കൊച്ചി: വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയതോടെ സ്വർണക്കടത്തിന് 'അടിവസ്ത്ര'ങ്ങൾ കൈമാറുന്ന പുതിയ തന്ത്രങ്ങൾ പരീക്ഷിച്ച് സ്വർണക്കടത്ത് സംഘങ്ങൾ. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ടുവരുന്ന സ്വർണം വിമാനത്താവളത്തിലെ ശൗചാലയത്തിൽ വച്ച് അടിവസ്ത്രത്തോടെതന്നെ മറ്റൊരാൾക്ക് കൈമാറിയാണ് പുതിയ രീതി പരീക്ഷിക്കുന്നത്.

യാത്രക്കാരൻ ഒളിപ്പിച്ചു കൊണ്ടുവരുന്ന സ്വർണം വിമാനത്താവളത്തിലെ ശൗചാലയത്തിൽവെച്ച് അടിവസ്ത്രത്തോടെ മറ്റൊരാൾക്ക് കൈമാറുന്നു. ഇത് സ്വീകരിക്കുന്നയാൾ അടിവസ്ത്രംധരിച്ച് വിമാനത്താവളത്തിന് പുറത്തെത്തിക്കുകയും മറ്റൊരിടത്തുവെച്ച് ഇത് സ്വർണക്കടത്തു സംഘത്തിന് കൈമാറുകയും ചെയ്യുന്നതാണ് രീതി.

പിടിക്കപ്പെടാതിരിക്കാൻ വിമാനത്താവളത്തിലെ ജീവനക്കാരെ പണത്തിന്റെ പ്രലോഭനത്തിൽ കുടുക്കി ഒപ്പം നിർത്തിയാണ് പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്നുമാത്രം മൂന്നുമാസത്തിനിടെ ഈ രീതിയിൽ 48 കിലോഗ്രാം സ്വർണം കടത്തിയതായാണ് കണക്ക്.

വിദേശത്തുനിന്നും കുഴമ്പുരൂപത്തിലാക്കി സ്വർണം പൊതിഞ്ഞ് അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത് ഒളിപ്പിച്ചുകൊണ്ടുവരുന്ന രീതി മുമ്പേയുള്ളതാണ്. ഈ രീതിയിൽ കൊണ്ടുവരുന്ന സ്വർണം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടിക്കാൻ തുടങ്ങിയതോടെയാണ് തന്ത്രം മാറ്റി പരീക്ഷിക്കുന്നത്.

അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്തിന് സ്ത്രീകളും ഉൾപ്പെട്ടിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ദുബായിൽ നിന്നാണ് ചൊക്ലി സ്വദേശിയായ 35കാരി കടത്തിക്കൊണ്ടു വന്ന 949 ഗ്രാം സ്വർണം കഴിഞ്ഞ വർഷം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു.

അടിവസ്ത്രത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. ഇവർക്ക് ഒപ്പം രണ്ട് വയസായ കുട്ടിയും ഉണ്ടായിരുന്നു. കുട്ടികളുമായി യാത്ര ചെയ്യുന്ന സ്ത്രീകളെ സംശയിക്കില്ല എന്ന ധാരണയിലാണ് കള്ളക്കടത്ത് ശ്രമം.

സ്വർണക്കടത്ത് പിടികൂടാൻ കർശന പരിശോധനയുമായി അധികൃതർ മുന്നോട്ട് പോകുമ്പോൾ അതിനെ വെല്ലുന്ന ടെക്നിക്കുകളുമായാണ് സ്വർണക്കടുത്തുകാർ രംഗത്തെത്തുന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങളിലെ ഹുക്കുകളും കൊളുത്തുകളും ഒക്കെ സ്വർണത്തിലാക്കി സ്വർണക്കടത്ത് നടത്തിയെന്ന് കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഇത്തരമൊരു സ്വർണക്കടത്ത് പിടികൂടിയത്. 350 ഗ്രാം സ്വർണമാണ് ഇത്തരത്തിൽ കടത്തവെ പിടിച്ചെടുത്തത്. സ്ത്രീകളുടെ അടിവസ്ത്രത്തിലെ ഹുക്കുകളും ക്ലിപ്പുകളും ഒക്കെയായിട്ടായിരുന്നു സ്വർണക്കടത്ത്.

30 അടിവസസ്ത്രങ്ങളിലായി 30 ഹുക്കുകൾ, 50 ബക്കിളുകൾ, എഴ് സ്വർണ കമ്പികൾ എന്നിവയാണ് പിടിച്ചെടുത്തത്. ബക്കിളുകളിലും ഹുക്കുകളിലും ആദ്യം സ്വർണം പൂശും, പിന്നെ എതിന് മേൽ വെള്ളിയോ സ്റ്റീലോ പൂശും ഇങ്ങനെയാണ് സ്വർണക്കടത്ത്.

എക്സ്-റേ പരിശോധനയിൽ സംശയം തോന്നിയപ്പോഴാണ് അധികൃതർ ബാഗ് വിശദമായി പരിശോധിച്ചത്. ബാഗ് തുറന്നപ്പോൾ ഒരുപാട് അടിവസ്ത്രങ്ങൾ. ഇതെന്തിനെന്ന ചോദ്യത്തിന് ഇയാൾക്ക് ഉത്തരം ഉണ്ടായിരുന്നില്ല.