- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജ് വളണ്ടിയർ വിസയിൽ തട്ടിച്ചെടുത്തത് ലക്ഷങ്ങൾ; ചതിയിൽപ്പെട്ടത് ആയിരത്തോളം മലയാളികൾ; പൊലീസിനെ വെട്ടിച്ച് ഏജന്റുമാർ ബംഗലുരു വിട്ടു; ഒളിച്ചുകടന്നത് മുംബൈയിലേക്കെന്ന് അന്വേഷണ സംഘം
കോഴിക്കോട്: ഹജ്ജ് കർമ്മം തുടങ്ങാൻ എണ്ണപ്പെട്ട നാളുകൾ മാത്രം ശേഷിക്കവെ ഹജ്ജ് വളണ്ടിയർ വിസയിലൂടെ വിവിധ ഏജന്റുമാർ പിടുങ്ങിയത് ലക്ഷങ്ങൾ. പുണ്യനഗരിയിലെത്തുന്ന ഹജ്ജ് തീർത്ഥാടകരെ സഹായിക്കാനെന്ന വ്യാജേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറു കണക്കിന് ആളുകളിൽ നിന്നാണിവർ ലക്ഷങ്ങൾ തട്ടിയത്. ഒരാളിൽനിന്ന് ഇരുപതിനായിരം രൂപയും പാസ
കോഴിക്കോട്: ഹജ്ജ് കർമ്മം തുടങ്ങാൻ എണ്ണപ്പെട്ട നാളുകൾ മാത്രം ശേഷിക്കവെ ഹജ്ജ് വളണ്ടിയർ വിസയിലൂടെ വിവിധ ഏജന്റുമാർ പിടുങ്ങിയത് ലക്ഷങ്ങൾ. പുണ്യനഗരിയിലെത്തുന്ന ഹജ്ജ് തീർത്ഥാടകരെ സഹായിക്കാനെന്ന വ്യാജേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറു കണക്കിന് ആളുകളിൽ നിന്നാണിവർ ലക്ഷങ്ങൾ തട്ടിയത്.
ഒരാളിൽനിന്ന് ഇരുപതിനായിരം രൂപയും പാസ്‌പോർട്ടും വാങ്ങിയ സംഘം സന്നദ്ധസേവനത്തിനു ശേഷം മടങ്ങുമ്പോൾ 45,000 രൂപ പ്രതിഫലവും ഓഫർ ചെയ്തതായാണ് വിവരം. ചിലയിടങ്ങളിൽ മറ്റ് ഇടനിലക്കാർവശം പണം കൊടുത്തവർ ഇരുപതിനായിരത്തിൽ കൂടുതൽ തുക നൽകിയതായും പറയുന്നു. മക്ക, മദീന ഉൾപ്പെടെയുള്ള പുണ്യനഗരികൾ കാണാനും ഹജ്ജ് ചെയ്യാനും സാധിക്കുന്നതോടൊപ്പം സൗഊദിയിൽ മറ്റു ജോലികൾ ശരിപ്പെടുത്താൻ അവസരമുണ്ടായേക്കുമെന്നുവരെ തൊഴിൽരഹിതരായ ചില ചെറുപ്പക്കാർക്ക് പ്രതീക്ഷ നൽകുകയും ചെയ്തു. അപേക്ഷകരുടെ ബാഹുല്യം കാരണം പതിനായിരക്കണക്കിന് വിശ്വാസികൾക്കാണ് ഓരോ വർഷവും ഹജ്ജ് മോഹം സഫലമാവാതിരിക്കുന്നത്. അതിനാൽ തന്നെ, ലക്ഷങ്ങൾ മുടക്കി ഹജ്ജിന് പോകാൻ അവസരം ഇല്ലാത്ത വിശ്വാസികളിൽ പലരും വളണ്ടിയർ വിസ വഴി ചുരുങ്ങിയ ചെലവിൽ ഹജ്ജ് ചെയ്യാൻ അവസരം ലഭിക്കുമല്ലോ എന്നു കരുതി കൂടുതലൊന്നും ആലോചിക്കാതെ പണം നൽകുകയായിരുന്നുവത്രെ.
