ന്യൂഡൽഹി: അതീവരഹസ്യമായിരിക്കേണ്ട വിവരം എങ്ങനെ പുറത്തുപോയി? ഗ്യാൻവാപി മസ്ജിദ് സർവേ വിവരങ്ങൾ ചോർന്നതിൽ ശക്തമായ നടപടിയുമായി വാരണാസി ജില്ലാ കോടതി. ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർ ഗ്യാൻവാപി മസ്ജിദിലെ കുളത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തി എന്നതുൾപ്പെടെ സർവെ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ഇതോടെ, ഉന്നത ഉദ്യോഗസ്ഥനായ അഭിഭാഷക കമ്മീഷണർ അജയ് മിശ്രയെ കോടതി പുറത്താക്കി. കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടുദിവസത്തെ സമയം അനുവദിക്കുകയും ചെയ്തു.

സർവെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിനാണ് മിശ്രയെ മാറ്റിയത്. അഭിഭാഷക കമ്മീഷനിൽ അംഗമായ മറ്റു രണ്ട് അഭിഭാഷകർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി രണ്ടുദിവസത്തെ സമയം കൂടി അനുവദിച്ചു. റിപ്പോർട്ട് തയ്യാറായിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നും കമ്മീഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സിവിൽ ജഡ്ജ് രവികുമാർ ദിവാകർ ആണ് കേസ് പരിഗണിച്ചത്. കൂടുതൽ സമയം ചോദിച്ച് സ്പെഷ്യൽ അഡ്വക്കേറ്റ് കമ്മീഷണർ വിശാൽ സിങ് ആണ് ബെഞ്ചിനെ സമീപിച്ചത്. ഗ്യാൻവാപി മസ്ജിദിൽ പുതിയ സർവെ നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരും അപേക്ഷ നൽകിയിരുന്നു. സർവേക്കെതിരെ സുപ്രീം കോടതിയിലും ഹർജി എത്തിയിട്ടുണ്ട്. സർവേ വിവരങ്ങൾ ചോർന്നതും കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.

ഗ്യാൻവാപി മസ്ജിദിലെ കുളത്തിൽ നിന്ന് ശിവലിംഗം കണ്ടെത്തി എന്നതുൾപ്പെടെ സർവെ വിവരങ്ങൾ പുറത്തായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹിന്ദു ഗ്രൂപ്പ് കോടതിയെ സമീപിക്കുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കോടതി, പ്രദേശം സീൽ ചെയ്യാൻ ഉത്തരവിട്ടിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദിന് എതിരെയാണ് ഹിന്ദുത്വ സംഘടനകൾ പരാതിയുമായി രംഗത്തെത്തിയത്. ഇതേത്തുടർന്ന് വാരണാസിയിലെ കോടതി, അഭിഭാഷക കമ്മീഷന്റെ മേൽനോട്ടത്തിൽ പള്ളിയിൽ വീഡിയോ സർവെ നടത്താൻ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയോട് നിർദ്ദേശിക്കുകയായിരുന്നു.

നിത്യപൂജയ്ക്ക് അവസരം തേടിയത് അഞ്ച് വീട്ടമ്മമാർ

2021ൽ ലക്ഷ്മി ദേവി, സീതാ സാഹു, മഞ്ജു വ്യാസ്, രേഖാ പഥക്, രാഖി സിങ് എന്നിവർ പള്ളിക്കുള്ളിൽ ക്ഷേത്രാവശിഷ്ടങ്ങൾ ഉണ്ടെന്നും നിത്യപൂജയ്ക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.

വാരണാസി സ്വദേശികളായ ലക്ഷ്മി ദേവി, സീതാ സാഹു, മഞ്ജു വ്യാസ്, രേഖാ പഥക് എന്നിവരാണ് 2021 ആഗസ്റ്റിൽ വിഷയത്തിൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. പിന്നീട് ഡൽഹി സ്വദേശിയായ രാഖി സിങും ഇവർക്കൊപ്പം ചേർന്നതോടെ ഹർജിക്കാരുടെ എണ്ണം അഞ്ചായി. വീട്ടമ്മമ്മാരെ കൊണ്ട ഹർജി ഫയൽ ചെയ്യിച്ചത് ഹിന്ദുത്വ സംഘടനയായ വിശ്വ വേദിക് സനാതൻ സംഘ് ആണെന്നാണ് റിപ്പോർട്ടുകൾ.

കേസിന്റെ മുഴുവൻ കാര്യങ്ങളും സംഘടനയാണ് നോക്കുന്നതെന്ന് ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

 

ആരാണ് ഹർജിക്കാരായ വീട്ടമ്മമാർ?

