കാട്ടാക്കട : കെ.എസ്.ആർ.ടി.സി ഡ്രൈവറെ മുളക് പൊടിവിതറി തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം മകനെ വിവാഹത്തിൽ നിന്നും പിൻതിരിപ്പിച്ചതിനെ തുടർന്ന് യുവതി നൽകിയ കൊട്ടേഷൻ. കേസിൽ ആറംഗ സംഘത്തെ പൊലീസ് പിടികൂടി.

വെഞ്ഞാറമൂട് കോലിയക്കോട് വേളാവൂർ നുസൈഫ മൻസിലിൽ അൻസർ (27) പിരപ്പൻകോട് ഹാപ്പിലാൻഡ് റോഡിൽ മാങ്കഴി ഏഞ്ചൽ ഭവനിൽ കോഴി ബിനു എന്ന ബിനു (32), കുടപ്പനക്കുന്ന് നാലാഞ്ചിറ കോളേജ് സ്റ്റോപ്പിൽ കഴക്കോട്ടുകോണം വീട്ടിൽ പ്രമോദ് (36) കേശവദാസപുരം കവടിയാർ എൻ എസ് പി നഗറിൽ വീട്ടുനമ്പർ 176 തെങ്ങുവിള വീട്ടിൽ കിച്ചു എന്ന ശബരി (25), കേശവദാസപുരം കവടിയാർ കെ.കെ.ആർ.എ നഗറിൽ അനീഷ് നിവാസിൽ അനീഷ് (25) ,കേശവദാസപുരം എൻ എസ് പി നഗറിൽ റഫീഖ് മൻസിലിൽ തൻസീർ (29) എന്നിവരടങ്ങുന്ന കൊട്ടേഷൻ സംഘത്തെയാണ് നെയ്യാർഡാം പൊലീസ് അറസ്‌റ് ചെയ്തത്. ഇവർ രണ്ടുമുതൽ ആറാം പ്രതിവരെയാണ്.

മുഖ്യപ്രതിയായ റംസി എന്ന യുവതി ഒളിവിലാണ് .ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്തൊൻപതാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ആര്യനാട് ഡിപ്പോയിലെ ഡ്രൈവറായ കോട്ടൂർ ചമതമൂട് സബൂറാ മൻസിലിൽ എം.ഷാഹുൽ ഹമീദിന് (52) നേരെ പുലർച്ചെ അഞ്ചരയോടെ കോട്ടൂർ ഉത്തരംകോട് സ്‌കൂളിനു സമീപം വച്ച് ആക്രമണമുണ്ടായത്. പുലർച്ചെ അഞ്ചു മുപ്പതിന് ഡ്യൂട്ടിക്ക് ബൈക്കിൽ പോകുകയായിരുന്ന ഷാഹുൽഹമീദിനെ മുളകു പൊടിയെറിഞ്ഞശേഷം ആക്രമിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിനു സമീപത്തു താമസിക്കുന്ന റംസി എന്ന യുവതിയുമായി ഷാഹുൽ ഹമീദിന്റെ മകൻ പ്രണയത്തിലായിരുന്നു. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതി ഇക്കാര്യം മറച്ചു വച്ചാണ് ഇയാളുമായി പ്രണയത്തിലായത്. എന്നാൽ യുവതി വിവാഹിതയാണ് എന്നറിഞ്ഞ ഷാഹുൽ ഹമീദ് മകനെ ആ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കുകയും മകനെ വിദേശത്തേയ്ക്ക് പറഞ്ഞു വിടാൻ ശ്രമിക്കുകയും ചെയ്തു.

ഇതിനെ തുടർന്ന് റംസി നാല്പതിനായിരം രൂപയ്ക്കു കൊലക്കേസ് പ്രതിയും ശ്രീകാര്യം സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിലും ഉൾപ്പെട്ട കൊടും ക്രിമിനലും ആയ ബിനുവിന് കേസിലെ രണ്ടാം പ്രതിയായ അൻസാറുമായി ചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നു. അതെ സമയം സംഭവം നടക്കുന്നതിന്റെ രണ്ടു ദിവസം മുൻപ് തന്നെ യുവതിയും മറ്റു പ്രതികളും ചേർന്ന് വീടും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചു.

കൂടുതൽ ആളുകൾ വേണമെന്നും ബാപ്പയ്ക്കും മകനും കടുത്ത അക്രമണം നൽകണമെന്നുള്ള യുവതിയുടെ നിർദേശത്തെ തുടർന്ന് ഗുണ്ടാ തലവനായ ബിനു ആറും ഏഴും പ്രതികളായ അനീഷ്, തൻസീർ എന്നിവരുടെ സഹായത്തോടെ യൂണിയൻ തൊഴിലാളികളും കൂലിത്തല്ലുകാരുമായ നാലും അഞ്ചും പ്രതികളായ പ്രമോദ്, ശബരി എന്നിവരെയും കൂട്ടി ബിനുവിന്റെ വാനിൽ കോട്ടൂർ എത്തുകയും വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് തടഞ്ഞു നിറുത്തി ഷാഹുൽ ഹമീദിന്റെ കണ്ണിൽ മുളക് പൊടി വിതറുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷാഹുൽഹമീദിനെ പിന്തുടർന്ന് തടി കഷ്ണം ഉപയോഗിച്ച് തലക്കടിക്കുകയും ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു .

ഷാഹുൽ ഹമീദിന്റെ നിലവിളികേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും പ്രതികൾ വാഹനത്തിൽ രക്ഷപ്പെട്ടു. ഷാഹുൽ ഹമീദ് നൽകിയ പരാതിയിൽ വാഹനത്തിന്റെ നമ്പർ ഉൾപ്പടെ ഉണ്ടായിരുന്നത് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിനിടെ മുഖ്യ പ്രതിയായ റംസി ഒളിവിൽ പോകുകയും ഹൈ കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. നെടുമങ്ങാട് ഡി.വൈ.എസ്‌പി ദിനിൽ, ആര്യനാട് സി ഐ അനിൽ കുമാർ,നെയ്യാർഡാം എസ് ഐ സതീഷ് കുമാർ,സി.പി.ഓ ഷിബു,അനിൽ, വനിതാ സി.പി.ഒ രമ്യ എന്നിവരുൾപ്പെട്ട സംഘമാണ് രാത്രി മറ്റൊരു ക്വട്ടേഷന് സഞ്ചരിച്ചു കൊണ്ടിരുന്ന പ്രതികളെ സാഹസികമായി പിടികൂടിയത്. റംസിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.