കോയമ്പത്തൂർ: ഷെഫിൻ ജഹാനുമായുള്ള വിവാഹം നിയമപരമെന്ന് സുപ്രീം കോടതി വിധിച്ചതോടെ ഹാദിയ കുടുംബ ജീവിതത്തിലേക്ക്. കോളജിൽ നിന്ന് അവധിയെടുത്ത ഹാദിയ ഭർത്താവ് ഷെഫിൻ ജഹാനൊപ്പം കേരളത്തിലേക്ക് മടങ്ങി. കോളേജിൽനിന്ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഭർത്താവ് ഷഫീൻജഹാനൊപ്പം ഹാദിയ മലപ്പുറത്തേക്ക് തിരിച്ചത്. വ്യാഴാഴ്ചയാണ് സുപ്രീംകോടതി ഷഫീൻജഹാനുമായുള്ള ഹാദിയയുടെ വിവാഹം സാധുവാണെന്ന് വിധിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ഹാദിയ പഠിക്കുന്ന സേലം ശിവരാജ് ഹോമിയോപതി മെഡിക്കൽ കോളജിൽ ഷെഫിനെത്തിയത്. മൂന്നു ദിവസത്തെ അവധി ലഭിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടെ ഇരുവരും മലപ്പുറത്തേക്ക് തിരിച്ചു. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. കോടതിവിധിയുടെ പശ്ചാതലത്തിൽ ഹാദിയക്ക് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിക്കുമെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു. കോടതിവിധിയിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ഹാദിയ പറഞ്ഞു. നീതിക്കുവേണ്ടി ഒപ്പം നിന്നവരോട് നന്ദിയുണ്ട്. തീവ്രവാദബന്ധ ആരോപണത്തിന് വിധേയനായ ശഫിൻ ജഹാൻ നിരപരാധിയെന്ന് തെളിയുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. പഠനം പൂർത്തിയാക്കി കൊല്ലത്ത് താമസിക്കാനാണ് തീരുമാനം.

മാതാപിതാക്കൾ ചില കേന്ദ്രങ്ങളുടെ ഉപകരണങ്ങളായി വർത്തിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഷെഫിൻ ജഹാനെ മരുമകനായി അംഗീകരിക്കുകയാണ് വേണ്ടത്. അവധി കഴിഞ്ഞ് വീണ്ടും കോളജിലെത്തി പഠനം പൂർത്തിയാക്കുമെന്നും ഹാദിയ വ്യക്തമാക്കി. 11 മാസത്തെ ഇൻേറൺഷിപ് ഈ വർഷാവസാനത്തോടെ പൂർത്തിയാവും. 'അഖില അശോകൻ' എന്ന പേരിലാണ് ഹാദിയ പഠനം തുടരുന്നതെന്നും പേരു മാറ്റണമെങ്കിൽ നിയമപരമായ കടമ്പകൾ കടക്കേണ്ടതുണ്ടെന്നും പ്രിൻസിപ്പൽ ജി. കണ്ണൻ പറഞ്ഞു.

നവംബർ 22-ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് കോളേജിൽ ബാച്ചിലർ ഇൻ ഹോമിയോപ്പതി മെഡിസിൻ ആൻഡ് സർജറി (ബി.എച്ച്.എം.എസ്.) കോഴ്സ് മുഴുമിപ്പിക്കുന്നതിനുള്ള ഇന്റേൺഷിപ്പ് പൂർത്തിയാക്കി വരികയായിരുന്നു ഹാദിയ. കോളേജ് പ്രിൻസിപ്പലിന്റെ നിരീക്ഷണത്തിൽ സേലത്ത് കോളേജ് ഹോസ്റ്റലിലാണ് താമസിച്ചത്. കോടതിവിധിയോടെ ഭർത്താവിനൊപ്പം പോകാൻ അവസരം ഒരുങ്ങുകയായിരുന്നു. ഇത് അനുസരിച്ചാണ് മലപ്പുറത്ത് എത്തിയത്. ഹാദിയയുടെ അച്ഛനും അമ്മയും വൈക്കത്താണുള്ളത്. ഈ വിട്ടിൽ ഇപ്പോൾ ആളനക്കം പോലുമില്ല.

ഷെഫിൻ ജഹാന്റെ ഹർജിയിലാണ് സുപ്രീം കോടതി വിവാഹം ശരിവച്ചത്. ഷെഫിൻ ജഹാനുമായുള്ള വിവാഹം ശരിവച്ച സുപ്രീം കോടതി ഹാദിയക്ക് മതപഠനം തുടരാമെന്നും വ്യക്തമാക്കിയിരുന്നു. വിവാഹം ശരിവച്ചുവെങ്കിലും എൻ.ഐ.എ അന്വേഷണത്തിലോ മറ്റ് കേസിലോ സുപ്രീം കോടതി ഇടപെടില്ല. ഷെഫിൻ ജഹാനെതിരായ എൻ.ഐ.എ അന്വേഷണം തുടരാം. ഹേബിയസ് കോർപസ് ഹർജി സ്വീകരിച്ച് വിവാഹം റദ്ദാക്കിയ നടപടി ശരിയല്ല. ഹൈക്കോടതി വിവാഹം റദ്ദാക്കിയ സാഹചര്യം നിലനിൽക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.