുന്നു. ഇതിന്റെ എല്ലാ കാലുകളും ചങ്ങലയ്ക്കിട്ടിട്ടുണ്ടെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. 15 വർഷം മുമ്പാണ് പത്മനാഭന്റെ കാലിന് പരുക്കു പറ്റിയതെന്നും നമീർ തന്നോട് പറഞ്ഞതായി ലിസ് വെളിപ്പെടുത്തുന്നു. 15 വയസുള്ള ലക്ഷ്മി നാരായൻ എന്ന ആനയുടെ നരകയാതനയും ലിസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പരിശീലകനായ പാപ്പാൻ ഈ ആനയെ ക്രൂരമായി പീഡിപ്പിക്കുകയും സന്ദർശകരുടെ മുന്നിൽ വച്ച് ചീത്ത വിളിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

മറ്റൊരു ആനയായ വിനായകന്റെ ചെവിക്ക് മേൽ ഒരു വടി കുത്തി നിർത്തിയിട്ടുണ്ടെന്നും ലിസ് പറയുന്നു. ആനയുടെ കണ്ണ് ചീഞ്ഞിട്ടുണ്ടെന്നും പരിതാപകരമായ അവസ്ഥയിലുമാണെന്നും പറയപ്പെടുന്നു. അമ്പലത്തിന്റെ കവാടത്തിൽ ദേവി എന്ന ആനയെ 35 വർഷമായി ചങ്ങലയ്ക്കിട്ട് നിർത്തിയിട്ടുണ്ടെന്നും ലിസ് പറയുന്നു. ആനയെ ഉത്സവാഘോഷങ്ങളിൽ ഒരിക്കലും പങ്കെടുപ്പിക്കാറില്ലെന്നും പറയപ്പെടുന്നു. തൃശൂർപൂരത്തിന് 84 ആനകളെ എഴുന്നള്ളിക്കാറുണ്ടെന്നും ആ സന്ദർഭത്തിൽ അവയെ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും ലിസ് പറയുന്നു.

ആനകൾക്ക് പനമ്പട്ട മാത്രമാണ് നൽകുന്നതെന്നും 140 മുതൽ 200 ലിറ്റർ വരെ വെള്ളം ആനകൾക്ക് ദിവസം തോറും വേണമെന്നിരിക്കെ അഞ്ചു മുതൽ 10 ലിറ്റർ വരെ വെള്ളം മാത്രമാണിവയ്ക്ക് നൽകുന്നതെന്നും ലിസ് പറയുന്നു. പ്രഫ. നമീർ ഒരു വെസ്റ്റേൺ വെറ്റ് ആനകളെ ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിന് പെർമിഷൻ ലഭിച്ചില്ലെന്നും റിപ്പോർട്ടുണ്ട്. ഗുരുവായൂർ സന്ദർശിക്കുന്ന കുടുംബക്കാരിൽ ചിലർ ആനകളുടെ ദുരവസ്ഥയെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയതായും ലിസ് പറയുന്നു. ആനകളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ലിസ് കർണാടകയിലെ ആനത്താവളങ്ങളിലും സന്ദർശിച്ചിരുന്നു.