- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാവിലെ ഉറക്കമുണർന്ന അയൽവാസികൾ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മനുഷ്യശരീരങ്ങൾ; ടെറസിനു മുകളിൽ കൈ താഴേക്കായി ചോരയിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്നു മറ്റൊരാൾ; പൂന്തോട്ടത്തിൽ ഒരു കറുത്ത പ്ലാസ്റ്റിക് കവറിൽ മൃതദേഹം പൊതിഞ്ഞു വച്ചിരിക്കുന്നു; പക്ഷേ പൊലീസ് എത്തിയപ്പോൾ എല്ലാം തമാശയായി; യുഎസിലെ ഡാലസിൽ സംഭവിച്ചത്
ടെക്സാസ്: അമേരിക്കയിലെ ടെക്സാസിലെ ഡാലസ് നിവാസികൾ ഒരു ഭീകര വാർത്ത കേട്ടുകൊണ്ടാണ് കഴിഞ്ഞ ദിവസം ഉറക്കം ഉണർന്നത്. നഗരപ്രാന്തത്തിൽ പ്രേതക്കോട്ടപോലെ ഒറ്റപ്പെട്ട് നിൽക്കുന്ന ആ വില്ലയിൽ കൂട്ടക്കൊലപാതകം നടന്നിരുന്നിക്കുന്നു. പലരും തലചുറ്റി വീഴത്തക്ക ഭയാനകമായിരുന്നു രംഗം. വീടിനു മുന്നിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന മനുഷ്യശരീരങ്ങൾ. വീടിന്റെ ടെറസിനു മുകളിൽ കൈ താഴേക്കായി ചോരയിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്നു മറ്റൊരാൾ. ഒരു കറുത്ത പ്ലാസ്റ്റിക് കവറിൽ ഒരു മൃതദേഹം പൊതിഞ്ഞു വച്ചിരിക്കുന്നു.
ടെക്സാസിലെ ഡാലസിലാണ് ഈ രംഗങ്ങൾ. പേടിപ്പെടുത്തുന്ന കാഴ്ച കണ്ട് ആളുകൾ പൊലീസിനെ വിളിച്ചുവരുത്തി. വിവരം അറിഞ്ഞ് കുറഞ്ഞസമയം കൊണ്ട് പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. എന്നാൽ, കാര്യങ്ങൾ വിശദമായി അന്വേഷിച്ചപ്പോഴാണ് ഈ 'ശവങ്ങളെ' കണ്ട് പേടിക്കേണ്ടതില്ലെന്ന് പൊലീസിന് മനസ്സിലായത്.
ഭയാനകമായ ഈ രംഗങ്ങൾ യാഥാർത്ഥ്യമാണെന്നാണ് അയൽവാസികൾ കരുതിയത്. ഇവർ വിളിച്ചു പറഞ്ഞതിനെ തുടർന്ന് ഡാലസിലെ സ്റ്റീവൻ നൊവാകിന്റെ വീട്ടിലേക്ക് നിരവധി തവണയാണ് പൊലീസ് എത്തിയത്. എന്നാൽ, ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായാണ് വീടിന്റെ മുൻവശം സ്റ്റീവൻ നൊവാക് അലങ്കരിച്ചത്. ഇത് അറിഞ്ഞതോടെ അലങ്കാരങ്ങൾ ഒക്കെ ഒന്ന് വിശദമായി കണ്ട് പൊലീസ് തിരിച്ചുപോയി.
ടെക്സാസിലെ ഡാലസിൽ നിന്നുള്ള പ്രശസ്തനായ കലാകാരനാണ് സ്റ്റീവൻ നൊവാക്. സുഹൃത്തുക്കളുടെ അഭ്യർത്ഥനയെ തുടർന്ന് കഴിഞ്ഞ ആറു വർഷമായി തന്റെ വീടിന്റെ മുൻഭാഗം അലങ്കരിക്കുന്നു. ആദ്യമൊക്കെ അലങ്കാരങ്ങൾ ആരംഭിച്ചത് പ്രേതങ്ങളും മൂടൽമഞ്ഞും ഒക്കെ ആയിട്ടായിരുന്നു. വീടിന്റെ മുൻവശത്തെ പൂന്തോട്ടത്തിൽ രക്തത്തിൽ കുളിച്ച് ചിതറിക്കിടന്നത് ഡമ്മികളായിരുന്നു. എന്നാൽ കണ്ടവരെല്ലാം യഥാർഥമാണെന്ന് കരുതി തരിച്ചു നിന്നു പോയി.
അതേസമയം, വീൽബാറോയിൽ നിറച്ചുവച്ച രക്തവും കൈകാലുകളുമാണ് തന്റെ സൃഷ്ടിയിൽ ഏറ്റവും കലാപരമെന്ന് സ്റ്റീവൻ പറയുന്നത്. അയൽക്കാരുടെ പരാതികളൊന്നും സ്റ്റീവൻ കാര്യമാക്കുന്നില്ല. അടുത്ത വർഷം ഇതിലും വലിയ സൃഷ്ടി നടത്തുമെന്നാണ് സ്റ്റീവൻ പറയുന്നത്.
അതായത് അമേരിക്കയിലും യൂറോപ്പിലും നടക്കുന്ന ഒരു ആഘോഷമാണിത്. പേര് ഹാലോവീൻ.ക്രിസ്തുമത വിശ്വാസം അനുസരിച്ച് സകല വിശുദ്ധരുടെയും തിരുനാളിന്റെ തലേദിവസം, അതായത് ഒക്ടോബർ 31ന് വൈകുന്നേരമാണ് ഹാലോവീൻ ആഘോഷങ്ങൾ. എന്നാൽ രണ്ടുദിവസം മുമ്പുതന്നെ നാട്ടുകാർക്ക് ഒരു സർപ്രൈസ് കൊടുക്കാനായിരുന്നു സ്റ്റീവന്റെ പരിപാടി.
വീടുകൾക്ക് മുമ്പിൽ അസ്ഥികൂടങ്ങൾ പോലെയുള്ള പേടിപ്പെടുത്തുന്ന രൂപങ്ങൾ വച്ചാണ് അലങ്കരിക്കുന്നത്. കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും ഇതിന്റെ ഭാഗമാണ്. ആദ്യകാലത്ത് പിശാചുക്കളെ ആട്ടിയോടിക്കാനുള്ള കർമ്മങ്ങൾ എന്ന രീതിയിലായിരുന്നു ഇത് അറിയപ്പെട്ടത്. എന്നാൽ കാലം പുരോഗമിച്ചതോടെ ഇതൊരു കോമഡി പരിപാടിപോലെ ആയി. ഗ്രാമങ്ങളിലെ ഈ ആഘോഷത്തിന് വലിയ ടൂറിസം സാധ്യതകളും ഉണ്ടായിരുന്നു. ഇന്ന് ഇപ്പോൾ കോവിഡ് കാലമായതിനാൽ എവിടെയും ഇത്തരം വ്യാപകമായ രീതിയിൽ നടക്കുന്നില്ല.
മറുനാടന് ഡെസ്ക്