മക്ക: മിനാ താഴ്‌വാരയോട് തീർത്ഥാടകർ കൂട്ടത്തോടെ യാത്ര ചൊല്ലിയതോടെ വിടവാങ്ങൽ ത്വവാഫിനെത്തിയവരെ കൊണ്ട് മക്കയും പരിസരവും വീർപുമുട്ടുന്നു. 20 ലക്ഷത്തോളം ഹാജിമാർ മസ്ജിദുൽ ഹറാമിൽ ഞായറാഴ്ച തന്നെ എത്തിയതായാണ് കണക്ക്.

കഅ്ബയെ വലംവെച്ച് ഹജ്ജിനോട് വിടപറയാനുള്ള തിരക്കാണിവിടെ. കൊടും വെയിലിലും ഹജ്ജിന്റെ അവസാന ദിവസമായ തിങ്കളാഴ്ച ഹറമിന് ചുറ്റും കവിഞ്ഞൊഴുകുകയാണ് തീർത്ഥാടക ലക്ഷങ്ങൾ.

ഇരുപത്തിമൂന്നര ലക്ഷം തീർത്ഥാടകർ പങ്കെടുത്ത ഹജ്ജ് പൂർണ വിജയമായെന്ന് മക്ക ഗവർണറും കേന്ദ്രഹജ്ജ് കമ്മിറ്റി അധ്യക്ഷനുമായ ഖാലിദ് അൽ ഫൈസൽ പറഞ്ഞു. മിനായിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണ തീർത്ഥാടകരുടെ എണ്ണം മുപ്പത് ശതമാനം വർധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് കണക്കിലെടുത്ത് മക്ക-മദീന സംയുക്ത പദ്ധതി നടപ്പിലാക്കും.

മലയാളികൾ ഉൾപെടെ ഭൂരിഭാഗം ഇന്ത്യൻ ഹാജിമാർ ഞായറാഴ്ച തന്നെ താമസസ്ഥലങ്ങളിൽ മടങ്ങിയെത്തി. ഇന്ന് കൈുന്നേരത്തോടെ മുഴുവൻ ഹാജിമാരും തമ്പുകളിൽ നിന്ന് തിരിച്ചുപോരും. സെപ്റ്റംബർ ആറ് മുതൽ ഇന്ത്യൻ ഹാജിമാരുടെ ഇന്ത്യയിലേക്കുള്ള തിരിച്ചു പോക്കിന് തുടക്കമാവും. മലയാളി തീർത്ഥാടകരുൾപെടുന്ന ഇന്ത്യൻ സംഘം പത്താം തിയതി തുടങ്ങും.