ലഹോർ : ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കിന് മറുപടി നൽകാൻ പാക്കിസ്ഥാൻ സൈന്യത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. അതിർത്തിയിലെ വെടിയുതിർക്കലിലും നഷ്ടം പാക്കിസ്ഥാന് തന്നെ. ഇതോടെ പാക്കിസ്ഥാനിലെ ഭീകരവാദികൾ പ്രതികാരത്തിന് ഒരുങ്ങുകയാണ്. പാക്ക് സൈന്യത്തിന് കഴിയാത്തത് തങ്ങൾ ചെയ്യുമെന്നാണ് വെല്ലുവിളി.

പാക്ക് അധീന കശ്മീരിൽ നിയന്ത്രണരേഖ കടന്നുചെന്ന് ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് മറുപടിയായി ഭീകരർ നടത്തുന്ന മിന്നലാക്രമണം പ്രതീക്ഷിച്ചിരിക്കാൻ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി കുപ്രസിദ്ധ ഭീകരനും ജമാഅത്ത് ഉദ്ദവ തലവനും മുംബൈ ഭീകരാക്രണമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദാണ്. എക്കാലവും ഓർത്തിരിക്കാൻ പാകത്തിലുള്ള ഒരു മിന്നലാക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കുക എന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തിയത്.

തനിക്ക് ചെയ്യാനുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തു കഴിഞ്ഞു. ഇന്ത്യയിൽ മിന്നലാക്രമണം സംഘടിപ്പിക്കാനുള്ള കശ്മീരി മുജാഹിദീനുകളുടെ ഊഴമാണ് അടുത്തത് പാക്ക് അധീന കശ്മീരിലെ മിർപൂരിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ഹാഫിസ് സയീദ് പറഞ്ഞു. ജിഹാദി വിളികളുമായാണ് അണികൾ പ്രസംഗത്തെ സ്വീകരിച്ചത്. പാക്ക് സൈന്യത്തിന് ഇന്ത്യയെ നേരിടാനുള്ള ശേഷിക്കുറവുണ്ടെന്ന സംശയം പ്രകടിപ്പിക്കലായും ഇതിനെ വിലയിരുത്തുന്നവരുണ്ട്. കുപ്രസിദ്ധ ഭീകര സംഘടനയായ ലഷ്‌കറെ തായിബയുടെ സ്ഥാപകനേതാവു കൂടിയാണ് ഹാഫിസ് സയീദ്.

എക്കാലവും ഓർത്തിരിക്കാൻ പാകത്തിലുള്ള മിന്നലാക്രമണമായിരിക്കും മുജാഹിദീനുകൾ നടത്തുക. ലോകം പോലും ഇതുവരെ അംഗീകരിക്കാത്ത ഇന്ത്യയുടെ മിന്നലാക്രമണം പോലെയായിരിക്കില്ല അതെന്നും ഹാഫിസ് സയീദ് മുന്നറിയിപ്പ് നൽകി. കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ തണുത്ത നിലപാട് പുലർത്തുന്നുവെന്ന് ആരോപിച്ച് നവാസ് ഷരീഫ് സർക്കാരിനെതിരെ കടുത്ത വിമർശനമുയർത്തി ഹാഫിസ് സയീദ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കശ്മീർ താഴ്‌വരയിലെ ജനങ്ങൾക്ക് പാക്ക് സർക്കാർ സമ്പൂർണ പ്രായോഗിക പിന്തുണ നൽകേണ്ട സമയമാണിതെന്നും ഹാഫിസ് സയീദ് അഭിപ്രായപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബർ അവസാനം ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തൊട്ടുപിന്നാലെ പാക്ക് സൈന്യത്തിന്റെ തിരിച്ചടി പ്രതീക്ഷിച്ചിരിക്കാൻ ഹാഫിസ് സയീദ് മോദി സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. പാക്ക് സൈന്യത്തിന്റെ പേരിൽ പ്രസ്താവന നടത്തിയതിന് ഹാഫിസ് സയീദിനെതിരെ പാക്കിസ്ഥാനിലെങ്ങും വിമർശനവും ഉയർന്നിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് ഇന്ത്യയിൽ ഭീകരാക്രമണം നടത്തുമെന്ന പുതിയ പ്രഖ്യാപനം.