കാശ്മീരിൽ സ്ത്രീകളുടെ മുഖത്ത് സ്്രേപ അടിച്ച് മുടി മുറിച്ച് കടന്ന് കളയുന്ന ആക്രമം വ്യാപകമാകുന്നുവെന്ന് റിപ്പോർട്ട്. ഇതിനെ തുടർന്ന് കുറഞ്ഞ ദിവസത്തിനുള്ളിൽ നൂറോളം കാശ്മീരികൾക്കാണ് മുടി നഷ്ടമായിരിക്കുന്നത്. ഇതിൽ കുപിതരായ ജനക്കൂട്ടം ഇതിന് ഉത്തരവാദിയെന്ന തെറ്റിദ്ധാരണയിൽ നിരപരാധിയായ വയോധികനെ തല്ലിക്കൊന്നുവെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ മുടി മുറിച്ച് കടന്ന് കളയുന്ന യഥാർത്ഥ കുറ്റവാളി ആര് എന്ന ചോദ്യം ശക്തമാകുന്നുമുണ്ട്. ഇതിനിടെ മാനസിക രോഗമുള്ള ഒരാളെ ഒരു പറ്റംആളുകൾ കുറ്റവാളിയെന്ന് സംശയിച്ചതിന്റെ പേരിൽ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിക്കുകയും പൊലീസ് അയാളെ രക്ഷിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ ഒരാളെ കല്ലെറിഞ്ഞ് കൊല്ലാൻ ഒരു പറ്റം പേർ ശ്രമിച്ചതിനെ തുടർന്ന് ഇരയെ രക്ഷിക്കാനായി സൈന്യം വെടിവച്ചതിനെ തുടർന്ന് അഞ്ച് പേർക്ക് മുറിവേറ്റിരുന്നു. ഇത്തരത്തിൽ സ്‌പ്രേപ്രയോഗം ഏറ്റ് മുടി മുറിച്ചെടുക്കലിന് വിധേയരായവരിൽ പെടുന്ന ഒരാളാണ് തസ്ലീമ. ശ്രീനഗറിലെ ബാറ്റമാളൂ പ്രദേശത്തെ യുവതിക്ക് ഈ സ്ത്രീക്ക് പ്രസ്തുത ആക്രമണത്തിന്റെ ഞെട്ടലിൽ നിന്നും ഇനിയും മോചനം നേടാൻ സാധിച്ചിട്ടില്ല. മുടിമുറിച്ച പ്രതിയെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട മാനസിക രോഗമുള്ള ആളെ ജനക്കൂട്ടം ജീവനോടെ കത്തിക്കാനും അയാൾക്ക് മുകളിലൂടെ ട്രാക്ടറോടിക്കാനും ശ്രമിക്കുന്നതിനിടെയാണ് പൊലീസ് രക്ഷകരായെത്തിയത്. ഈ ശ്രമത്തിനിടയിൽ കുറഞ്ഞത് ഒരു ഡസനോളം പൊലീസുകാർക്കും പട്ടാളക്കാർക്കും തല്ല് കിട്ടിയിരുന്നു.

കുറ്റവാളിയെ കണ്ടെത്തുന്നവർക്ക് ആറ് ലക്ഷം രൂപയാണ് പൊലീസ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീരിൽ സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ ശിരോവസ്ത്രത്തിനുള്ളിൽ മുടി പൊതിഞ്ഞ് വയ്ക്കാറുണ്ട്. എന്നിട്ടും ആക്രമി ഇവ എളുപ്പത്തിൽ മുറിച്ചെടുത്ത് കടന്ന് കളയുകയാണ് ചെയ്യുന്നത്. ആക്രമണം നടന്ന ഇടങ്ങളിൽ പൊലീസ് സൂക്ഷ്മമായ അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ വേണ്ടത്ര ദൃക്‌സാക്ഷികളോ തെളിവുകളോ ഇല്ലാത്തത് അന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതിൽ തടസം സൃഷ്ടിക്കുന്നുണ്ട്. താൻ സ്‌റ്റോറേജിൽ പച്ചക്കറികൾ വയ്ക്കാൻ പോകുമ്പോഴായിരുന്നു ആക്രമണത്തിന് വിധേയയായതെന്നാണ് തസ്ലീമ വെളിപ്പെടുത്തുന്നത്. തസ്ലീമയുടെ കരച്ചിൽ കേട്ട് ഭർത്താവ് മുഹമ്മദ് റൗഫ് വാനി ചെന്ന് നോക്കുമ്പോൾ തസ്ലീമ ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്.