മുഖ്യഹർജിക്കാരി രാഖി സിങ്

ഡൽഹി സ്വദേശിയും 35കാരിയുമായ രാഖി സിങാണ് കേസിലെ മുഖ്യപ്രധാന ഹർജിക്കാരി. വിശ്വ വേദിക് സനാതൻ സംഘിന്റെ സ്ഥാപക അംഗമായ ഇവർ കോടതിയിൽ നടന്ന ഒരു വാദത്തിലും ഹാജരായിട്ടില്ല. ഹിന്ദുത്വ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന ഒരു സാമൂഹിക പ്രവർത്തകയാണ് രാഖിയെന്ന് സംഘടനയുടെ യു.പി കൺവീനർ സന്തോഷ് സിങ് പറയുന്നു. മാ ശൃംഗർ ഗൗരി ദേവിയുടെ ആരാധികയായ രാഖി ഒന്നിലധികം തവണ വാരണാസി സന്ദർശിച്ചിട്ടുണ്ടെന്നും കേസ് നടത്താൻ എന്തുകൊണ്ടും യോഗ്യയാണെന്നും കൺവീനർ പറയുന്നു.

ലക്ഷ്മി ദേവി

ഹിന്ദുത്വ സംഘടനകളുടെ ഒരു പ്രവർത്തനങ്ങളിലും ഭാഗമാകാതിരുന്ന സാധാരണ വീട്ടമ്മയാണ് 65കാരിയായ ലക്ഷ്മി ദേവിയെന്ന് ഭർത്താവും വി.എച്ച്.പി വാരണാസി മഹാനഗർ വൈസ് പ്രസിഡന്റുമായ സോഹൻ ലാൽ ആര്യ പറയുന്നു. ഭാര്യ വീട്ടിന് പുറത്ത് പോകാറില്ലെന്നും അതിനാലാണ് പകരക്കാരനായി താൻ കോടതിയിൽ ഹാജരാകാറുള്ളതെന്നും സോഹൻ ലാൽ വ്യക്തമാക്കുന്നു. 1985ൽ ഗ്യാൻവാപി വിഷയം ഉയർത്തി സോഹൻ ലാലാണ് വാരണാസി കോടതിയിൽ ആദ്യ ഹർജി സമർപ്പിച്ചത്. വാരണാസിയിലെ മഹമൂർഗഞ്ച് ഏരിയയിലാണ് ദമ്പതികൾ താമസിക്കുന്നത്.

സീത സാഹു

വാരണാസിയിലെ ചേത്ഗഞ്ച് ഏരിയയിൽ താമസിക്കുന്ന 40കാരിയായ സീത സാഹുവിനും വിശ്വ വേദിക് സനാതൻ സംഘവുമായോ മറ്റേതെങ്കിലും ഹിന്ദുത്വ സംഘടനകളുമായോ ബന്ധമില്ല. ഹിന്ദു മതത്തിന് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും ദേവിയെ ക്ഷേത്രത്തിൽ ശരിയായി പ്രാർത്ഥിക്കാൻ അനുവദിക്കാത്തതിനാലാണ് താൻ ഹർജി സമർപ്പിച്ചതെന്നും സീത സാഹു പറയുന്നു.

മഞ്ജു വ്യാസ്

സ്വന്തമായി ബ്യൂട്ടിപാർലർ നടത്തുന്ന 49കാരിയായ മഞ്ജു വ്യാസും ഏതെങ്കിലും സംഘടനയുടെ ഭാരവാഹിയോ അംഗമോ അല്ല. ശൃംഗർ ഗൗരി സ്ഥലത്ത് പ്രാർത്ഥിക്കാനാണ് തനിക്കിഷ്ടമെന്നും അതിന് വേണ്ടി പ്രവർത്തിക്കുമെന്നും മഞ്ജു വ്യക്തമാക്കുന്നു.

രേഖാ പഥക്

കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയത്തിന്റെ പരിസരത്തെ ഹനുമാൻ പഥകിലുള്ള 35കാരിയായ വീട്ടമ്മയാണ് രേഖാ പഥക്. തന്റെ ദേവിക്ക് വേണ്ടിയാണ് ഹരജിയുടെ ഭാഗമായതെന്നും ക്ഷേത്രത്തിലെ ഒരു സത് സംഗിനിടെയാണ് ഹർജി ഫയൽ ചെയ്യാനുള്ള തീരുമാനമെടുത്തതെന്നും രേഖാ പറയുന്നു.

2018ൽ ഹിന്ദുത്വ ആശയങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച വിശ്വ വേദിക് സനാതൻ സംഘ് എന്ന സംഘടന ഉത്തർപ്രദേശിലെ ഗോണ്ട ജില്ല ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ന്യൂഡൽഹി അടക്കം രാജ്യത്തെ നിരവധി സ്ഥലങ്ങളിൽ സംഘടനക്ക് ശാഖകളുണ്ട്.

ഡൽഹിയിലെ കുത്തബ് മിനാറിന്റെ പേര് വിഷ്ണുസ്തംഭമെന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചതും ഈ സംഘടനയായിരുന്നു. കുത്തബ് മിനാറിന്റെ സമീപത്ത് ഹനുമാൻ ചാലിസ ചൊല്ലിയ ഇതേ സംഘടനയാണ് കൃഷ്ണ ജന്മസ്ഥാനവുമായി ബന്ധപ്പെട്ട് മുസ്ലിംപള്ളിക്കെതിരെ മഥുര കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.