ഓഗസ്ത് 20നു ശേഷവും സെപ്റ്റംബർ ആദ്യത്തിലും മക്കയിലെത്തുംവിധം യാത്രാക്രമീകരണങ്ങൾ ഏർപ്പാടാക്കാനാണ് സംഘം നൽകിയ നിർദ്ദേശം. ഇതനുസരിച്ച് കുറേ പേരുടെ യാത്രാ തിയ്യതികളും സംഘം അറിയിച്ചു. വിസയും ടിക്കറ്റും പാസ്‌പോർട്ടും ലഭിക്കുന്ന അറിയിപ്പുകളുമുണ്ടായി. എന്നാൽ നിശ്ചിത സമയങ്ങളിൽ അവർ നിശ്ചയിച്ച സ്ഥലങ്ങളിൽ എത്തിയ അപേക്ഷകർക്കു സംഘത്തെ കാണാനോ ഫോണിൽ സംസാരിക്കാനോ പോലും സാധിക്കാതെ നിരാശരായി മടങ്ങേണ്ട സ്ഥിതിയാണുണ്ടായത്. തിരുവനന്തപുരത്തു നിന്ന് കൊളൊംബോ വഴി ജിദ്ദയിലേക്ക് യാത്ര തിരിക്കാനുള്ള വയനാട്ടിൽനിന്നുള്ള ആദ്യ സംഘത്തിന്റെ യാത്ര കഴിഞ്ഞദിവസം മുടങ്ങിയതോടൊയാണ് വഞ്ചന പുറത്തായത്. സംസ്ഥാനത്ത് ഇവ്വിധം ആയിരത്തോളം പേർ കബളിപ്പിക്കപ്പെട്ടതായാണ് സൂചന. ഇതിൽ ഏറ്റവും കൂടുതൽ പേർ വയനാട് ജില്ലയിലാണ്്.
പരിശുദ്ധമായ ഒരു ആരാധനാകർമം പോലും വിശ്വാസികളെ ചൂഷണം ചെയ്യാൻ ഉപയോഗപ്പെടുത്തിയ സംഘം മുംബൈയിലേക്കു കടന്നതായാണ് പൊലീസ് നിഗമനം. കോഴിക്കോട് ജില്ലയിലെ മുക്കം, തിരുവമ്പാടി സ്വദേശികളായ ചില വ്യക്തികളാണ് മലബാറിലെ തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പണവും രേഖകളും നൽകി വഞ്ചിക്കപ്പെട്ട ഒട്ടേറെ പേരുടെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അവയിൽ കേസെടുത്തു അന്വേഷണം നടന്നുവരികയാണെന്നും വയനാട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തട്ടിപ്പിൽ കുടുങ്ങിയ പലരും അഭിമാനപ്രശ്‌നം എന്ന നിലയ്ക്കു പരാതി നൽകാൻ മടിക്കുന്നതായും വിവരമുണ്ട്. ടവർ ലൊക്കേഷൻ വഴി തട്ടിപ്പ് സംഘാംഗങ്ങളിൽ ചിലർ മുംബൈയിലുണ്ടെന്നു കരുതുന്നു. ബാംഗ്ലൂർ ആസ്ഥാനമായുള്ള സംഘമാണ് മലയാളി ഏജന്റുമാരിലൂടെ വിശ്വാസികളെ സ്വാധീനിച്ചത്. പള്ളികളിലെ ഖത്തീബുമാർ, സംഘടനാ പ്രവർത്തകർ, പ്രദേശവാസികളായ ബന്ധുക്കൾ തുടങ്ങിയവർ മുഖേനയാണ് ഇവർ വിശ്വാസം ആർജിച്ചത്. ഹാജിമാർക്ക് സേവനം ചെയ്യാനും പുണ്യനഗരികൾ കാണാനുമുള്ള അവസരം എന്ന നിലയ്ക്കു ആവശ്യക്കാരെ കണ്ടെത്താൻ എളുപ്പം സാധിക്കുകയുംചെയ്തു.
വിവിധ ട്രാവൽ ഏജൻസികളുടെയും ഇടനിലക്കാരുടെയും കൈവശമാണ് പണവും പാസ്‌പോർട്ടും ഏൽപിച്ചത്. മലബാർ മേഖലയിലുള്ള ഇടനിലക്കാർ പ്രധാനമായും ജാബിർ എന്നയാളുടെ കൈവശമാണ് പാസ്‌പോർട്ടും പണവും നൽകിയത്. അൽതമീം എന്ന കമ്പനിയുടെ പേരിലാണ് പണം വാങ്ങിയത്. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ, വെള്ളമുണ്ട, മുട്ടിൽ, നാലാംമൈൽ, തരുവണ, പന്തിപ്പൊയിൽ, കമ്പളക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ തട്ടിപ്പിനിരയായ ഒട്ടേറെ പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി, ചാത്തമംഗലം, താമരശ്ശേരി, മലപ്പുറം ജില്ലയിലെ തിരൂർ, അരീക്കോട്, കണ്ണൂർ ജില്ലയിലെ തലശ്ശേരി, പാനൂർ എന്നിവിടങ്ങളിലെ ഏജന്റുമാരാണ് പണം കൈപ്പറ്റിയത്. വഞ്ചനക്കു പിന്നിൽ പ്രവർത്തിച്ച കരങ്ങളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.