ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ജമാഅത്തുദ്ദവ മേധാവി ഹാഫിസ് സയിദിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കാൻ പാക്കിസ്ഥാൻ കോടതി ഉത്തരവിട്ടു.പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യൽ റിവ്യൂ ബോർഡാണ് ഉത്തരവിട്ടത്.ജനുവരി 31 മുതൽ സയീദും നാലു കൂട്ടാളികളും വീട്ടുതടങ്കലിലാണ്.

ജമാഅത്തുദ്ദവയെ വിദേശ ഭീകരസംഘടനായി പ്രഖ്യാപിച്ച അമേരിക്കയുടെ സമ്മർദത്തെ തുടർന്നാണു സയീദിനെ വീട്ടുതടങ്കലിലാക്കിയത്. മുംബൈ ആക്രമണത്തിലുള്ള പങ്കാളിത്തം വ്യക്തമായതിനെ തുടർന്ന് ഇയാളുടെ തലയ്ക്ക് യുഎസ് ഒരുകോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഹാഫിസ് സയീദിന്റെ വീട്ടുതടങ്കൽ മൂന്നു മാസത്തേക്കു കൂടി ദീർഘിപ്പിക്കാനുള്ള പാക്ക് സർക്കാരിന്റെ ഹർജി തള്ളിക്കൊണ്ടാണ് സയീദിനെ വിട്ടയയ്ക്കാൻ ജുഡീഷ്യൽ റിവ്യൂ ബോർഡ് ഉത്തരവിട്ടത്. മറ്റു കേസുകളിൽ കുറ്റക്കാരനല്ലെങ്കിൽ വിട്ടയയ്ക്കാൻ നിർദ്ദേശം നൽകിയതായി ബോർഡ് വ്യക്തമാക്കി. സയീദിനൊപ്പം വീട്ടുതടങ്കലിലാക്കിയിരുന്ന നാലു കൂട്ടാളികളെ ഒക്ടോബർ അവസാനത്തോടെ വിട്ടയച്ചിരുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കൂടിയായ സയീദിനെയും അബ്ദുല്ല ഉബൈദ്, മാലിക് സഫർ ഇക്‌ബാൽ, അബ്ദുൽ റഹ്മാൻ ആബിദ്, ഖാസി ഖാഷിഫ് ഹുസൈൻ എന്നിവരെയും ജനുവരി 31നാണ് 90 ദിവസത്തെ വീട്ടുതടങ്കലിലാക്കിയത്. അതിനുശേഷം ഇതുവരെ ഇവർ തടങ്കലിലായിരുന്നു.