തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. മോദിയുടെ ആലിംഗന തന്ത്രം പരാജയപ്പെട്ടെന്നും കൂടുതൽ ആലിംഗനങ്ങൾ അടിയന്തരമായി വേണമെന്നുമാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫിസ് സെയിദിനെ പാക്കിസ്ഥാൻ കോടതി വീട്ടുതടങ്കലിൽ നിന്നും മോചിപ്പിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് ഉപാധ്യക്ഷ്യൻ രാഹുൽ ഗാന്ധി രംഗത്ത് വന്നത്.

നരേന്ദ്രഭായി എനിക്കൊന്നും മനസിലാകുന്നില്ല. ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ സ്വതന്ത്രനായിരിക്കുന്നു. പാക്ക് സൈന്യത്തിന് ലഷ്‌കറെ തൊയ്ബയുടെ സഹായം ലഭിക്കുന്നത് ട്രംപ് വേർപെടുത്തിയിരി്കുകയാണ്. ആലിംഗന തന്ത്രം പരാജയപ്പെട്ടിരിക്കുന്നു. കൂടുതൽ ആലിംഗനം അടിയന്തരമായി ആവശ്യമാണ്, എന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.

ട്രംപുമായി കൂടുതൽ അടുക്കുന്നത് പാക്കിസ്ഥാനുമായുള്ള ബന്ധം വഷളാക്കുന്നുവെന്നാണ് ഹാഫിസിന്റ മോചനം കൊണ്ട് വ്യക്തമാകുന്നതെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. 297 ദിവസമായി വീട്ടുതടങ്കലിൽ കഴിഞ്ഞ ഹാഫിസിനെ മുംബൈ ഭീകരാക്രമണത്തിന്റെ ഒൻപതാംവാർഷികത്തിന് തൊട്ട്മുന്നെയാണ് മോചിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.